റിയാദ്: മരുഭൂമിയിലെ ആഢംബര തീവണ്ടി 2025 ൽ നിലവിൽ വരുമെന്ന് റിപ്പോർട്ടുകൾ. സൗദി അറേബ്യ റെയിൽവേയും (എസ്എആർ) ആഢംബര ട്രെയിൻ യാത്രകൾ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യമുള്ള ഇറ്റാലിയൻ ആഴ്സനലെ ഗ്രൂപ്പും ചേർന്നാണ് പദ്ധതിക്ക് രൂപം നൽകുന്നത്.
40 ആഢംബര ക്യാബിനുകളും പരമാവധി 80 യാത്രക്കാർക്ക് യാത്ര ചെയ്യാവുന്ന രീതിയിലുമാണ് ഈ ആഢംബര ട്രെയിനിന്റെ നിർമ്മാണം. 2025 നവംബറിൽ ട്രെയിൻ സർവീസ് ആരംഭിക്കും. ഇത് സംബന്ധിച്ച് ആഴ്സനൽ ഗ്രൂപ്പിന്റെ സിഇഒ പൗലോ ബാർലെറ്റയും സൗദി റെയിൽവേ സിഇഒ ബഷർ അൽ മലികും കരാറൊപ്പിട്ടു.
ആഢംബര ട്രെയിൻ റിയാദിൽ നിന്ന് 770 മൈൽ റൂട്ടിൽ ഹായിലൂടെ കടന്നുപോകും. ജോർദാൻ അതിർത്തിയോട് ചേർന്ന വടക്കൻ നഗരമായ അൽ-ഖുരായത്ത് വരെ ആഢംബര ട്രെയിൻ സർവീസ് ഉണ്ടാകും. പശ്ചിമേഷ്യ, വടക്കൻ ആഫ്രിക്കൻ മേഖലയിലും ആദ്യമായി ആഢംബര ട്രെയിൻ സർവീസ് ആരംഭിക്കുന്നത് രാജ്യത്തെ ഗതാഗത മേഖലയിൽ ഗുണം ചെയ്യുമെന്ന് സൗദി റെയിൽവേ എൻജിനീയർ സലേഹ് അൽ ജാസെർ പറഞ്ഞു.
രാജ്യത്തെ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് ഇവിടുത്തെ താമസക്കാർക്കും വിനോദ സഞ്ചാരികൾക്കും ഈ ആഢംബര ട്രെയിൻ സഹായിക്കുമെന്ന് ബഷർ അൽ മലിക് വ്യക്തമാക്കി. ‘ആഴ്സനൽ ഗ്രൂപ്പിന് ഇത് ഒരിക്കലും വലിയ ചെലവല്ല. ഈ സ്വപ്ന സാക്ഷാത്കാരത്തിന് 200 മില്യണണാണ് നിക്ഷേപിച്ചിട്ടുളളത്. ആഢംബര ഹോട്ടൽ, ആഢംബര റിസോർട്ട് മാനേജ്മെന്റ്, ആഢംബര യാത്ര എന്നിവയിൽ വൈദഗ്ധ്യമുള്ള ഒരു ഇറ്റാലിയൻ കമ്പനിയാണ് ആഴ്സനൽ ഗ്രൂപ്പ്,’ എന്ന് ആഴ്സനൽ ഗ്രൂപ്പ് സിഇഒ പൗലോ ബാർലെറ്റ പറഞ്ഞു.