ജനപ്രിയ വാഹനങ്ങളായ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഹൈലക്‌സ് എന്നിവയുടെ ഡീസൽ മോഡലുകളുടെ ഇന്ത്യയിലെ വിതരണം താത്കാലികമായി നിർത്തി വെയ്ക്കാൻ നിർമാതാക്കളായ ടൊയോട്ട തീരുമാനിച്ചതായി റിപ്പോർട്ട്. ഈ മോഡലുകളിലെ ഡീസൽ എൻജിനുകളുടെ ഹോഴ്‌സ്പവർ ഔട്ട്പുട്ട് സർട്ടിഫിക്കേഷൻ ടെസ്റ്റിൽ പ്രശ്‌നം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഇതോടെ ഈ മൂന്ന് മോഡലുകളുടെ വിതരണം ടൊയോട്ട താത്കാലികമായി നിർത്തിവെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ടൊയോട്ട മോട്ടോർ കോർപ്പറേഷനുമായി ബന്ധപ്പെട്ട ടൊയോട്ട ഇൻഡസ്ട്രി കോർപ്പറേഷനാണ് വിതരണം നിർത്തിവെയ്ക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്.
അതേസമയം ഈ വാഹനങ്ങളുടെ എമിഷൻ, സുരക്ഷ എന്നിവ സംബന്ധിച്ച് പ്രശ്‌നങ്ങളൊന്നുമില്ലെന്നും മോഡലുകളുടെ ബുക്കിംഗ് സ്വീകരിക്കുന്നതു തുടരുമെന്നും കമ്പനി വ്യക്തമാക്കി.ഡീലർഷിപ്പുകളിലേക്ക് അയച്ചിട്ട് വിതരണം ചെയ്യാത്ത വാഹനങ്ങളുടെ കാര്യത്തിൽ ഉപയോക്താക്കൾക്ക് വിശദീകരണം നൽകും. നിലവിലുള്ള ഉടമകളുടെ വാഹനങ്ങളെ ഈ ക്രമക്കേടുകൾ ബാധിച്ചിട്ടില്ലെന്ന് ടൊയോട്ട ഉറപ്പുനൽകുകയും ചെയ്തു.