ക്ലീനറായിരുന്ന CPIM ലോക്കല്‍ നേതാവിന് 20 കോടിയുടെ ആസ്തി; കായംകുളത്ത് സിപിഎമ്മില്‍ വീണ്ടും പോര്

ആലപ്പുഴ: സിപിഎം സംസ്ഥാന നേതൃത്വത്തിന് തലവേദന സൃഷ്ടിച്ച് വീണ്ടും കായംകുളത്ത് സിപിഎമ്മില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ സാമൂഹ്യമാധ്യമ പോര്. ഏരിയ നേതൃത്വത്തോടുള്ള എതിര്‍പ്പുമൂലം ആയിരത്തോളം പേര്‍ പാര്‍ട്ടിവിടുമെന്നാണ് ഒരു വിഭാഗം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കായംകുളത്തെ പ്രമുഖ നേതാവിന് വിവാദ കരിമണല്‍ കമ്പനിയുമായി ബന്ധമുണ്ടെന്നും ബസിലെ ക്ലീനറായി ജോലി ചെയ്തിരുന്ന നേതാവിന് ഇപ്പോള്‍ 20 കോടിയുടെ ആസ്തിയുണ്ടെന്നും കുറിപ്പില്‍ ആരോപിക്കുന്നു. പാര്‍ട്ടിക്കായി കേസില്‍പ്പെട്ടവരുടെ ജീവിതം വഴിമുട്ടിയെന്ന നിരാശയും ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവയ്ക്കുന്നു.

വിവാദ കരിമണല്‍ കമ്പനിയുമായി ബന്ധമുള്ള ഒരാള്‍ ക്രിമിനല്‍ കേസില്‍ പ്രതിയായപ്പോള്‍ പാര്‍ട്ടി ഓഫീസിലും സ്വന്തം വീട്ടിലും ഒരു നേതാവ് ഒളിത്താവളം ഒരുക്കി. ബെനാമികളെ മുന്‍ നിര്‍ത്തി സ്വകാര്യ സ്‌കൂളുകളുടെ നടത്തിപ്പില്‍ നേതാവ് ഇടപെടുന്നതായും ഫേസ്ബുക്കില്‍ ആരോപണങ്ങള്‍ ഉയരുകയാണ്. സഹകരണ ബാങ്കിലെ അഴിമതി, കള്ള് ഷാപ്പ് ലേലം നല്‍ക്കുന്നതിലുള്ള ഇടപെടല്‍ തുടങ്ങിയവയെക്കുറിച്ചും ആരോപണങ്ങള്‍ ഉണ്ട്.

ജില്ലാ നേതാക്കളുടെ പിന്തുണയോടെയാണ് സൈബര്‍ പോരാളികളുടെ പര്‌സപരം ആരോപണങ്ങളും ആക്ഷേപങ്ങളും സജീവമാകുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

പുകയുന്ന അഗ്നിപർവ്വതമായി കായംകുളം സിപിഐ(എം)🔥🔥🔥
പരമ്പര ഭാഗം -1
പ്രിയ സഖാക്കളെ,
തലക്കെട്ടിൽ സൂചിപ്പിച്ചതുപോലെ വലിയ ഒരു അഗ്നിപർവതമായി കായംകുളത്തെ സിപിഐ(എം)പുകയുകയാണ്. ഏതുനിമിഷവും അത് പൊട്ടിത്തെറിക്കും. കായംകുളത്തെ വിവിധ ലോക്കൽ കമ്മിറ്റികളിലായി പാർട്ടി അംഗങ്ങളും അനുഭാവികളുമായി

ഏതാണ്ട് ആയിരത്തോളം സഖാക്കൾ പാർട്ടി വിട്ടു പോകുവാനായി നിലയുറപ്പിച്ചിരിക്കുകയാണ്. അവർക്കാർക്കും യാതൊരു കാരണം കൊണ്ട് അംഗീകരിക്കുവാൻ കഴിയാത്ത, കമ്മ്യൂണിസം വിറ്റ് കാശാക്കുന്ന പിടിപ്പുകെട്ട ചില നേതാക്കന്മാരുടെ സാന്നിധ്യമാണ് ഈ രോഷത്തിന് പിന്നിൽ.ഈ വിഷയത്തെ സംബന്ധിച്ച് വിശദമായ പരമ്പര ഞങ്ങൾ എഴുതുകയാണ്.പാർട്ടിയുടെ ബന്ധപ്പെട്ട ഘടകങ്ങൾക്ക് നിരവധി പരാതികൾ നൽകിയിട്ടും യാതൊരു നടപടികൾ ഉണ്ടാകാത്തതിനാലാണ് ഈ തുറന്നെഴുത്ത്.

“കമ്മ്യൂണിസ്റ്റ് “എന്നു പറഞ്ഞാൽ വെടിവെച്ചു കൊല്ലുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തിൽ. ആ അവസ്ഥയിൽ നിന്നുകൊണ്ട് തൊഴിലാളി വർഗ്ഗത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയും വിപ്ലവം നടത്തിയും അവർക്കു വേണ്ടതെല്ലാം നേടിക്കൊടുത്തു കൊണ്ട് ജന മനസ്സുകളിൽ ഇടം നേടിയ പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. അങ്ങനെ ജനങ്ങൾക്ക് വേണ്ടി നിലനിന്ന പ്രസ്ഥാനം ആയതുകൊണ്ടാണ് പിൽക്കാലത്ത് കേരളം ഭരിക്കുവാൻ കമ്മ്യൂണിസ്റ്റുകാർക്ക് സാധിച്ചത്.പാർട്ടിയുടെ ഈ മുന്നേറ്റത്തിന് കരുത്തു പകർന്ന വലിയ വിപ്ലവ പാരമ്പര്യമുള്ള ജില്ലയാണ് ആലപ്പുഴ.

1964ൽ പാർട്ടി പിളർന്നപ്പോൾ പാർട്ടിയുടെ പ്രധാന നേതാക്കൾ നില കൊണ്ടതും അണികളിൽ ഭൂരിഭാഗം നില കൊണ്ടതും സിപിഐ (എം)നോട്‌ ഒപ്പമായിരുന്നു. തുടർന്നുള്ള ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ മുഖം എന്നത് സിപിഐ(എം) ആയിരുന്നു.പുന്നപ്ര വയലാറിന്റെ മണ്ണിലും സിപിഐ (എം) കരുത്തോടെ തല ഉയർത്തി നിന്നു.പറഞ്ഞു വരുന്നത് ഇന്നലെകളിലെ രാഷ്ട്രീയ ചരിത്രമാണെങ്കിൽ ഇന്ന് സ്ഥിതി അതീവ ഗുരുതമാണ്. ആലപ്പുഴയിൽ നിന്നും വരുന്ന വാർത്തകൾ അത്ര ശുഭകരമല്ല.

കർഷക സമരങ്ങളുടെ വിളനിലമായ കുട്ടനാട്ടിൽ സിപിഐ(എം) ൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ നൂറു കണക്കിന് പേരാണ് പാർട്ടി വിട്ട് പോയത്. നേതൃത്വത്തിന്റെ ഇടപെടലുകളിൽ വിശ്വാസമില്ലാത്തത് കൊണ്ട് മാത്രം, പാർട്ടി വിട്ടു പോയത് വെറും അനുഭാവികൾ മാത്രമല്ല , പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ചു സെക്രട്ടറിമാരും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമാണ്. വർഷങ്ങളായി നില നിൽക്കുന്ന പല പ്രശ്നങ്ങളിലും നേതൃത്വത്തിനു പ്രവർത്തകരുടെ വിശ്വാസത്തിനൊപ്പം ഉയരാൻ കഴിയില്ലെന്ന് ബോധ്യം വന്നപ്പോൾ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച പ്രസ്ഥാനത്തോട് അവർക്ക് വിട പറയേണ്ടി വന്നു. സംസ്ഥാന നേതൃത്വം കൃത്യമായി ഇടപെട്ടെങ്കിലും അഹംഭാവിയായ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പലതും അട്ടിമറിക്കുകയായിരുന്നു.
ഇതൊക്കെ കായംകുളത്തു പറയേണ്ട കാര്യമെന്തെന്ന് സഖാക്കൾ കരുതുന്നുണ്ടാകും.പറയാം
കായംകുളത്തെ സിപിഐ(എം) ഒരു അഗ്നിപർവ്വതം പോലെ പുകയുകയാണ്. ഏത് നിമിഷവും ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം

കുട്ടനാട് പോലെ അല്ല കായംകുളത്തെ കാര്യങ്ങൾ. ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ ഘടകവും മികച്ച കേഡർമാർ ഉള്ള പ്രദേശവും ആണ് കായംകുളം. പാർട്ടി പരിപാടികൾ ഏറ്റെടുത്തുകൊണ്ട് വലിയ രീതിയിൽ വിജയിപ്പിക്കാൻ കഴിവുള്ള ഘടകം ആയിരുന്നു കായംകുളത്തെ പാർട്ടി. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി കായംകുളത്തെ പാർട്ടിയെ പരിശോധിച്ചാൽ അതിന് നേതൃത്വം നൽകുന്നവരെ സംബന്ധിച്ച് വലിയ ആക്ഷേപങ്ങൾ ആണ് ഉയർന്നു വരുന്നത്. പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തി വ്യാജ പരാതികൾ സൃഷ്ടിച്ചു കൊണ്ട് വിശദീകരണം ചോദിച്ച ശേഷം, ആ വിശദീകരണം തൃപ്തികരമല്ലെന്നു കാട്ടി പുറത്താക്കുക എന്ന രീതി വർഷങ്ങളായി തുടരുകയാണ്.
തൊഴിലാളി വർഗ്ഗ പാർട്ടിയുടെ നേതാവായിരുന്നു കൊണ്ട് വലിയ സ്വത്തുക്കളും ആസ്തികളും സമ്പാദിച്ചു കൊണ്ട് പാർട്ടിയെയും മികച്ച സഖാക്കളെയും ഇല്ലായ്മ ചെയ്യുന്ന രീതി കായംകുളത്തു പലരും തുടരുമ്പോൾ രക്ഷകർ ആകേണ്ട ഉപരി കമ്മിറ്റി നേതാക്കൾ കുറ്റകരമായ മൗനം പാലിക്കുകയാണ്. ആ മൗനം അവർ വെടിയുന്നില്ലെങ്കിൽ കുട്ടനാട് പോലെയല്ല കാര്യങ്ങൾ പോവുക. സംസ്ഥാനതലത്തിൽ തന്നെ പാർട്ടിക്ക് ക്ഷീണം വരുന്ന രീതിയിൽ ആയിരക്കണക്കിന് പാർട്ടി അംഗങ്ങൾ പാർട്ടി വിട്ടു പോകും എന്നതിൽ തർക്കമില്ല.
ഏരിയ സെക്രട്ടറിയുടെ അവിഹിത ധന സമ്പാദനം സഖാക്കൾ നേരത്തെ ചർച്ച ചെയ്തതാണ്. പുള്ളിക്കണക്ക് സഹകരണ ബാങ്ക് അഴിമതിയും അബ്കാരി ബന്ധവും ഒക്കെ ഈ സഖാവിന്റെ മുഖം എന്തെന്ന് തുറന്നു കാട്ടുന്നതാണ്.

സ്വകാര്യ കരിമണൽ അതികായകനായ കർത്തായുടെ ദക്ഷിണ കേരളത്തിലെ പ്രധാന നടത്തിപ്പുകാരൻ പ്രദീപ് ദേവസ്യയും സിപിഐഎം ഏരിയ സെക്രട്ടറി അരവിന്താക്ഷനും തമ്മിലുള്ള ബന്ധം എന്താണ്? സാമ്പത്തിക പ്രതിസന്ധിഘട്ടത്തിൽ ദശലക്ഷക്കണക്കിന് രൂപയാണ് ഏരിയ സെക്രട്ടറിക്ക് ഇദ്ദേഹം കൊടുത്തത്. വർഷങ്ങൾക്കു മുൻപ് കണ്ടല്ലൂരിൽ കൊലപാതകത്തിൽ പ്രതിയാക്കപ്പെട്ട പ്രദീപ് ദേവസ്യയെ പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ അരവിന്ദാക്ഷൻ ഒളിപ്പിച്ചുവെച്ചു. പ്രതിയെ അറസ്റ്റ് ചെയ്യുവാൻ കായംകുളംപോലീസ് ജീപ്പുമായി പാർട്ടി ഓഫീസിന്റെ മുൻപിലെത്തി കാത്തു കിടന്നു. അലിയാർ സഖാവും ബാബുജാൻ സഖാവും അരവിന്താക്ഷന്റെ നിലപാട് ചോദ്യം ചെയ്തപ്പോൾ പാർട്ടി ഓഫീസിൽ നിന്നും ആരും അറിയാതെ മാറ്റി സ്വന്തം വീട്ടിൽ എത്തിച്ചു ഈ ക്രിമിനലിനു അഭയം നൽകി.

പുള്ളിക്കണക്ക് ബാങ്കിലെ അഴിമതി സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ അന്തിമഘട്ടത്തിലാണ്. അപഹരിച്ച പണം തിരിച്ചടയ്ക്കണമെന്നുള്ള കോടതിവിധി കണ്ടു കൊണ്ട് ജനപ്രതിനിധി അടക്കമുള്ളവരോട് വാവിട്ട് നിലവിളിച്ച് ലക്ഷങ്ങൾ ആവശ്യപ്പെട്ടത് ഞങ്ങൾ മറന്നിട്ടില്ല.പുള്ളിക്കണക്ക് ബാങ്കിൽ നടത്തിയ അഴിമതിയിലൂടെ ബാങ്കിനുണ്ടായ നഷ്ടം 1കോടി 15ലക്ഷം കവിഞ്ഞു.അദ്ദേഹത്തിൻ്റെ ഭരണ കാലയളവിൽ ബാങ്കിൽ നടന്നത് ഗുരുതരമായ അഴിമതികളാണ്.പണാപഹരണവും ക്രമക്കേടും ക്യാഷ് സർട്ടിഫിക്കറ്റ് തിരുമറി, ഡെപ്പോസിറ്റ് കൊള്ള, അനധികൃത വായ്പാ തട്ടിപ്പുകൾ, സ്വർണ്ണപ്പണയ തിരി മറി, ചിട്ടിപ്പണ തട്ടിപ്പ്, റക്കിറിംഗ് നിക്ഷേപ തട്ടിപ്പ്, പണാപഹരണം, കോഴവാങ്ങൽ, കള്ളരേഖ ചമക്കൽ തുടങ്ങി ഇനി നടക്കാത്തതായൊന്നുമില്ല.

22 വർഷമായി ജീവനക്കാരിയായിരുന്ന സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന ഉഷ എന്ന സ്ത്രീ ആത്മഹത്യ ചെയ്തതിന്റെ കാരണക്കാരൻ ഈ മഹാൻ ആയിരുന്നു.സത്യസന്ധതയോടു കൂടി പ്രവർത്തിച്ചിരുന്ന സെക്രട്ടറിയായിരുന്നു ഉഷ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും അവർക്കുണ്ടായിരുന്നു. അവരുടെ മകൾക്കുണ്ടായ അസുഖത്തിന്റെ സന്ദർഭം മുതലെടുത്ത് കൊടുംവഞ്ചനയും പണാപഹരണവും നടത്തുവാൻ നിരന്തര പ്രലോഭനങ്ങളിലൂടെ വഴിയൊരുക്കിയത് പ്രസിഡന്റ്‌ ആയിരുന്നു

സെക്രട്ടറിയുടെ മരണം വെറും ആത്മഹത്യയായി എഴുതിത്തള്ളി സാമ്പത്തിക ക്രമക്കേടിലെ കുറ്റവാളി ഉഷയെന്നു മുദ്രകുത്തി . അരവിന്ദാക്ഷൻ പ്രസിഡണ്ട് ആയതിനുശേഷം സത്യസന്ധയായ ആ ഉദ്യോഗസ്ഥപെട്ടെന്ന് എങ്ങനെ അഴിമതിക്കാരിയായി?പിന്നീട് വന്ന അന്വേഷകർ ഒരേ സ്വരത്തിൽ പറഞ്ഞത് കുറ്റക്കാർ പ്രസിഡന്റും കൂട്ടരും ആണെന്നാണ്. എന്നാൽ പാർട്ടി നടപടി സ്വീകരിക്കേണ്ടതിനു പകരം സ്ഥാനമാനങ്ങൾ നൽകി അദ്ദേഹത്തെ ആദരിക്കുകയാണ് നേതാക്കൾ ചെയ്തത്. ബഹു. കേരള ഹൈക്കോടതി തട്ടിപ്പിൽ കുറ്റക്കാരൻ എന്ന് കണ്ടെത്തും വരെ ആ സഖാവിനെ കൊള്ള നടത്താൻ നേതാക്കൾ അവസരം നൽകിയിരിക്കുകയാണ്.

വ്യാജ മദ്യ രാജാവ് അണലി പറമ്പിൽ ശ്രീധരനുമായി ചേർന്ന് കള്ള് ഷാപ്പുകൾ വഴി ശ്രീധരന്റെ സ്പിരിറ്റ് കച്ചവടം ചെയ്യുന്നതിന് സൗകര്യമൊരുക്കി കൊടുത്തു കോടികളാണ് ഏരിയ സെക്രട്ടറി സമ്പാദിച്ചത്. സിഐടിയു നേതൃത്വത്തിലുള്ള ഷാപ്പ് തൊഴിലാളികളെ വഞ്ചിച്ച യൂണിയൻ നേതാവിനെ സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ കയ്യിൽ കിട്ടിയിട്ടുണ്ട്. കേരളം കണ്ട വനിതാ കമ്മ്യൂണിസ്റ്റ് നേതാവ് കെ ആർ ഗൗരിയുടെ സഹോദരന്റെ കൊച്ചുമകനിൽ നിന്നും കായംകുളത്ത് ഷാപ്പ് നടത്തിപ്പിന് 12 ലക്ഷം രൂപ ആവശ്യപ്പെട്ട ശേഷം ഒടുവിൽ അഞ്ചര ലക്ഷം രൂപ തിരിച്ചുനൽകാമെന്ന പേരിൽ വാങ്ങിയിട്ട് നാളിതുവരെ അത് മടക്കി കൊടുത്തിട്ടില്ല.ഇത് സംബന്ധിച്ച് ഷാപ്പ് ഉടമ പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകി രണ്ടു വർഷമായിട്ടും നടപടി ഉണ്ടാകാത്തതിനാൽ മുഖ്യമന്ത്രിക്ക് പരാതി നൽകി കാത്തിരിക്കുകയാണ്.

കായംകുളത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് എസ്എൻ സെൻട്രൽ സ്കൂൾ. ഈ സ്കൂളിൽ തന്റെ ബിനാമിയായ ചിറക്കടവം ലോക്കൽ കമ്മിറ്റി അംഗം ചന്ദ്രദാസിനെ മുൻനിർത്തി നടത്തുന്ന ബിസിനസ് ഏവർക്കും അറിവുള്ളതാണല്ലോ. വർഷങ്ങൾക്കു മുമ്പ് ചന്ദ്രദാസിനെ മുൻനിർത്തി ക്ലാപ്പനയിൽ ഒരു സ്കൂൾ വാങ്ങുന്നതിന് വേണ്ടി ശ്രമിക്കുകയും അതിലൂടെ നാല് കോടി അപഹരിക്കുവാൻ ശ്രമിക്കുകയും ചെയ്തു. മൺമറഞ്ഞ പല നേതാക്കളും ഈ കച്ചവടത്തിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നുള്ള വിവരം ജില്ലാ സംസ്ഥാന നേതൃത്വത്തിനറിവ് ഉള്ളതായിരുന്നു.തുടർന്ന് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം അന്നത്തെ പാർട്ടി ജില്ലാ സെക്രട്ടറി സഖാവ് സജി ചെറിയാൻ ഇടപെട്ടതിലൂടെ ഈ കള്ള കച്ചവടം അന്ന് പൊളിയുകയും ചെയ്തതാണ്

ഇതേ മാതൃകയിൽ മറ്റൊരിടത്ത് സ്കൂൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ബ്രോക്കർ കമ്മീഷൻ നൽകാതെ ചന്ദ്രദാസും അരവിന്ദാക്ഷനും നടത്തിയ തട്ടിപ്പ് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിക്ക് വീണ്ടും പരാതി ബന്ധപ്പെട്ടവർ അയച്ചിട്ടുണ്ട്. പാർട്ടി ലോക്കൽ കമ്മിറ്റി അംഗമായ ഈ ചന്ദ്രദാസിനെയാണ് ബിജെപിയുടെയും ബിഡിജെഎസിന്റെയും നേതാക്കൾ വീട്ടിലെത്തി പൊന്നാട അണിയിച്ചതിന്റെയും ബിഡിജെഎസ് ന്റെ സംസ്ഥാന പഠന ശിബിരത്തിൽ പങ്കെടുക്കുന്നതിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

ഇത്തരത്തിലുള്ള ഒരു ഏരിയ സെക്രട്ടറിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഒരു ഘടകത്തിൽ എങ്ങനെയാണ് സഖാക്കളെ പാർട്ടി വളരുക?
പാർട്ടി ഏരിയ സെക്രട്ടറിക്ക് മീറ്റർ പലിശയും വ്യാജമദ്യ നിർമ്മാണവും വിതരണവും കൊട്ടേഷനും ഉൾപ്പടെ നടത്തുന്നവരുമായുള്ള ബന്ധം ചർച്ച ചെയ്യണം. കായംകുളം ടൗണിൽ പൊതുവിപ്ലവ പ്രസ്ഥാനത്തിന്റെയും യുവജനപ്രസ്ഥാനത്തിന്റെയും നേതാക്കളായി ഉയർന്ന വരേണ്ട പല ചെറുപ്പക്കാരെയും നശിപ്പിച്ചത് ഈ പരനാറിയാണ്. പാർട്ടിയിൽ ഒന്നുമാകാതെ പോയ എന്നാൽ പാർട്ടിക്കുവേണ്ടി നിരവധി കേസുകളിൽ പ്രതിയാക്കപ്പെട്ട നിരവധി സഖാക്കളുടെ ജീവിതം ഇന്ന് വഴിമുട്ടിയ അവസ്ഥയിലാണ്.
ഇൻസ്റ്റാൾമെന്റ് കച്ചവടം നടത്തിയും കെസിടിയിലെ കിളിയായി ജോലിചെയ്തും ജീവിച്ചു പോന്ന പൊതുപ്രവർത്തകനായ “കമ്മ്യൂണിസ്റ്റായ” അരവിന്ദാക്ഷന് ഇന്ന് 20 കോടിയോളം രൂപയുടെ ആസ്തിയുണ്ട്. ഇത് എങ്ങനെ ഉണ്ടായി എന്ന് പാർട്ടി പരിശോധിക്കണം. പാരമ്പര്യമായി ഒരു “പഴവും” ഇല്ലാതിരുന്ന ഇദ്ദേഹം ഇതൊക്കെ സമ്പാദിച്ചത് കായംകുളത്ത് പാർട്ടിയെ വിറ്റിട്ടാണ്. മീറ്റർ പലിശക്കാരുടെയും ലഹരി മാഫിയയുടെയും ആസ്തി പരിശോധിക്കുമ്പോൾ യഥാർത്ഥ പലിശക്കാരെ സഹായിക്കുന്ന ഇത്തരം രാഷ്ട്രീയ നേതാക്കന്മാരുടെ കൂടി ആസ്തി കൂടി പാർട്ടി പരിശോധിക്കണം. അത് നടക്കാതെ വരുമ്പോളാണ് അവരെ പരിശോധിക്കാൻ ഇ ഡി എത്തുന്നത്. അതു പിന്നീട് പാർട്ടിക്ക് ആകെ നാണക്കേടാകും. ഇത്രയും വലിയ തട്ടിപ്പിന്റെ പശ്ചാത്തലംഉള്ള ഈ ഏരിയ സെക്രട്ടറിക്ക് സകല ഒത്താശകളും ചെയ്തു കൊടുക്കുന്നത് ആലപ്പുഴയിലെ പാർട്ടിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ജില്ലാ സെക്രട്ടറി ആർ നാസ്സറാണ്. കായംകുളത്തെ പാർട്ടിയെ നശിപ്പിച്ചത് ഈ ഏരിയ സെക്രട്ടറി മാത്രം ആണെന്ന് ഞങ്ങൾ കരുതുന്നില്ല.
തുടരും…….

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments