തിരുവനന്തപുരം : കേരളത്തിൽ നിന്ന് 24 ആസ്ഥാ സ്പെഷൽ ട്രെയിനുകൾ അയോധ്യയിലേക്ക് സർവീസ് നടത്തും. വിശ്വാസം എന്ന അർഥത്തിലാണ് അയോധ്യയിലേക്ക് ആസ്ഥാ എന്ന പേരിൽ ട്രെയിനുകൾ ഓടിക്കുന്നത്. ജനുവരി 30ന് ആദ്യ സര്‍വീസ് ആരംഭിക്കും. ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളിലായാണ് ട്രെയിനുകള്‍. 3300 രൂപയാണ് ടിക്കറ്റ് നിരക്ക്.

നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് സർവീസ്. രാജ്യമാകെ 66 ആസ്ഥാ ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുളളത്. ബിജെപി സംസ്ഥാന നേതൃത്വം റെയിൽവേ മന്ത്രിയോട് അഭ്യർഥിച്ചതിനെ തുടർന്നാണ് ആസ്ഥാ ട്രെയിനുകളുടെ എണ്ണം 24 ആയി ഉയർത്തിയത്.

അയോധ്യ ദർശനത്തിന് ആഗ്രഹിക്കുന്ന എല്ലാവരെയും ഈ മാസങ്ങളിൽ തന്നെ അയോധ്യയിൽ എത്തിക്കുകയെന്ന നിർദേശമാണ് ബിജെപി ദേശീയ നേതൃത്വം നൽകിയിട്ടുള്ളത്. ട്രെയിനുകളിൽ അയോധ്യയിലെത്തുന്നവർക്ക് താമസം ബിജെപി ഒരുക്കുമെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുള്ളത്. ട്രെയിൻ സമയം റെയിൽവേ രണ്ടു ദിവസത്തിനുള്ളിൽ അറിയിക്കും.

അതേ സമയം അയോധ്യയിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹമാണെന്നാണ് ക്ഷേത്ര ഭാരവാഹികൾ നൽകുന്ന കണക്കുകൾ.തിരക്ക് കാരണം ക്ഷേത്ര നഗരത്തിന്റെ അതിര്‍ത്തികള്‍ താല്‍ക്കാലികമായി അടച്ചതായി അയോധ്യ ജില്ലാ ഭരണകൂടം അറിയിച്ചു. ആദ്യ ദിനത്തില്‍ അഞ്ച് ലക്ഷത്തിലധികം പേരാണ് ദര്‍ശനത്തിനെത്തിയത്. ജനുവരി 23 മുതലാണ് ക്ഷേത്രത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചത്.

ജനുവരി 22-നായിരുന്നു അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നത്. പ്രതിഷ്ഠാ ചടങ്ങ് നടന്നതിനു ശേഷമുള്ള ആദ്യ ദിനമായ ജനുവരി 23-നാണു ഭക്തരില്‍ നിന്നു നേരിട്ടും ഓണ്‍ലൈനായും കാണിക്കയായി 3.17 കോടി രൂപ ലഭിച്ചത്.