ലൈംഗിക പീഡനക്കേസ്; മുൻ സർക്കാർ പ്ളീഡർ പി ജി മനു പൊലീസിൽ കീഴടങ്ങി

കൊച്ചി: അതിജീവിതയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ സർക്കാർ‌ മുൻ പ്ലീഡർ പി.ജി മനു കീഴടങ്ങി. എറണാകുളം പുത്തൻകുരിശ് പോലീസിന് മുൻപാകെയാണ് കീഴടങ്ങിയത്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.

പത്തുദിവസത്തിനുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. കീഴടങ്ങിയതിനുശേഷം അഭിഭാഷകനെ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കണമെന്നും അതേദിവസം തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും കോടതി കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. പി ജി മനുവിനെ ഇതുവരെ ചോദ്യം ചെയ്യാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനുശേഷമായിരിക്കും അഭിഭാഷകനെ കോടതിയിൽ ഹാജരാക്കുക.

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്നാണ് മുൻ സീനിയർ ഗവൺമെന്റ് പ്ലീഡർക്കെതിരായ കേസ്. 2018ൽ നടന്ന കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറിലാണ് പരാതിക്കാരി അഭിഭാഷകനെ കാണാനെത്തിയത്. പിന്നീട് പലപ്പോഴും യുവതിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും പരാതിക്കാരിയുടെ വീട്ടിൽവച്ചും പീഡിപ്പിച്ചതായാണ് പരാതി. അനുവാദമില്ലാതെ പരാതിക്കാരിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐ ടി ആക്ട് അടക്കം ചുമത്തിയാണ് അഭിഭാഷകനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എന്നാൽ പരാതിക്കാരി ആരോപിക്കുന്ന തരത്തിലുള്ള പെരുമാറ്റം തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും തൊഴിൽരംഗത്തെ എതിരാളികളുടെ കരുതിക്കൂട്ടിയുള്ള നീക്കത്തിന്റെ ഭാഗമാണ് കേസെന്നുമാണ് അഡ്വ. മനുവിന്റെ വാദം. റൂറൽ എസ് പിക്ക് ലഭിച്ച പരാതിയിലാണ് മനുവിനെതിരെ കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് മനു ഹെെക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ സ്ഥാനം രാജിവച്ചിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments