ഭോപാൽ: കുനോ നാഷണൽ പാർക്കിൽ മൂന്ന് ചീറ്റ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി നമീബിയയിൽ നിന്ന് എത്തിച്ച ചീറ്റ. ജ്വാല എന്ന് പേരുളള ചീറ്റയാണ് പ്രസവിച്ചത്. കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് ഇക്കാര്യം എക്സിലൂടെ അറിയിച്ചു.

കുനോയിൽ ജ്വാല എന്ന് പേരുളള നമീബിയയിൽ നിന്ന് കൊണ്ടുവന്ന ചീറ്റ മൂന്ന് ചീറ്റ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. നമീബിയയിൽ നിന്ന് കൊണ്ടുവന്ന മറ്റൊരു ചീറ്റയായ ആശ ചീറ്റ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ആഴ്ചകൾക്ക് ശേഷമാണ് ജ്വാല പ്രസവിച്ചത്,’ എന്ന് ഭൂപേന്ദ്ര യാദവ് എക്സിൽ കുറിച്ചു. രാജ്യത്തുടനീളമുള്ള എല്ലാ വന്യജീവി സംരക്ഷകർക്കും വന്യജീവി സ്നേഹികൾക്കും അഭിനന്ദനങ്ങൾ. ഭാരതത്തിന്റെ വന്യജീവികൾ അഭിവൃദ്ധിപ്പെടട്ടെ എന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു.

പുതിയ ചീറ്റ കുഞ്ഞുങ്ങളുടെ ഫോട്ടോ സഹിതമാണ് മന്ത്രിയുടെ പോസ്റ്റ്. ജനുവരി മൂന്നിന് മൂന്ന് ചീറ്റ കുഞ്ഞുങ്ങൾ കുനോയിൽ ജനിച്ചിരുന്നു. ജനുവരി 16ന് കുനോയിൽ ശൗര്യ എന്ന ചീറ്റ ചത്തിരുന്നു. കുനോ നാഷണൽ പാർക്കിലെ പത്താം മരണമായിരുന്നു ഇത്. ചീറ്റയുടെ മരണത്തിന്റെ യഥാർത്ഥ കാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമെ കണ്ടെത്താൻ സാധിക്കുകയുളളുവെന്ന് അധികൃതർ അറിയിച്ചു.