തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സഹായമൊരുക്കുക എന്ന ലക്ഷ്യത്തോടെ ട്രിവന്‍ട്രാം കള്‍ച്ചറല്‍ സെന്ററില്‍ (ടി.സി.സി) ആരംഭിച്ച ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ ‘പീപ്പിള്‍സ് ഇന്‍ഫോ’ ക്ക് തുടക്കമായി.
ടി.സി.സിയില്‍ നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി.മുജീബുറഹ്മാന്‍ പീപ്പിള്‍സ് ഇന്‍ഫോ ഉദ്ഘാടം ചെയ്തു. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് സാധ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തുക എന്നതാണ് ഗൈഡന്‍സ് സെന്റര്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പി.മുജീബുറഹ്മാന്‍ പറഞ്ഞു.
ഇതൊരു തുടക്കമാണ്. ഭാവിയില്‍ കൂടുതല്‍ വിശാലമായ നിലയിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും പരമാവധിയാളുകള്‍ക്ക് ഉപകാരമെത്തിക്കാനും സാധിക്കണം. വളരെ സങ്കീര്‍ണ്ണമാണ് ദേശീയ സാഹചര്യങ്ങള്‍. വംശീയ അജണ്ടകള്‍ വളരെ ആസൂത്രണത്തോടെ നടപ്പാക്കപ്പെടുകയാണ്.
പ്രബുദ്ധമായ കേരളീയ സാമൂഹ്യബോധത്തെ പോലും ഇസ്ലാമോഫോബിയ ബാധിച്ച് തുടങ്ങിയിരിക്കുന്നു. നിലവിലെ സാഹചര്യങ്ങളെ ആത്മാഭിമാനത്തോടെ അതിജീവിക്കാനുള്ള ശേഷി ആര്‍ജ്ജിക്കുക എന്നത് ഏറെ പ്രസക്തമാണ്. സംഘടനപരമായ ഈഗോകള്‍ക്കപ്പുറം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായുള്ള നിലപാട് വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, സബ് സോണ്‍ സെക്രട്ടറി ടി.എ ബിനാസ്, ജില്ല പ്രസിഡന്റ് എസ്.അമീന്‍, സബ്‌സോണ്‍ കണ്‍വീനര്‍ എം.മെഹബൂബ്, എ.എസ് നൂറുദ്ദീന്‍, എച്ച്.ഷഹീര്‍ മൗലവി എന്നിവര്‍ പങ്കെടുത്തു.