തിരുവനന്തപുരം : കൊല്ലം നിലമേലിൽ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച് അറസ്റ്റിലായ 12 എസ്എഫ്‌ഐക്കാര്‍ക്ക് ജാമ്യം . പൊലീസുകാരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരുന്നത്.
കൊല്ലം നിലമേലിൽ വച്ചായിരുന്നു ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന വകുപ്പായ ഐപിസി 124 കൂടി പൊലീസ് ചേര്‍ത്തിരുന്നു.
ഗവര്‍ണര്‍ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തത്. രാജ്ഭവനില്‍ നിന്നും കൊല്ലം നിലമേലിലേക്ക് ഒരു പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി പോകുന്നതിനിടെയായിരുന്നു ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി കരിങ്കൊടി കാണിച്ച് എസ്.എഫ്.ഐ പ്രവർത്തകർ രംഗത്ത് എത്തിത്. യാത്രയില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
കരിങ്കൊടിയുമായി പ്രതിഷേധം തുടർന്നതോടെയാണ് വാഹനം നിര്‍ത്തി ഗവര്‍ണ്ണര്‍ കാറില്‍ നിന്ന് പുറത്തേക്കിറങ്ങി പ്രതിഷേധക്കാര്‍ക്കും പൊലീസിനും മുഖ്യമന്ത്രിക്കുമെതിരെ ക്ഷുഭിതനായി പ്രതികരിച്ചത്. ഈ സംഭവത്തിന് പിന്നാലെ ഗവർണർക്ക് ഇസഡ് പ്ലസ് സുരക്ഷയടക്കം കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.