ആലപ്പുഴ: രൺജീത് ശ്രീനിവാസൻ വധക്കേസിലെ ശിക്ഷാവിധിയിൽ സന്തോഷമുണ്ടെന്ന് കുടുംബം. ഇതൊരു അത്യപൂര്‍വമായ കേസായിരുന്നുവെന്നും പ്രോസിക്യൂഷന്‍ നന്നായി പ്രവര്‍ത്തിച്ചുവെന്നും രൺജീത് ശ്രീനിവാസന്റെ ഭാര്യ അഡ്വ. ലിഷ പറഞ്ഞു. ആശ്വാസമുണ്ട്, വധശിക്ഷ തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.
കേവലം ഒരു കൊലപാതകം മാത്രമായി ഇതിനെ കാണാൻ കഴിയില്ലെന്ന് പറഞ്ഞ ലിഷ വായ്ക്കരി ഇടാൻ പോലും കഴിയാത്ത നിലയിലായിരുന്നു മൃതദേഹമെന്നും ചൂണ്ടിക്കാട്ടി.
കേസ് സത്യസന്ധമായി അന്വേഷിച്ച് കോടതിയിലെത്തിച്ചത് ഡിവൈഎസ്‌പി ജയരാജും സംഘവുമാണെന്നും അതുകൊണ്ടാണ് ഇത്ര വേഗത്തിലൊരു വിധിയുണ്ടായതെന്നും അവർ പറഞ്ഞു. പ്രോസിക്യൂഷനും കോടതിയിൽ വിശദമായി വാദം നടത്തി. കോടതി എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും എല്ലാവരോടും നന്ദി പറയുന്നതായും ലിഷ വ്യക്തമാക്കി.
“770 ദിവസമായുള്ള കാത്തിരിപ്പിനാണ് അവസാനമായത്. ഞങ്ങൾക്കുണ്ടായ നഷ്‌ടം വളരെ വലുതാണ്. എങ്കിലും കോടതി വിധിയിൽ ആശ്വാസമുണ്ട്. ഭഗവാന്റെ വേറൊരു വിധിയുണ്ട്, പ്രകൃതിയുടെ നീതിയുമുണ്ട്. ഞങ്ങൾ അത് കണ്ടില്ലെങ്കിലും നിങ്ങൾക്ക് കാണാൻ പറ്റും. അത് പുറകേ വരുമെന്ന പ്രതീക്ഷയുണ്ട്. അത്യപൂർവമായ കേസു തന്നെയാണ് ഇത്.” ലിഷ മാധ്യമങ്ങളോട് സംസാരിക്കവെ പ്രതികരിച്ചു.
“ഒരു വീട്ടിൽ കയറി ഒരാളും ഇത്ര ക്രൂരമായി ചെയ്‌തിട്ടില്ല. ഇത് സാധാരണ കൊലപാതകത്തിന്റെ രീതിയിൽ ഉൾപ്പെടില്ല. വായ്ക്കരി പോലും ഇടാൻ പറ്റാത്ത രീതിയിലാണ് അദ്ദേഹത്തെ അവർ കാണിച്ചു വച്ചത്. അതുകണ്ടത് ഞാനും അമ്മയും അനിയനും എന്റെ മക്കളുമാണ്.” രൺജീത്തിന്റെ ഭാര്യ കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയോടെയാണ് പ്രമാദമായ രൺജീത് ശ്രീനിവാസൻ വധക്കേസിൽ കോടതി വിധി പ്രഖ്യാപിച്ചത്. പതിനഞ്ച് പ്രതികൾക്ക് വധശിക്ഷ നൽകാനായിരുന്നു കോടതി ഉത്തരവ്. പോപ്പുലർ ഫ്രണ്ട്-എസ്‌ഡിപിഐ പ്രവർത്തകരാണ് ഈ പ്രതികൾ. ഐപിസി 302 പ്രകാരമാണ് വധശിക്ഷ വിധിച്ചത്.
കേസിന്റെ ആദ്യഘട്ടത്തിൽ വിചാരണ നേരിട്ട 15 പ്രതികൾ കുറ്റക്കാരാണെന്ന് ശനിയാഴ്‌ച കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ 3 പേരുമാണ് ആദ്യ ഘട്ടത്തിൽ വിചാരണ നേരിട്ടവർ. ഇവർക്കാണ് വധശിക്ഷ വിധിച്ചത്.
2021 ഡിസംബർ 19നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് രൺജീത് ശ്രീനിവാസനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. എസ്‌ഡിപിഐ നേതാവ് കെഎസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു ഈ സംഭവം.