തിരുവനന്തപുരം: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനിടെ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് വിഷയത്തിൽ നിലപാട് വ്യക്തമാക്കി സിനിമ താരങ്ങൾ. ആഷിഖ് അബു, നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ തുടങ്ങിയവരാണ് ചിത്രങ്ങൾ പങ്കുവെച്ചത്.

‘നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’, എന്നീ വരികളോടെയാണ് റിമ കല്ലിങ്കൽ കുറിപ്പ് പങ്കിട്ടത്. നമ്മുടെ ഇന്ത്യ എന്ന വരികളോടെയാണ് പാർവ്വതി തിരുവോത്തിന്റെ കുറിപ്പ്. ‘ഇന്ത്യ, പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്’ എന്നായിരുന്നു ആഷിഖ് അബുവിന്റെ കുറിപ്പ്. ഗായിക ലക്ഷ്മി ഗൗരിയും വിഷയത്തിൽ പ്രതികരിച്ചു. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’, എന്ന ഗാനം ആലപിച്ച് കൊണ്ട് റിപ്പോർട്ടർ ചാനലിലൂടെയായിരുന്നു അവർ നിലപാട് അറിയിച്ചത്.

അതേസമയം പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി നിരവധി സിനിമാ താരങ്ങളാണ് ഇന്ന് അയോധ്യയിൽ എത്തിയത്. അമിതാഭ് ബച്ചൻ, രജനികാന്ത്, ധനുഷ്, ചിരഞ്ജീവി, ജാക്കി ഷ്റോഫ്, ആലിയ ഭട്ട്, രൺബീർ കപൂർ, കത്രീന കൈഫ്, ആയുഷ് മാൻ ഖുറാന, രാം ചരൺ, രൺദീപ് ഹൂഡ, പവൻ കല്യാൺ,ഖുശ്ബു, കങ്കണാ റണാവത്ത്, ഷെഫാലി ഷാ ,ചിരഞ്ജീവി, രാം ചരൺ തുടങ്ങിയ താരങ്ങളാണ് ചടങ്ങിനെത്തിയത്. കായിക മേഖലയിൽ നിന്ന് സച്ചിൻ ടെണ്ടുൽക്കർ, സെയ്ന നെവാൾ , പിടി ഉഷ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഗായകരായ സോനും നിഗം, അനുരാധ പദ്വാൾ, ശങ്കർ മഹാദേവൻ എന്നിവരാണ് പ്രാണ പ്രതിഷ്ഠ ചടങ്ങിന്റെ ഭജനയ്ക്ക് നേതൃത്വം നൽകിയത്. ഏഴായിരത്തോളം അതിഥികളെയായിരുന്നു ചടങ്ങിന് ക്ഷണിച്ചിരുന്നത്. മലയാള സിനിമ മേഖലയിൽ നിന്നും നടൻ മോഹൻലാലിന് ക്ഷണം ലഭിച്ചിരുന്നു. ജനുവരി മാസത്തിന്റെ തുടക്കത്തിൽ അയോധ്യയിൽ നിന്നുള്ള അക്ഷതം മോഹൻലാൽ സ്വീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം ചടങ്ങിൽ പങ്കെടുക്കുമെന്ന് കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം പങ്കെടുത്തിട്ടില്ല.