ന്യൂഡൽഹി: പ്രധാനമന്ത്രി ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾക്കൊപ്പം വൻ താരനിരയും കൂടിയാണ് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നത്. സംഗീത – സിനിമാ – കായിക രംഗത്തെ താരങ്ങൾ മുതൽ സാംസ്‌കാരിക രംഗത്തെ താരങ്ങൾ വരെയുണ്ട്. പ്രതിഷ്ഠാ ചടങ്ങിന് മണിക്കൂറുകൾക്ക് മുൻപേ തന്നെ പ്രമുഖർ എത്തിക്കഴിഞ്ഞു.

ക്ഷണിക്കപ്പെട്ട പതിനായിരം പേരെന്നാൽ രാജ്യത്തെ മുൻനിര സെലബ്രിറ്റികളിൽ തുടങ്ങും. അതിൽ ബോളിവുഡിൽ നിന്നുള്ള ചലച്ചിത്ര താരങ്ങളുടെ വലിയ നിരയാണുള്ളത്. പ്രമുഖ കായികതാരങ്ങളാണ് മറ്റൊന്ന്. രാഷ്ട്രീയ നേതാക്കളുടെയും നീണ്ട നിര തന്നെയുണ്ട് അയോധ്യ ക്ഷേത്ര പരിസരത്ത്.

അമിതാഭ് ബച്ചൻ, രജനീകാന്ത്, ധനുഷ്, ചിരഞ്ജീവി, ജാക്കി ഷ്റോഫ്, ആലിയ ഭട്ട്, രൺബീർ കപൂർ തുടങ്ങിയവരാണ് ചടങ്ങിൽ പങ്കെടുക്കുന്ന സിനിമാ താരങ്ങൾ. ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യ അനുഷ്‌ക ശർമ്മയും ചടങ്ങിനെത്തും. രാജ്യത്തെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയാണിതെന്നായിരുന്നു സംഗീത സംവിധായകൻ ശങ്കർ മാഹാദേവന്റെ പ്രതികരണം.

അയോധ്യയിലേക്കുള്ള വിശ്വാസികൾക്ക് ഒപ്പമായിരുന്നു അഭിനേതാവ് അനുപം ഖേറിന്റെ വിമാനയാത്ര. ഈ ദിവസത്തിനായി വർഷങ്ങളായി കാത്തിരിക്കുന്നുവെന്നായിരുന്നു അനുപം ഖേറിന്റെ പ്രതികരണം. രാജ്യം മുഴുവൻ ആഘോഷിക്കുന്ന നിമിഷമാണെന്നായിരുന്നു ബോളിവുഡ് താരം ഷെഫാലി ഷായുടെ പ്രതികരണം. രാജ്യത്തെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയാണിതെന്നും ഷെഫാലി ഷാ പറഞ്ഞു. അഭിനേതാവ് രൺദീപ് ഹൂഡ, ഭാര്യ ലിൻ ലൈഷ്റാം എന്നിവർ അയോധ്യയിലേക്കുള്ള വരവ് ഇൻസ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചു. അങ്ങേയറ്റം ആവേശത്തോടെയും ആശ്ചര്യത്തോടെയുമാണ് പ്രതിഷ്ഠാ ചടങ്ങിനെത്തുന്നതെന്നായിരുന്നു രൺദീപ് ഹൂഡയുടെ പ്രതികരണം. ഇതൊരു മതപരമായ ചടങ്ങ് മാത്രമല്ല, സാംസ്‌കാരികവും പൈതൃകവും നിറഞ്ഞ ചടങ്ങ് കൂടിയാണെന്നും രൺദീപ് ഹൂഡ പറഞ്ഞു.