തെലങ്കാന : സർക്കാർ ഉദ്യാഗസ്ഥനിൽ നിന്ന് 100 കോടിയിലധികം രൂപയ വിലമതിപ്പുള്ള അനധികൃത സ്വത്തുക്കള്‍ പിടികൂടി . തെലങ്കാന റിയല്‍ എസ്റ്റേറ്റ് റെഗുലേറ്റി അതോറിറ്റി സെക്രട്ടറി ശിവബാലകൃഷ്ണയുടെയും ബന്ധുക്കളുടെയും വീടുകളിലും ഓഫീസുകളിലും നടന്ന റെയ്ഡിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന തരത്തിലുള്ള അനധികൃത സ്വത്തുക്കൾ കണ്ടെത്തിയത്.
ശിവയുടെ വീട്ടില്‍ നിന്നുമാത്രം രണ്ടുകിലോ സ്വര്‍ണവും 84 ലക്ഷം രൂപയും അടക്കം പിടിച്ചെടുത്തു. ശിവ ബാലകൃഷ്ണയെ തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കുന്ന റെഗുലേറ്ററി അതോറിറ്റിയുടെ സെക്രട്ടറിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഹൈദരാബാദിലെ വീടാണിത്.
വ്യാപക പരാതികളുടെ അടിസ്ഥാനത്തില്‍ തെലങ്കാന റെറയുടെ സെക്രട്ടറി ശിവബാലകൃഷ്ണയുടെയും ബന്ധുക്കളുടെയും വീടുകളിലും ഓഫീസുകളിലും ഇന്നലെ രാവിലെയാണ് അഴിമതി വിരുദ്ധ ബ്യൂറോ പരിശോധന തുടങ്ങിയത്. 17 ഇടങ്ങളില്‍ ഒരേ സമയമായിരുന്നു റെയ്ഡ്.
84 ലക്ഷം രൂപ കെട്ടുകളാക്കി സൂക്ഷിച്ച നിലയില്‍ ശിവ ബാലകൃഷ്ണയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. രണ്ടുകിലോ സ്വര്‍ണം, അഞ്ചരകിലോ വെള്ളി, 90 ഏക്കര്‍ കൃഷിയിടത്തിന്റെ രേഖകള്‍, വിലകൂടിയ ഐഫോണുകളും ലാപ്ടോപ്പുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളുമടക്കം അടക്കം കണ്ണഞ്ചിപ്പിക്കുന്ന സ്വത്തുക്കളാണു പിടികൂടിയത്. പിടിച്ചെടുത്തവയുടെ കൃത്യമായ രേഖകള്‍ നല്‍കാന്‍ കഴിയാത്തിനെ തുടര്‍ന്നു ശിവ ബാലകൃഷ്ണയുടെ അറസ്റ്റ് രാവിലെയോടെ രേഖപ്പെടുത്തി.
ഹൈദരബാദിലെ അടക്കം വമ്പന്‍ നിര്‍മാണങ്ങളിലെ നിയമ പ്രശ്നങ്ങളില്‍ ഇടപെടുന്ന റെഗുലേറ്ററി അതോറിറ്റി സെക്രട്ടറി റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ നിന്നു സ്വീകരിച്ച കൈക്കൂലി പണമാണു പിടികൂടിയതെന്നാണു പുറത്തുവരുന്ന വിവരം.