തിരുവനന്തപുരം: റിപബ്ലിക് ദിനത്തില്‍ പൗരപ്രമുഖര്‍ക്ക് വിരുന്നൊരുക്കാന്‍ ഗവര്‍ണര്‍ക്ക് 20 ലക്ഷം രൂപ അനുവദിച്ച് പിണറായി. റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്ഭവനിലാണ് 20 ലക്ഷം രൂപയുടെ വിരുന്ന്.

അറ്റ് ഹോം എന്ന പേരില്‍ അറിയപ്പെടുന്ന പരിപാടിക്ക് 20 ലക്ഷം ഫണ്ട് അനുവദിക്കണമെന്ന് രാജ്ഭവന്‍ ഡിസംബര്‍ 22 ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ജനുവരി 5ന് പണം അനുവദിക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കി.

തുടര്‍ന്ന് ഈ മാസം 21 ന് അധിക ഫണ്ട് അനുവദിച്ച് ബാലഗോപാല്‍ വക ഉത്തരവും ഇറങ്ങി. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തൂക അനുവദിച്ചത്. അതുകൊണ്ട് തന്നെ 20 ലക്ഷം രാജ്ഭവന് ട്രഷറിയില്‍ നിന്ന് ഉടന്‍ ലഭിക്കും.

1 ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകള്‍ക്കാണ് ട്രഷറി നിയന്ത്രണം എങ്കിലും ഓവര്‍ഡ്രാഫ്റ്റ് ആയതോടെ 1000 രൂപ പോലും ട്രഷറിയില്‍ നിന്ന് മാറുന്നില്ല. ഗവര്‍ണര്‍, മുഖ്യമന്ത്രി ഇവരുടെ ചെലവുകള്‍ക്ക് മാത്രമാണ് ട്രഷറിയില്‍ നിന്ന് ബില്ലുകള്‍ പാസാക്കി കൊടുക്കുന്നത്.

രാജ്ഭവനില്‍ പൗരപ്രമുഖര്‍ക്കായി ഗവര്‍ണര്‍ ഒരുക്കുന്ന വിരുന്നില്‍ മുഖ്യമന്ത്രിയും കുടുംബവും പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന സൂചന. നാളെ നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ നിയമസഭയില്‍ എത്തുന്നുണ്ട്. പുറമെ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ തര്‍ക്കം എന്നൊക്കെ വരുത്തി തീര്‍ത്ത് മുന്നോട്ട് പോകുന്ന ശൈലിയാണ് ഇരുവരും സ്വീകരിക്കുന്നത്.

ഗവര്‍ണര്‍ മുഖ്യമന്ത്രി തര്‍ക്കം നാടകമാണ് എന്ന പ്രതിപക്ഷ ആരോപണം ശക്തിപ്പെടുത്തുന്ന സംഭവങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.