മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടിയ താരമാണ് സാജന്‍ സൂര്യ. നാടകത്തിലൂടെ കലാരംഗത്തെത്തിയ സാജന്‍ പിന്നീട് ടെലിവിഷനിലേക്ക് എത്തുകയായിരുന്നു. 2000 ത്തില്‍ മിനിസ്‌ക്രീനില്‍ എത്തിയ സാജന്‍ സൂര്യ കഴിഞ്ഞ 23 വര്‍ഷമായി കലാരംഗത്തുണ്ട്. സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ കൂടിയായ സാജന്‍ ജോലിയും അഭിനയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുകയാണ്.
ദൂരദര്‍ശനില്‍ തുടങ്ങിയ അഭിനയജീവിതം ഇപ്പോള്‍ ഏഷ്യാനെറ്റിലെ ഗീതാഗോവിന്ദത്തില്‍ എത്തി നില്‍ക്കുന്നു. ജോലിയില്‍ തടസം വരാത്ത രീതിയില്‍ അഭിനയിക്കാന്‍ തനിക്ക് ഗവണ്മെന്റ് ഓര്‍ഡര്‍ കിട്ടിയിട്ടുണ്ട് എന്നും 20 വര്‍ഷമായി അത് പാലിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനോരമ ഓണ്‍ലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സീരിയലുകള്‍ക്കെതിരായ പൊതുവായ വിമര്‍ശനത്തിനും സാജന് മറുപടിയുണ്ട്.
സീരിയല്‍ കണ്ടിട്ട് വഴിതെറ്റുന്ന എത്രപേരുണ്ട് എന്നാണ് വിമര്‍ശകരോട് സാജന്‍ ചോദിക്കുന്നത്. അത്തരത്തില്‍ സമൂഹത്തില്‍ വഴിതെറ്റിപ്പോയ പത്ത് പേരെയെങ്കിലും ചൂണ്ടിക്കാണിക്കാന്‍ വേണ്ടേ എന്നും സാജന്‍ സൂര്യ ആരാഞ്ഞു. പണ്ട് കാലത്ത് മനോരമ, മംഗളം തുടങ്ങിയ ആഴ്ച പതിപ്പുകള്‍ വായിക്കുന്നവരായിരുന്നു. അതിലെ നോവലുകള്‍ ഒക്കെ എന്റെ ചെറുപ്പകാലത്ത് ഞാന്‍ വായിച്ചിട്ടുണ്ട്.
അന്ന് അത് വായിച്ച് ആള്‍ക്കാര്‍ ചീത്തയാകും എന്ന് പറഞ്ഞവരുണ്ടായിരുന്നു എന്നും എന്നിട്ട് ആരൊക്കെ ചീത്തയായി എന്നും സാജന്‍ സൂര്യ ചോദിച്ചു. സീരിയല്‍ കണ്ട് അനുകരിക്കുന്നതിനേക്കാള്‍ സിനിമ കണ്ട് അനുകരിക്കുന്നവരാണ് കൂടുതല്‍ ഉള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്തരം വാര്‍ത്തകള്‍ പത്രങ്ങളില്‍ കാണാറുണ്ടല്ലോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥന്‍ കൂടിയായതിനാല്‍ സമൂഹമായി ഇടപെടുന്ന ആളാണ് താനെന്നും സാജന്‍ പറഞ്ഞു.
തന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ ഇന്ന് വരെ സീരിയല്‍ കണ്ട് വഴിതെറ്റിയവരെ കണ്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയില്‍ 600 അംഗങ്ങള്‍ ഉണ്ട്. അതില്‍ 200 ഓളം പേരാണ് സജീവമായി അഭിനയരംഗത്തുള്ളവര്‍. ആത്മയില്‍ അംഗങ്ങളല്ലാത്ത 50 പേര്‍ കൂടി അഭിനയിക്കുന്നുണ്ടാകും. സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കാത്തവരാണ് മോശമാണ് ആളുകളെ വഴിതെറ്റിക്കും എന്നൊക്കെ പറയുന്നത്.
ആള്‍ക്കാര്‍ വെറുതെ പറഞ്ഞുണ്ടാക്കുന്നു എന്നല്ലാതെ യാതൊരു കഴമ്പുമില്ലെന്നും സാജന്‍ സൂര്യ പറഞ്ഞു. അക്രമരംഗങ്ങള്‍ മദ്യപാനം, പുകവലി എന്നിവയൊന്നും അധികം കാണിക്കാന്‍ പറ്റാത്തതാണ് സീരിയല്‍. സ്ത്രീക്കെതിരെ ഒരു ആക്രമണം കാണിച്ചാലും താഴെ എഴുതി കാണിക്കണം. പരിമിതികള്‍ക്കൊടുവില്‍ അഡ്ജസ്റ്റ് ചെയ്തു ചെയ്യുന്ന ഒരു കലയാണ് സീരിയല്‍.