Kerala Government News

ശമ്പള പരിഷ്കരണ കുടിശികയുടെ ആദ്യ ഗഡു നീട്ടി വച്ച ഉത്തരവ് ഇറങ്ങിയിട്ട് 22 മാസം; കുടിശിക ഫയലിൽ കെ.എൻ. ബാലഗോപാൽ എഴുതിയത് ഇങ്ങനെ

ശമ്പള പരിഷ്കരണ കുടിശികയുടെ ആദ്യ ഗഡു നീട്ടി വച്ച ഉത്തരവ് ഇറങ്ങിയിട്ട് 22 മാസം. 2023 മാർച്ച് 30 നാണ് ശമ്പള പരിഷ്കരണ കുടിശിക പ്രതീക്ഷിച്ചിരുന്ന ജീവനക്കാർക്ക് മേൽ ഇടിത്തീ ആയി കെ. എൻ. ബാലഗോപാലിൻ്റെ നിർദ്ദേശപ്രകാരം ധന അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്ന ബിശ്വനാഥ് സിൻഹയുടെ ഉത്തരവ് ഇറങ്ങിയത്.

പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശികയുടെ ഒന്നാം ഗഡു 2023 ഏപ്രിൽ 1 ന് ലഭിക്കുമെന്നായിരുന്നു നേരത്തെ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നത്. 1750 കോടിയായിരുന്നു ഒന്നാം ഗഡു കൊടുക്കാൻ വേണ്ടിയിരുന്നത്.

കുടിശിക പി.എഫിൽ ലയിപ്പിക്കുമെന്നായിരുന്നു വാഗ്ദാനം. പി.എഫിൽ ഒന്നാം ഗഡു ഏപ്രിൽ 1 ന് ലയിപ്പിക്കാതിരുന്നതോടെ ഇതുവരെ 22 മാസത്തെ പി.എഫ് പലിശയും ജീവനക്കാർക്ക് നഷ്ടപ്പെട്ടു.

ശമ്പള പരിഷ്കരണ കുടിശികയുടെ ഒന്നാം ഗഡു അനുവദിച്ചാൽ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത സംസ്ഥാനത്തിൻ്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെ കൂടുതൽ പ്രതിസന്ധിയിലാക്കും എന്നായിരുന്നു കുടിശിക നീട്ടി വച്ചു കൊണ്ടുള്ള ധനവകുപ്പ് ഉത്തരവിൽ പറഞ്ഞത്. അതുകൊണ്ട് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ ഇത് നീട്ടിവച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു എന്നാണ് ധനവകുപ്പ് ഉത്തരവ്.

പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശിക 4 ഗഡുക്കൾ ആയി തരുമെന്നായിരുന്നു തോമസ് ഐസക്ക് 2021 ഫെബ്രുവരിയിൽ ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. 1.4.23, 1. 10. 23, 1.4.24, 1.10.24 എന്നീ തീയതികളിൽ 4 ഗഡുക്കളായി 25 ശതമാനം വീതം കുടിശിക പി.എഫിൽ ലയിപ്പിക്കുമെന്നായിരുന്നു 2021 ഫെബ്രുവരിയിലെ ഉത്തരവ്.

തുടർഭരണം കിട്ടിയതോടെ കെ.എൻ. ബാലഗോപാൽ ധനമന്ത്രിയായി. ഐസക്ക് ഇറക്കിയ ഉത്തരവ് ബാലഗോപാൽ കാറ്റിൽ പറത്തി. 1.4. 23 ലെ കുടിശിക നീട്ടി വച്ച ബാലഗോപാൽ 1.10.23 ൽ ലഭിക്കേണ്ട രണ്ടാമത്തെ കുടിശികയും നീട്ടി വച്ച് ഉത്തരവ് ഇറക്കി.

1.4. 24 ൽ മൂന്നാമത്തെ കുടിശിക ലഭിക്കേണ്ട ഫയൽ ബാലഗോപാലിൻ്റെ മുന്നിൽ എത്തിയപ്പോൾ ബാലഗോപാൽ അതിൽ ഇങ്ങനെ കുറിച്ചു ” ലോക സഭ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പുറപ്പെടുവിച്ചിരിക്കുകയാണ്. അതിന് ശേഷം ഫയൽ സമർപ്പിക്കുക” . അങ്ങനെ മൂന്നാം ഗഡു അനുവദിക്കേണ്ട ഫയൽ ധനവകുപ്പിൽ തിരിച്ചെത്തി.

ലോകസഭ ഫലം വന്നതിന് ശേഷം ധനവകുപ്പ് ഉദ്യോഗസ്ഥർ ഈ ഫയൽ അയക്കുന്നത് സംബന്ധിച്ച് ബാലഗോപാലിനെ ബന്ധപ്പെട്ടു. ബാലഗോപാലിൻ്റെ മറുപടി ഇങ്ങനെ ” ആദ്യ രണ്ട് ഗഡു കൊടുത്തില്ല. പിന്നെങ്ങനെ മൂന്നാം ഗഡു കൊടുക്കും. ഞാൻ പറയാതെ ഫയൽ അയക്കേണ്ട “. ഇതോടെ മൂന്നാം ഗഡു ഫയൽ ധനവകുപ്പിൽ ഉറക്കത്തിലായി.

1.10. 24 ൽ നാലാം ഗഡു അനുവദിക്കേണ്ട സമയത്ത് ബാലഗോപാലിനോട് ഈ ഫയൽ അയക്കേണ്ടേ എന്ന് ചോദിക്കാനുള്ള ധൈര്യം പോലും ധനവകുപ്പ് ഉദ്യോഗസ്ഥർക്ക് ഉണ്ടായില്ല. അങ്ങനെ പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശികയുടെ കാര്യം ഒരു തീരുമാനവും ഇല്ലാതെ ധനവകുപ്പിൽ ഉറങ്ങുന്നു.

1.7.24 ൽ പുതിയ ശമ്പള പരിഷ്കരണം ജീവനക്കാർക്ക് ലഭിക്കേണ്ടതാണ് . അതിന് കമ്മീഷനെ പോലും ഇതുവരെ നിയമിച്ചിട്ടും ഇല്ല. ശമ്പള പരിഷ്കരണ കുടിശികയും ഇല്ല പുതിയ ശമ്പള പരിഷ്കരണവും ഇല്ല എന്നതാണ് അവസ്ഥ.

ഇതിനിടയിലും കിട്ടുന്ന വേദികളിൽ എല്ലാം ജീവനക്കാരുടെ ആനുകൂല്യങ്ങൾ സമയ ബന്ധിതമായി നൽകും എന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പ്രസംഗിക്കുന്നു. ഭരണകക്ഷി സർവീസ് സംഘടനകൾ റീൽസുകളായി മുഖ്യമന്ത്രിയുടെ പ്രസംഗം പ്രചരിപ്പിക്കുന്നു. പ്രസംഗം അല്ലാതെ മറ്റൊന്നും നടക്കുന്നില്ല എന്നതാണ് വാസ്തവം.

Leave a Reply

Your email address will not be published. Required fields are marked *