കൊച്ചി: ഏഷ്യൻ കപ്പിന്റെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് തിരികെയെത്തുന്നു. ജനുവരി 31നാണ് ഐഎസ്എൽ പത്താം പതിപ്പിന്റെ രണ്ടാം പകുതി ആരംഭിക്കുന്നത്. നിലവിൽ അന്താരാഷ്ട്ര ഇടവേളയിലാണ് ഐഎസ്എൽ. എഎഫ്‌സി ഏഷ്യൻ കപ്പിനായി ഡിസംബർ അവസാനമാണ് ഐഎസ്എൽ മത്സരങ്ങൾക്ക് ഇടവേളയുണ്ടായത്. എഎഫ്‌സി ഏഷ്യൻ കപ്പിൽ മൂന്നു മത്സരങ്ങളും പരാജയപ്പെട്ട് ഇന്ത്യ പുറത്തായതോടെയാണ് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ നേരത്തെ എത്തുന്നത്.
ജനുവരി 31ന് നടക്കുന്ന ആദ്യ പോരാട്ടത്തിൽ ജംഷഡ്പൂർ എഫ്‌സി തങ്ങളുടെ ഹോം തട്ടകത്തിൽ വെച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഫെബ്രുവരി ഒന്നിന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഹൈദരാബാദ് എഫ്‌സി എഫ്‌സി ഗോവയുമായി ഏറ്റുമുട്ടും.
ഫെബ്രുവരി രണ്ടിനാണ് ആരാധകർ ഏറെ കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം. കരുത്തരായ ഒഡീഷ എഫ്‌സിയുമായാണ് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ബ്ലാസ്‌റ്റേഴ്‌സിന്റെ ഇടവേള കഴിഞ്ഞുള്ള ആദ്യ മത്സരം. ബ്ലാസ്റ്റേഴ്‌സിന്റെ എവേ മത്സരമാണിത്. ഫെബ്രുവരി 12ന് പഞ്ചാബ് എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത ഹോം മത്സരം.
ഐഎസ്എല്ലിൻറെ ആദ്യ ഘട്ടത്തിലെ മിന്നും ഫോം രണ്ടാം ഘട്ടത്തിലും തുടരാനാണ് കൊമ്പന്മാർ ശ്രമിക്കുന്നത്. 12 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഗ് ടോപ്പേഴ്‌സ് ആയി നിൽക്കുന്നത്. ഐഎസ്എല്ലിൽ മികച്ച പ്രകടനം കാഴ്ച വെക്കുമ്പോഴും കലിംഗ സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിന് തിളങ്ങാനായിരുന്നില്ല. സൂപ്പർ കപ്പിലെ മോശം പ്രകടനത്തിന്റെ നിരാശ മാറ്റുകയായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം.