മനോരമക്കാരനെ ഉള്‍പ്പെടെ 3 പേരെ വിവരാവകാശ കമ്മീഷനില്‍ നിയമിച്ച് സര്‍ക്കാര്‍; 3 ലക്ഷം രൂപ ശമ്പളം; 1.5 ലക്ഷം രൂപ പെന്‍ഷന്‍; ശമ്പളം വര്‍ദ്ധിപ്പിക്കാനും നീക്കം

തിരുവനന്തപുരം: വിവരവകാശ കമ്മീഷനില്‍ 3 അംഗങ്ങളെ നിയമിച്ച് സര്‍ക്കാര്‍.

മനോരമയിലെ മാധ്യമപ്രവര്‍ത്തകന്‍ സോണിച്ചന്‍ പി. ജോസഫ്, തൃശൂര്‍ കേരളവര്‍മ്മ കോളേജ് മുന്‍ അധ്യാപകന്‍ ടി.കെ. രാമകൃഷ്ണന്‍, കൊട്ടിയം എന്‍.എസ്.എസ് കോളേജ് മുന്‍ അധ്യാപകന്‍ ശ്രീകുമാര്‍ എന്നിവരെയാണ് വിവരവകാശ കമ്മീഷണറായി നിയമിച്ചത്.

ജോസ് കെ. മാണിയുടെ നോമിനിയാണ് സോണിച്ചന്‍ പി. ജോസഫ്. ഇവരുടെ നിയമന ഫയല്‍ ഗവര്‍ണറുടെ അംഗികാരത്തിനായി അയച്ചു. 3 ലക്ഷം രൂപയാണ് ശമ്പളം. ശമ്പളം കൂടാതെ സര്‍ക്കാര്‍ വാഹനം തുടങ്ങി സെക്രട്ടറി റാങ്കില്‍ കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കും.

3 വര്‍ഷമാണ് കാലാവധി. വിരമിക്കുമ്പോള്‍ പകുതി ശമ്പളം പെന്‍ഷനായും ലഭിക്കും. നിലവില്‍ 1.50 ലക്ഷം രൂപയാണ് പെന്‍ഷന്‍.വിവരവകാശ കമ്മീഷന്‍ അംഗങ്ങളുടേയും കമ്മീഷണറുടെയും ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള ഫയല്‍ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്.

ശമ്പളം 5 ലക്ഷം ആയി ഉയര്‍ത്തുമെന്നും പെന്‍ഷന്‍ 2.50 ലക്ഷം ആക്കുമെന്നുമാണ് ലഭിക്കുന്ന സൂചന. മുന്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത യാണ് മുഖ്യ വിവരവകാശ കമ്മീഷണര്‍.

കോട്ടയം പാലാ സ്വദേശിയാണ് സോണിച്ചൻ. കൊല്ലം തിരുമുല്ലവാരം സ്വദേശിയായ ശ്രീകുമാറും കോഴിക്കോട് സ്വദേശിയായ രാമകൃഷ്ണനും കോളേജ് അദ്ധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എയുടെ ഭാരവാഹികളായിരുന്നു. സോണിച്ചനെ കേരളാ കോൺഗ്രസ് എമ്മും ശ്രീകുമാറിനെ സി.പി.എമ്മും രാമകൃഷ്ണനെ സി.പി.ഐയുമാണ് ശുപാർശ ചെയ്തത്.

വിവരാവകാശം സംബന്ധിച്ച് നൂറുകണക്കിന് അപേക്ഷകളാണ് കമീഷനിൽ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ 12 വർഷത്തിനിടെ 50,000ത്തോളം അപേക്ഷകളാണ് വിവരാവകാശ കമീഷനിലെത്തിയതെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ അപേക്ഷക്കുള്ള മറുപടിയിൽ വ്യക്തമാക്കുന്നു. ഇതിൽ 33,555 അപ്പീൽ പെറ്റീഷനുകളും 15,448 കംപ്ലയിൻറ് പെറ്റീഷനുകളുമാണുള്ളത്.

എന്നാൽ 5031 അപേക്ഷകൾ നിലവിൽ കമീഷനിൽ കെട്ടിക്കിടക്കുന്നുണ്ട്. ഇതിൽ 3846 എണ്ണം അപ്പീൽ പെറ്റീഷനും 1185 എണ്ണം കംപ്ലയിൻറ് പെറ്റീഷനുമാണ്. ആകെ 43,972 അപേക്ഷകളിലാണ് വിവരാവകാശ കമീഷൻ തീർപ്പു കൽപ്പിച്ചിട്ടുള്ളത്.

2011 മുതൽ 2016 വരെയുള്ള കാലയളവിൽ കമീഷനിലെത്തിയ പരാതികളെല്ലാം തീർപ്പാക്കിയിട്ടുണ്ട്. എന്നാൽ തുടർന്നുള്ള വർഷങ്ങളിലാണ് പരാതികൾ കെട്ടിക്കിടക്കാൻ തുടങ്ങിയതെന്നും വിവരാവകാശ മറുപടി വ്യക്തമാക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments