കോഴിക്കോട് പയ്യാനക്കലില്‍ അഞ്ചു വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊന്ന കേസില്‍ മാതാവിനെ വെറുതെ വിട്ടു. സാഹചര്യ തെളിവുകളുടെ അഭാവത്തിലാണ് കോഴിക്കോട് പോക്‌സോ കോടതിയുടെ വിധി.

ആവശ്യമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്ന് കോടതി വിലയിരുത്തി. പ്രോസിക്യൂഷന് കുറ്റകൃത്യം തെളിയിക്കാനായില്ല. 2021 ജൂലൈ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. മന്ത്രവാദിയുടെ നിര്‍ദ്ദേശ പ്രകാരം കുട്ടിയെ ഷോള് കൊണ്ട് ശ്വാസം മുട്ടിച്ചുകൊന്നുവെന്നായിരുന്നു കേസ്.

മൂത്തമകളുടെ മൊഴി മാതാവിന് എതിരായിരുന്നു. കൊലപാതകം അന്ധവിശ്വാസത്തെ തുടര്‍ന്നാണ് നടന്നതെന്നായിരുന്നു മൂത്ത മകളുടെ മൊഴി. മാതാവായ സമീറ തുണികൊണ്ട് കുട്ടിയുടെ വായയും മൂക്കുമെല്ലാം അമര്‍ത്തി പിടിക്കുന്നത് കണ്ടുവെന്നാണ് മൂത്തമകള്‍ മൊഴി നല്‍കിയിരുന്നത്.

സംഭവദിവസം പയ്യാനക്കലിലെ വീട്ടില്‍ ഈ മന്ത്രവാദി വന്നിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. കുട്ടിയുടെ മാതാവിന് മാനസികാസ്വസ്ഥ്യം ഉണ്ടായിരുന്നതായും പറയപ്പെടുന്നു. എന്നാല്‍ പോലീസിന്റെ വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതാണ് പ്രോസിക്യൂഷന്റെ പരാജയത്തിന് കാരണം.