അബുദാബി : അബുദാബിയിൽ പണിയുന്ന ക്ഷേത്രനിർമ്മാണം പൂർത്തിയാകാൻ ഇനി വിരലിലെണ്ണാവുന്ന ദിവസം മാത്രം ഭാക്കി . ഫെബ്രുവരി 14ന് ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കി ഉദ്ഘടനം തെയ്യും. ക്ഷേത്ര ഉദ്ഘാടനത്തിന് പ്രധാന മന്ത്രി പങ്കെടുത്തേക്കും
സ്വാമിനാരായൺ പ്രസ്ഥാനത്തിന്റെ ആത്മീയനേതാവ് ആയിരുന്ന പ്രമുഖ് സ്വാമി മഹാരാജിന്റെ ആഗ്രഹമായിരുന്ന ഈ ക്ഷേത്ര നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത് നരേന്ദ്ര മോദിയാണ്. ഉദ്ഘാടന ദിവസമായ ഫെബ്രുവരി 14ന് രാവിലെ വിഗ്രഹപ്രതിഷ്ഠയും വൈകീട്ട് സമർപ്പണ ചടങ്ങുമായിരിക്കും. മഹന്ത് സ്വാമി മഹാരാജ് കർമങ്ങൾക്ക് നേതൃത്വം നൽകും.
അന്ന് വൈകിട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് പ്രവേശനം . ഇതിനകം ഓൺലൈനിൽ ദർശനത്തിന് സമയം ബുക്ക് ചെയ്തവരെ 18ന് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങും. എന്നാൽ, തിരക്ക് കാരണം യുഎഇയിലുള്ളവർ മാർച്ച് ഒന്നുമുതൽ മാത്രമേ ക്ഷേത്ര സന്ദർശനത്തിന് ശ്രമിക്കാവൂ എന്ന് അധികൃതർ അറിയിച്ചു.
2015 ഓഗസ്റ്റിലാണ് ദുബായ്-അബുദാബി ഹൈവേയില്‍ അബു മുറൈഖയില്‍ 27 ഏക്കര്‍ സ്ഥലം ക്ഷേത്രം പണിയാന്‍ യുഎഇ സര്‍ക്കാര്‍ അനുവദിച്ചത്. നരേന്ദ്ര മോദിയുടെ ആദ്യ യുഎഇ സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആണ് പ്രഖ്യാപനം നടത്തിയത്.
1997 ല്‍ ഷാർജയില്‍ വച്ച് പ്രമുഖ് സ്വാമി മഹാരാജ് അബുദാബിയില്‍ ഒരു ക്ഷേത്രമെന്ന സ്വപ്നം അദ്ദേഹം പങ്കുവച്ചിരുന്നു. രാജ്യങ്ങളെയും സംസ്കാരങ്ങളെയും മതങ്ങളെയും ഒരുമിച്ച് ചേർക്കുന്ന, അക്ഷരാർത്ഥത്തില്‍ മരുഭൂമിയിലെ ആത്മീയ ഐക്യത്തിന്‍റെ മരുപ്പച്ച പോലെ ഒരു ക്ഷേത്രമാകണം അതെന്നുളളതായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം.
വിശാലമായ പാർക്കിംഗ് സ്ഥലമുള്‍പ്പടെയാണ് നിലവില്‍ ക്ഷേത്രം പണിപൂർത്തിയായിരിക്കുന്നത്. 2019 ല്‍ അബുദാബിയില്‍ ക്ഷേത്രത്തിന്‍റെ ആദ്യശില സ്ഥാപിച്ചു. ക്ഷേത്രത്തിന്‍റെ നിർമ്മാണ ഘട്ടങ്ങളില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, സജ്ഞയ് ദത്ത്, അക്ഷയ് കുമാർ തുടങ്ങിയ പ്രമുഖർ ഉള്‍പ്പടെ വിവിധ മേഖലകളിലുളള വിവിധ രാജ്യക്കാരായ, വിവിധ മതവിശ്വാസികളായ 50,000 പേർ ക്ഷേത്രത്തില്‍ ശിലാസ്ഥാപനം നടത്തിയിട്ടുണ്ട്.
52 രാജ്യങ്ങളിലായി 1200 ഓളം ക്ഷേത്രങ്ങൾ പണിത ‘ബോച്ചാസൻ വാസി അക്ഷർ പുരുഷോത്തം സൻസ്ഥ ‘ എന്ന പ്രസ്ഥാനമാണ് ക്ഷേത്രനിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്. മൂന്ന് പുണ്യനദികളുടെ സംഗമസ്ഥാനത്താണ് ക്ഷേത്രം.
ഗംഗ, യമുന നദികളെ പ്രതീകാത്മകമായി പ്രതിനിധാനം ചെയ്യുന്ന രണ്ട് ജലധാരകൾ, സരസ്വതി നദിയെ പ്രതിനിധാനംചെയ്യുന്ന പ്രകാശ കിരണവുമുണ്ട്. ജലധാരകള്‍ക്ക് അരികെ മേല്‍ക്കൂരകളിലും തൂണുകളിലും ചെമ്പിലും പിച്ചളയിലും തീർത്ത മണികളും ഘടിപ്പിച്ചിട്ടുണ്ട്.
ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് ഗോപുരങ്ങളുണ്ട്. സ്വാമിനാരായണ്‍, അക്ഷർ പുരുഷോത്തം മഹാരാജ്, പരമശിവന്‍, ശ്രീകൃഷ്ണന്‍,ശ്രീ രാമന്‍, അയ്യപ്പന്‍, ജഗന്നാഥ്, വെങ്കിടേശ്വര എന്നിങ്ങനെ 7 മൂർത്തികളാണ് ക്ഷേത്രത്തിലുളളത്. തലയുയർത്തി നില്‍ക്കുന്ന താഴികകുടങ്ങളും ക്ഷേത്ര ഗാംഭീര്യം വർധിപ്പിക്കുന്നു. കൈകൊണ്ട് കൊത്തിയെടുത്ത ശില്‍പങ്ങള്‍ ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്നു. ശില്‍പങ്ങളില്‍ പലതും ഇന്ത്യയില്‍ പണി പൂർത്തിയാക്കി അബുദാബിയിലേക്ക് എത്തിക്കുകയായിരുന്നു.
രാമനെയും സീതയേയും പ്രതിഷ്ഠിച്ച സ്ഥലത്ത് രാമായണത്തിലെ പ്രസക്തഭാഗങ്ങളും ശിവപാർവതി പ്രതിഷ്ഠസ്ഥലത്ത് ശിവപുരാണത്തിലെ പ്രസക്തഭാഗങ്ങളും കൊത്തിവച്ചിട്ടുണ്ട്. മഹാഭാരതവും ഭഗവാന്‍ സ്വാമിനാരായണ ചരിതവും ഭഗവത്ഗീതയുമെല്ലാം കല്ലുകളില്‍ കൊത്തിവച്ചിരിക്കുന്നു. അതുമാത്രമല്ല, അറബ് മെസപ്പോട്ടോമിയ സംസ്കാരത്തിലുള്‍പ്പടെയുളള വിശ്വാസസംഹിതകള്‍ കൊത്തിവച്ച് വസുധൈവകുടുംബകമെന്നത് അന്വർത്ഥമാക്കുകയാണ് അബുദാബി ബാപ്സ് മന്ദിർ.
രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള 2000 ലധികം കരകൗശല തൊഴിലാളികളുടെ 3 വർഷത്തെ അധ്വാനമാണ് ഓരോ മാർബിള്‍ തൂണുകളിലും കാണാനാകുന്നത്. ഇന്ത്യന്‍ ഗ്രന്ഥങ്ങളില്‍ നിന്നുളള പുരാണ കഥകളും ആരാധന മൂർത്തികളെയും ആത്മീയ ഗുരുക്കന്മാരെയും പ്രതിനിധീകരിക്കുന്ന 1000 പ്രതിമകള്‍ തൂണുകളിലും മേല്‍ക്കൂരകളിലും കാണാം.
മയിലുകൾ , ആനകൾ, കുതിരകൾ, ഒട്ടകങ്ങൾ, കലാകാരന്മാർതുടങ്ങിയ വിശിഷ്ടശില്‍പങ്ങളും കാണാം. പുരാതന ആരാധനാലയങ്ങളിലെന്നപോലെ ഇരുമ്പോ സ്റ്റീലോ നിർമ്മാണ ഘട്ടങ്ങളിലെവിടെയും ഉപയോഗിച്ചിട്ടില്ലെന്നുളളതും ശ്രദ്ധേയം. 700-ലധികം കണ്ടെയ്‌നറുകളിലായി 20,000 ടൺ കല്ലും മാർബിളും അബുദാബിയിലെത്തിച്ചു. ഗ്രാനൈറ്റ് തറയിലാണ് പിങ്ക് മണല്‍ കല്ലുകള്‍ വിരിച്ചിരിക്കുന്നത്.
ജാതിമത അതിർവരമ്പുകള്‍ക്കപ്പുറത്തേക്ക് എല്ലാവർക്കും പ്രവേശനം അനുവദിച്ചിട്ടുളള ക്ഷേത്രത്തില്‍ സന്ദർശകകേന്ദ്രവും പ്രാർത്ഥനാഹാളും സജ്ജമാക്കിയിട്ടുണ്ട്. 8000 മുതല്‍ 10000 പേർക്ക് വരെ ഒരേസമയം ക്ഷേത്ര പ്രവേശനം സാധ്യമാകും.
ക്ഷേത്ര പ്രവേശനത്തിന് മാന്യമായ വസ്ത്രധാരണമുള്‍പ്പടെയുളള നിർദ്ദേശങ്ങള്‍ പാലിക്കണം. കുട്ടികള്‍ക്കായുളള കായിക ഇടങ്ങള്‍, പഠനമേഖലകള്‍, പുസ്തക ശാലകൾ, ഭക്ഷണശാലകള്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.