രാജ്യത്ത് വന്ദേഭാരതിന് നേരെയുള്ള കല്ലേറ് തുടർക്കഥയാവുകയാണ്. മിക്ക സംസ്ഥാനങ്ങളിലും കല്ലേറ് മുടങ്ങാതെ ലഭിക്കുന്നുണ്ട്. 6 മാസത്തിനിടെ 12 ലക്ഷം രൂപയുടെ നഷ്ടമാണ് റെയിൽവേ രേഖപ്പെടുത്തിയിരിക്കുന്നത്. എന്തായാലും റെയിൽവേ വളരെ കർശനമായ നിലപാടാണ് കല്ലേറുകാർക്കെതിരെ സ്വീകരിക്കാൻ തയ്യാറെടുക്കുന്നത്. നിലവിലെ നിയമങ്ങൾ കുറെക്കൂടി കർക്കശമാക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.

1989ലെ റെയിൽവേയ്സ് ആക്ട് പ്രകാരമാണ് നിലവിൽ കല്ലേറുകാർക്കെതിരെ നടപടികളെടുക്കുന്നത്. ഈ നിയമത്തിലെ 153, 154 വകുപ്പുകളാണ് സാധാരണ പ്രയോഗിക്കുക. റെയിൽവേ നിയമത്തിലെ സെക്ഷൻ 153 പറയുന്നതു പ്രകാരം, “മനപ്പൂർവ്വമായി ഒരു പ്രവൃത്തി ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യുന്നതിലൂടെ റെയിൽവേ യാത്രക്കാരുടെ സുരക്ഷയെ അപകടത്തിലാക്കുന്നതി”നെതിരെ പ്രയോഗിക്കാനുള്ളതാണ് ഈ വകുപ്പ്. ഇങ്ങനെ ചെയ്യുന്നതായാൽ അയാൾക്ക് അഞ്ചുവർഷം വരെ തടവ് ലഭിക്കും.

രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളുടെ എണ്ണം അർധ സെഞ്ചറിയോട് അടുക്കുമ്പോൾ കേരളത്തിനും അഭിമാനിക്കാൻ വകയുണ്ട്. ലാഭക്കണക്കിൽ മുന്നിലുള്ള മൂന്നു സർവീസുകളിലൊന്ന് കേരളത്തിന്റെ സ്വന്തമാണ്; അതും ഒന്നാം സ്ഥാനത്തു തന്നെ. ഇതുവരെ ആരംഭിച്ച 41 വന്ദേ ഭാരത് ട്രെയിനുകളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് (ഒക്യുപെൻസി) കാസർകോട്-തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്‌സ്‌പ്രസിനാണ് എന്നാണ് റെയിൽവേയുടെ കണക്കുകൾ. 200 ശതമാനത്തിനടുത്താണ് ഈ ട്രെയിനിന്റെ ഒക്യുപെൻസി നിരക്ക്. അതായത് ഒരു സീറ്റിൽ ശരാശരി രണ്ട് യാത്രക്കാർ. ഡൽഹി-വാരണാസി-ഡൽഹി, ഡൽഹി-കത്ര-ഡൽഹി വന്ദേ ഭാരത് സർവീസുകളാണ് ഇതിനു പിന്നിൽ. 120 ശതമാനത്തോളമാണ് ഇരു സർവീസുകളുടെയും ഒക്യുപെൻസി നിരക്ക്. ഉയർന്ന ഡിമാൻഡ് കണക്കിലെടുത്ത് ഇതേ റൂട്ടിൽ രണ്ടാം സർവീസും ആരംഭിച്ചതും നേട്ടമായി. രാജ്യത്ത് വന്ദേഭാരത് താരമായിത്തുടങ്ങിയതോടെ പുതിയ മാറ്റങ്ങൾക്കും ഒരുങ്ങുകയാണ് റെയിൽവേ.

കേരളത്തിന് പുതിയ വന്ദേഭാരത്

കേരളത്തിലേക്കു കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ എത്തിയേക്കും. ഇതിനായി തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ വൈദ്യുതി ലൈനിലെ ന്യൂട്രൽ സംവിധാനം പരിഷ്കരിക്കാൻ നടപടി തുടങ്ങി. പാലക്കാട് ഡിവിഷനിൽ 9 മാസംകൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന 53.12 കോടി രൂപയുടെ പദ്ധതിക്കായി ടെൻഡർ വിളിച്ചുകഴിഞ്ഞു.

നിലവിലുള്ള വൈദ്യുതി ലൈനുകളിൽ വൈദ്യുതി ന്യൂട്രൽ മേഖലകളുണ്ട്. സുരക്ഷയുടെ ഭാഗമായാണ് ഇത്തരമൊരു സംവിധാനം. സാധാരണ ട്രെയിനുകളുടെ എൻജിനു മാത്രമാണ് വൈദ്യുതി ലൈനുമായി ബന്ധമുണ്ടാവുക. അതേസമയം വന്ദേഭാരതിന്റെ 16 കാറുകളും (കോച്ച്) വൈദ്യുതി ലൈനുമായി ബന്ധമുള്ളതാണ്. അതിനാൽ വന്ദേഭാരത് ട്രെയിൻ ന്യൂട്രൽ മേഖലയിലേക്കു പ്രവേശിച്ചാൽ നിന്നു പോകുന്ന അവസ്ഥ വരും. ന്യൂട്രൽ ലൈൻ സംവിധാനം പരിഷ്കരിച്ചാൽ മാത്രമേ വന്ദേഭാരതിനു സുഗമമായി യാത്ര നടത്താനാകൂ.

വന്ദേഭാരത് സ്ലീപ്പർ

വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഉടനെ ട്രാക്കിലെത്തിക്കാനാണ് ഇന്ത്യൻ റെയിൽവേയുടെ പദ്ധതി. ബിഇഎംഎൽ, ഇന്റഗ്രൽ കോച്ച് ഫാക്ടറിയുമായി സഹകരിച്ചാണ് ട്രെയിൻ രൂപകൽപ്പന ചെയ്യുന്നത്. ഫെബ്രുവരി – മാർച്ച് മാസങ്ങളിലായി ട്രെയിൻ സജ്ജമാകുമെന്നാണ് പ്രതീക്ഷ.

രാജധാനി എക്‌സ്പ്രസ്, തേജസ് എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലേതിനേക്കാൾ യാത്രാ സൗഹൃദ ഫീച്ചറുകൾ വന്ദേഭാരതിലുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ബെർത്തുകളുടെ വശത്ത് അധിക കുഷ്യൻ ഉൾപ്പെടെയുള്ള ഫീച്ചറുകൾ വന്ദേഭാരതിനെ വ്യത്യസ്തമാക്കുന്നു. ബർത്തുകൾ കൂടുതൽ സുഖപ്രദവും സൌകര്യപ്രദവുമായിരിക്കും. പൊതുവെ നിലവിലെ ട്രെയിനുകളിൽ മുകളിലെ ബർത്തിൽ കയറുക എന്നത് പലർക്കും അത്ര എളുപ്പമല്ല. കാലെത്താതെ എത്തിവലിഞ്ഞ് കയറാനുള്ള പ്രയാസം കാരണം പലരും ലോവർ ബെർത്ത് കിട്ടാനാണ് താത്പര്യപ്പെടുന്നത്. എന്നാൽ വന്ദേഭാരതിൽ മുകളിലത്തെ ബർത്തിൽ എളുപ്പത്തിൽ കയറാൻ കഴിയുന്ന തരത്തിലുള്ള ഗോവണിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മികച്ച കപ്ലറുകളായതുകൊണ്ടുതന്നെ കുലുക്കമില്ലാത്ത യാത്ര വന്ദേഭാരതിൽ ലഭിക്കും. നല്ല ആംബിയൻസ് ലഭിക്കാൻ ക്രീം, മഞ്ഞ നിറങ്ങളാണ് ഉള്ളിൽ ഉപയോഗിച്ചിരിക്കുന്നത്. കോമൺ ഏരിയയിൽ സെൻസർ അടിസ്ഥാനമാക്കിയുള്ള ലൈറ്റിംഗാണുണ്ടാവുക. ഇടനാഴികളിൽ മികച്ച ലൈറ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ആന്റി-സ്പിൽ ഫീച്ചറുകൾ ഉള്ള വാഷ് ബേസിനാണ് മറ്റൊരു പ്രത്യേകത. സെൻസർ അടിസ്ഥാനമാക്കിയുള്ള വാതിലുകൾ, പുറത്തേക്കുള്ള ഓട്ടോമാറ്റിക് ഡോറുകൾ, ഭിന്നശേഷിക്കാർക്കായി പ്രത്യേക ബെർത്തുകളും ടോയ്‌ലറ്റുകളും, ഫസ്റ്റ് എസിയിൽ ചൂടുവെള്ളം ലഭിക്കുന്ന ഷവർ, നോയ്സ് ഇൻസുലേഷൻ, ദുർഗന്ധ രഹിത ടോയ്‌ലറ്റ് സംവിധാനം എന്നിവയാണ് മറ്റ് ഫീച്ചറുകൾ.