വിഴിഞ്ഞത്ത് വരുന്നു ₹26,000 കോടിയുടെ വമ്പൻ ഹൈഡ്രജൻ പ്ലാന്റ്; നേരിട്ട് 5,000 പേർക്കും പരോക്ഷമായി 18,000 പേർക്കും തൊഴിൽ ലഭിച്ചേക്കും

റിന്യൂവബിൾ എനർജി കമ്പനിയായ റിന്യു (ReNew) കേരളത്തിൽ വഴിഞ്ഞം തുറമുഖത്തോട് ചേർന്ന് വൻകിട ഹൈഡ്രജൻ നിർമാണ പദ്ധതി ആരംഭിക്കുന്നു. 26,400 കോടി രൂപയാണ് മുതൽ മുടക്ക്. പ്രതിവർഷം 220 കിലോ ടൺ ഉത്പാദന ശേഷിയുള്ള പ്ലാന്റ് വഴി 1,100 കിലോ ടൺ അമോണിയയും ഉത്പാദിപ്പിക്കാനാകും. തുടക്കത്തിൽ പ്രതിവർഷം 100 കിലോടൺ ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കും. പിന്നീട് ഓരോ മൂന്നു വർഷത്തിലും 500 കിലോ ടൺ വീതം ഉത്പാദനശേഷി വർധിപ്പിക്കും. ഓരോ ഘട്ടത്തിന്റെയും പ്രവർത്തനങ്ങൾ 36 മുതൽ 42 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് എനർജി റിപ്പോർട്ട് ചെയ്തു.

പദ്ധതിയുടെ ഭാഗമായി 5,000 പേർക്ക് നേരിട്ടും നിർമാണവുമായി ബന്ധപ്പെട്ട് 18,000 പേർക്കും തൊഴിൽ ലഭിക്കും. ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ പ്രതിവർഷം 14,000 ദശലക്ഷം യൂണിറ്റ് വൈദ്യുതി വേണ്ടി വരും. ഇതിനായി 6 ജിഗാവാട്ട് ശേഷിയുള്ള സോളാർ പ്ലാന്റ് വിഴിഞ്ഞത്ത് നിർമിക്കും. കൂടാതെ 50 ദശലക്ഷം ലിറ്റർ വെള്ളവും പ്രതിദിനം ആവശ്യമായി വരും. അതിനായി സീവാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റും സ്ഥാപിക്കും. 26,400 കോടി രൂപ മുതൽ മുടക്ക് കൂടാതെയാണിത്.

സൂയസ് കനാൽ ഇക്കണോമിക് സോണിൽ ഗ്രീൻ ഹൈഡ്രജൻ പദ്ധതി സ്ഥാപിക്കാനായി ഈജിപ്തുമായി 2022 നവംബറിൽ റിന്യൂ കരാറിൽ ഏർപ്പെട്ടിരുന്നു. രാജ്യത്തെ നാഷണൽ ഗ്രീൻ ഹൈഡ്രജൻ ദൗത്യത്തിന്റെ ഭാഗമായാണ് പദ്ധതി. 2030 ഓടെ പ്രതിവർഷം 5 മെട്രിക് ടൺ ഗ്രീൻ ഹൈഡ്രജൻ ഉത്പാദനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ ഗ്രീൻ ഹൈഡ്രജന്റെയും അനുബന്ധ ഉത്പന്നങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിക്കുന്നു.

കാർബൺ ഇല്ലാതെ ഹൈഡ്രജൻ ഉണ്ടാക്കുന്നതിനെയാണ് ഗ്രീൻ ഹൈഡ്രജനെന്ന് പറയുന്നത്. ഒട്ടും തന്നെ മാലിന്യം പുറന്തള്ളാത്ത ഗ്രീൻ ഹൈഡ്രജൻ ഭാവിയുടെ ഇന്ധനമെന്നാണ് അറിയപ്പെടുന്നത്. വ്യവസായങ്ങളിലും ഗതാഗത, ഊർജ മേഖലകളിലും കാർബൺ മാലിന്യം കുറയ്ക്കാൻ ഫോസിൽ ഇന്ധനങ്ങൾക്ക് പകരം ഹൈഡ്രജൻ ഉപയോഗിക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments