പട്ന: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബിഹാറിൽ പ്രവേശിക്കും. നിതീഷ് കുമാറിൻറെ എൻഡിഎ പ്രവേശനത്തിന് പിന്നാലെ ഇൻഡ്യാ സഖ്യം രാഷ്ട്രീയ വെല്ലുവിളി നേരിടുന്ന സമയത്താണ് യാത്ര ബിഹാറിൽ എത്തുന്നത്. സംസ്ഥാനത്ത് എൻഡിഎ സർക്കാരിൻ്റെ മന്ത്രിസഭ വികസന ചർച്ചകൾ ഇന്ന് ആരംഭിക്കാനിരിക്കുകയാണ്.

കിഷൻഗഞ്ചിലാണ് രാഹുലിൻറെ യാത്രയെ നേതാക്കൾ സ്വീകരിക്കുക. ബസിലും കാറിലും പദയാത്രയുമായാണ് ഇന്നത്തെ പര്യടനം. യാത്രയെ വൻ വിജയമാക്കാനാണ് കോൺഗ്രസ് ശ്രമം. ഇൻഡ്യാ സഖ്യത്തിലെ മറ്റ് പാർട്ടികളെ ഒപ്പം നിർത്തി ശക്തി കാണിക്കാനാണ് കോൺഗ്രസ് നീക്കം. തേജസ്വി യാദവ് അടക്കം ആർജെഡി നേതാക്കൾ യാത്രയിൽ അണിചേരും.

യാത്രയ്ക്കിടെ നിതീഷ് കുമാറിനെതിരെ രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉയർത്താനും ഇടയുണ്ട്. അതേസമയം ഇൻഡ്യാ സഖ്യത്തേയും കോൺഗ്രസിനെയും കടന്നാക്രമിച്ചാകും നിതീഷ് കുമാറും ജെഡിയുവും തിരിച്ചടിക്കാൻ പോകുന്നത്. സംസ്ഥാനത്ത് മന്ത്രിസഭ വികസനവും വകുപ്പ് വിഭജനവും ഇന്ന് മുതൽ ചർച്ചയാകും. നരേന്ദ്ര മോദി – നിതീഷ് കുമാർ എന്നിവർ ഒരുമിച്ച് നയിക്കുന്ന വ്യാഴാഴ്ചത്തെ റാലിയുടെ സംഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങളും സജീവ ചർച്ചയാകും.