തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ രൂപീകരിച്ച കമ്പനിയേയും പറ്റിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പെന്‍ഷന്‍ കമ്പനിക്ക് ഈ സാമ്പത്തിക വര്‍ഷം സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ നല്‍കുന്നതിന് 9764 കോടി രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. കൊടുത്തതാകട്ടെ 1500 കോടിയും.
2018- 19ല്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ നല്‍കുന്നതിന് വേണ്ടി ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് മുന്‍കൈയെടുത്ത് രൂപീകരിച്ചതാണ് സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് എന്ന കമ്പനി. കെ.എസ്.എഫ.്ഇ, കെ.എസ്.ബി.സി, കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, പെന്‍ഷന്‍ വിതരണത്തിന് ഫണ്ട് സ്വരൂപിക്കുന്നതിനായി രൂപീകരിച്ച പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം, കെ.എഫ്.സി എന്നീ സ്ഥാപനങ്ങളില്‍ നിന്ന് വിവിധ കാലയളവുകളില്‍ 6.85 ശതമാനം മുതല്‍ 10 ശതമാനം വരെയുള്ള നിരക്കുകളില്‍ വായ്പ എടുത്താണ് കമ്പനി പെന്‍ഷന്‍ നല്‍കുന്നത്.
33191.33 കോടി ഇതുവരെ കമ്പനി വായ്പ എടുത്ത് കഴിഞ്ഞു. 21818.04 കോടി രൂപ പലിശ അടക്കം കമ്പനി തിരിച്ചടച്ചു. 11373.29 കോടി രൂപയാണ് കമ്പനിയുടെ വായ്പയായി അവശേഷിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് വാഗ്ദാനം ചെയ്ത സഹായം ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ് പെന്‍ഷന്‍ കമ്പനി.
5 മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശികയാണ്. അഞ്ച് മാസമായി സമൂഹിക സുരക്ഷാ പെന്‍ഷന്‍ കിട്ടാതെ കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ഭിന്നശേഷിക്കാരന്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.
അടിമാലിയിലെ മറിയകുട്ടി ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് പിച്ചച്ചട്ടിയുമായി റോഡില്‍ ഇറങ്ങിയത് വന്‍ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. ലക്ഷക്കണക്കിന് പേരാണ് പെന്‍ഷനും ആനുകൂല്യങ്ങളും മുടങ്ങി മരുന്ന് വാങ്ങാനും ജീവിക്കാനും നിവൃത്തി ഇല്ലാതെ സംസ്ഥാനത്ത് കഷ്ടപ്പെടുന്നത്.