ദുബായ്: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇംഗ്ലണ്ട് താരം ശുഐബ് ബഷീറിന് ഇന്ത്യൻ വിസ ലഭിച്ചു. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കേയാണ് താരത്തിന്റെ വിസ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചത്. ഈ ആഴ്ച തന്നെ ബഷീർ ടീമിനൊപ്പം ചേരുമെന്നും പ്രശ്‌നം പരിഹരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അധികൃതർ അറിയിച്ചു.
വിസാ നടപടികൾ വൈകിയതിനെ തുടർന്ന് ഇംഗ്ലീഷ് സ്പിന്നർ ശുഐബ് ബഷീറിന് ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരം നഷ്ടമായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് താരത്തിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്.
ശുഐബ് ബഷീറിന്റെ മാതാപിതാക്കൾ പാക് വംശജരായതാണ് ഇന്ത്യയിലേക്കുള്ള വിസ ലഭിക്കുന്നതിന് തിരിച്ചടിയായിരുന്നതെന്നാണ് വിവരം. നേരത്തെ ഇംഗ്ലണ്ട് താരം മൊയീൻ അലിക്കും ഇംഗ്ലണ്ട് എ ടീം അംഗം സാഖിബ് മഹ്‌മൂദിനും സമാന രീതിയിൽ പ്രശ്‌നം നേരിട്ടിരുന്നു. ഓസീസ് ഓപ്പണർ ഉസ്മാൻ ഖവാജയും വിസ പ്രശ്‌നത്തിൽ കുരുങ്ങിയിരുന്നു
ഇംഗ്ലീഷ് കുപ്പായത്തിലെ ശുഐബിന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരമാണ് വിസാ പ്രശ്‌നത്തെ തുടർന്ന് വൈകിയത്. കഴിഞ്ഞ ജൂണിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ 20കാരൻ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിനെ തുടർന്നാണ് ദേശീയ ടീമിലെത്തിയത്. ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കിറങ്ങുന്ന ഇംഗ്ലണ്ടിന് താരത്തിന്റെ അഭാവം കനത്ത തിരിച്ചടിയാണ്. സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യൻ പിച്ചുകളിൽ ശുഐബിന്റെ സാന്നിധ്യം ഇംഗ്ലണ്ട് വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടിരുന്നത്.