ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ചരിത്രത്തിലേക്ക്. നാളെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോള്‍ തുടര്‍ച്ചയായി 6 ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോഡ് നിര്‍മല സീതാരാമന് സ്വന്തം.
5 സമ്പൂര്‍ണ ബജറ്റും നാളെ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റും വഴി ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന സ്ഥാനത്തിന് നിര്‍മല സീതാരാമന് മുന്നില്‍ ഉള്ളത് മൊറാര്‍ജി ദേശായി മാത്രം.
10 തവണയാണ് മൊറാര്‍ജി ദേശായി ബജറ്റ് അവതരിപ്പിച്ചത്. 1958 മുതല്‍ 1963 വരെയും 1967 മുതല്‍ 69 വരെയുള്ള കാലയളവിലാണ് മൊറാര്‍ജി ദേശായി രാജ്യത്ത് ധനമന്ത്രിയായിരുന്നത്.
8 സമ്പൂര്‍ണ ബജറ്റും 2 ഇടക്കാല ബജറ്റും. മന്‍മോഹന്‍ സിംഗ്, അരുണ്‍ ജെയറ്റ്‌ലി, പി. ചിദംബരം, യശ്വന്ത് സിന്‍ഹ എന്നിവരാണ് അഞ്ച് ബജറ്റ് അവതരിപ്പിച്ച് നിര്‍മല സീതാരാമന്റെ തൊട്ട് പിന്നില്‍ ഉള്ളവര്‍. തെരഞ്ഞെടുപ്പ് വര്‍ഷ ബജറ്റ് ജനപ്രിയമാകുമെന്ന പ്രതീക്ഷയാണ് ധനകാര്യ വിദഗ്ധര്‍ പങ്ക് വയ്ക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാരാണ് സമഗ്രമായ ബജറ്റ് അവതരിപ്പിക്കുന്നത്.
മന്ത്രി നിര്‍മല സീതാരാമന്റെ ഇടക്കാല ബജറ്റ് 2014 മുതലുള്ള ഗവണ്‍മെന്റിന്റെ നേട്ടങ്ങളെക്കുറിച്ചായിരിക്കും പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുക. ബിജെപിയുടെ അമൃത്കാലം ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങളും ഉണ്ടായേക്കും.