CrimeNational

28കാരിയായ അധ്യാപികയുടെ കൊലപാതകത്തിന് കാരണം പ്രണയപ്പക; ഭർത്താവിന്റെ പരാതിയിൽ കാമുകനായ യുവാവ് അറസ്റ്റിൽ

ബെം​ഗളൂരു: 28കാരിയായ അധ്യാപികയുടെ കൊലപാതകത്തിന് കാരണം പ്രണയപ്പകയെന്ന് പൊലീസ്. കർണാടകയിലെ മണ്ഡ്യ മേലുകോട്ടെയിൽ കാണാതായ സ്വകാര്യ സ്കൂൾ ടീച്ചറുടെ മൃതദേഹമാണ് ക്ഷേത്ര മൈതാനത്തിന് സമീപം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. പാണ്ഡവപുര മാണിക്യഹള്ളിയിൽ ദീപിക വി. ഗൗഡയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദീപികയുടെ അയൽവാസിയായ നിതീഷ് എന്ന യുവാവിനെയാണ് വിജയനഗരയിലെ ഹൊസ്പേട്ടിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു.

നിതീഷും ദീപികയും കഴിഞ്ഞ രണ്ടു വർഷത്തോളമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങൾ താക്കീത് നൽകിയതോടെ ദീപിക ബന്ധത്തിൽ നിന്ന് പിന്മാറി. ഇതോടെ ദീപികയെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്യുകയായിരുന്നു. ജന്മദിനം ആഘോഷിക്കാനെന്ന പേരിൽ ദീപികയെ മേലുകോട്ടെ ഹിൽസിലേക്കു വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പിന്നീട് ക്ഷേത്രവളപ്പിൽ കുഴിച്ചിട്ടു.

രണ്ട് ദിവസമായി ദീപകയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച രാവിലെ സ്കൂട്ടറിൽ സ്കൂളിലേക്കു പോയ ദീപക പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയില്ലെന്നാണ് ഭർത്താവ് ലോകേഷ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. നാട്ടുകാരും പൊലീസും ദീപികയ്ക്കായി അന്വേഷണം നടത്തുന്നതിനിടെ മേലുകോട്ടെ യോഗനരസിംഹ ക്ഷേത്ര വളപ്പിൽ നിന്ന് ഇവരുടെ സ്കൂട്ടർ കണ്ടെത്തി.

ഇതോടെ ക്ഷേത്ര പരിസരത്ത് ബന്ധുക്കളും നാട്ടുകാരും പരിശോധന നടത്തുന്നതിനിടെ മൈതാനത്തെ മണ്ണ് ഇളകിക്കിടക്കുന്നത് കണ്ട് സംശയം തോന്നി. തുടർന്ന് ഇവിടെ കുഴിച്ച് നോക്കിയപ്പോഴാണ് ദീപികയുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു അധ്യാപികയായ ദീപിക.

Leave a Reply

Your email address will not be published. Required fields are marked *