ഡൽഹി: സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളിൽ മതപഠനം നടത്താനാകില്ലെന്നു സുപ്രീംകോടതി. ഭാഗികമായി ഫണ്ട് ലഭിക്കുന്ന സ്ഥാപനത്തിൽപ്പോലും മതപഠനം സാധ്യമല്ലെന്നു അലിഗഡ് സർവകലാശാല ന്യൂനപക്ഷ പദവി സംബന്ധിച്ച ഹർജിയുടെ വാദത്തിനിടെ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ച് പറഞ്ഞു.
1920 ലെ എഎംയു നിയമം 1951 ൽ പാർലമെൻറ് ഭേദഗതി ചെയ്തു നിർബന്ധിത മതപഠനം ഇല്ലാതാക്കിയിരുന്നു. സർക്കാരിൽനിന്ന് മുഴുവൻ പണവും ലഭിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളിൽ മതപഠനം പാടില്ല. ഗ്രാൻറുകളോ അല്ലെങ്കിൽ ബജറ്റിൻറെ ഒരു ശതമാനമെങ്കിലുമോ സർക്കാരിൽനിന്നു ലഭിക്കുന്നുണ്ടെങ്കിൽ ന്യൂനപക്ഷ സ്ഥാപനങ്ങൾ നിർബന്ധിത മതപഠനം നടത്തരുതെന്നും സുപ്രീംകോടതി പറഞ്ഞു.
ന്യൂനപക്ഷ സ്ഥാപനത്തിനു സർക്കാരിൽനിന്ന് അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ വിദ്യാർഥികളെ മതപഠനത്തിനു നിർബന്ധിക്കാൻ സാധിക്കില്ല. സർക്കാരിൽനിന്ന് ധനസഹായം ലഭിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഇതു ബാധകമാണ്- കോടതി വ്യക്തമാക്കി. അലിഗഡ് മുസ്ലിം സർവകലാശാല സ്ഥാപിക്കാൻ 30 ലക്ഷം രൂപ മുസ്ലിംകളാണു സമാഹരിച്ചതെന്നും അതിനാലാണു ന്യൂനപക്ഷ പദവി നൽകിയതെന്നും ബെഞ്ച് പറഞ്ഞു.
എന്നാൽ, 30 ലക്ഷം രൂപ മുസ്ലിംകളുടെ മാത്രം സംഭാവനയല്ലെന്നും മറ്റു സമുദായക്കാരും നൽകിയിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ വാദിച്ചു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയും അലിഗഡ് സർവകലാശാലയും ഒരേ രീതിയിലാണു സ്ഥാപിച്ചത്. ബ്രിട്ടീഷ് സർക്കാരിൽനിന്ന് ഒരു ലക്ഷം രൂപ വർഷം ഗ്രാൻറ് ലഭിച്ചിരുന്നു. നിലവിൽ അലിഗഡ് സർവകലാശാലയ്ക്കു സർക്കാർ വർഷം 1,570 കോടി രൂപ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.