ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാനം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാകുമെന്നും ട്രഷറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവരുമെന്നും കേരളം സുപ്രീം കോടതിയില്‍.
നിലവില്‍ ട്രഷറിയുടെ അവസ്ഥ വളരെ പരിതാപകമാണെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. 28,550 കോടി രൂപ പ്രതീക്ഷിച്ച കേരളത്തിന് ഇത്തവണ 20,521 കോടി രൂപ മാത്രമേ പൊതുവിപണിയില്‍നിന്ന് കടമെടുക്കാനാവൂയെന്ന് കേന്ദ്രം അറിയിച്ചിരുന്നു. കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാനം കോടതിയെ സമീപിച്ചത്.
ട്രഷറി പൂട്ടുമെന്ന് കേരള സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം അടിയന്തിര പ്രമേയ ചർച്ചയിൽ വി.ഡി. സതീശൻ ഉന്നയിച്ചു.
സംസ്ഥാനത്തിന്റെ ധനകാര്യ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രം നടത്തുന്ന ഭരണഘടനാവിരുദ്ധമായ ഇടപെടല്‍ തടയുക, സംസ്ഥാന നിയമ പ്രകാരം നിശ്ചയിക്കപ്പെട്ട അര്‍ഹമായ കടമെടുപ്പ് പരിധി ഭരണഘടനാവിരുദ്ധമായി വെട്ടിച്ചുരുക്കുന്നത് റദ്ദാക്കുക, സംസ്ഥാനത്തിന്റെ പബ്ലിക് അക്കൗണ്ടിലെ ബാധ്യതകളെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്രത്തിന്റെ ഉത്തരവ് റദ്ദു ചെയ്യുക, സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍ വഴിയുള്ള കടമെടുപ്പുകളെ സംസ്ഥാന കടമെടുപ്പു പരിധിയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവ് റദ്ദു ചെയ്യുക,
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പിനെ നിയന്ത്രിക്കുന്ന നിയമവിരുദ്ധ നടപടികള്‍ റദ്ദു ചെയ്യുക, ഭരണഘടനയുടെ അനുഛേദം 293(3), 293(4) എന്നിവയുടെ പേരില്‍ ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിച്ച് സംസ്ഥാനത്തിന് ഭരണഘടനാപരമായുള്ള അധികാരാവകാശങ്ങളില്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര നടപടികള്‍ വിലക്കുക, നിയമപ്രകാരമുള്ള കടമെടുപ്പ് പരിധി പ്രയോജനപ്പെടുത്തി വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സംസ്ഥാന സര്‍ക്കാരിനെ അനുവദിക്കുക ഇങ്ങനെ സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ പുനസ്ഥാപിച്ചു കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.