തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണ വിജയന്റെ ഐ.ടി സ്ഥാപനത്തില്‍ നിരവധി ക്രമക്കേടുകളാണ് പുറത്തുവരുന്നത്. ഒരു ഐ.ടി സംരംഭകയായ സ്ത്രീയെ വേട്ടയാടുന്നുവെന്നാണ് ഇതിനെക്കുറിച്ച് സിപിഎം നേതാവ് ഇ.പി. ജയരാജന്റെ പരിഭവം.

എന്നാല്‍, പിണറായി വിജയന്റെ മകള്‍ ഐടി എന്‍ജിനിയറിംഗിന് അഡ്മിഷന്‍ നേടിയ കഥ, കേരളത്തില്‍ ഒരുപക്ഷേ പലരും അറിഞ്ഞിട്ടുണ്ടാവില്ല. സിപിഎമ്മിന്റെ പ്രമുഖ നേതാവും മാധ്യമപ്രവര്‍ത്തകനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ തന്റെ ആത്മകഥയില്‍ വീണയ്ക്ക് കോയമ്പത്തൂരിലെ അമൃത എന്‍ജിനിയറിംഗ് കോളജില്‍ അഡ്മിഷന്‍ കിട്ടിയ കാര്യം വിവരിച്ചിട്ടുണ്ട്.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ സിപിഎമ്മും അവരുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയും സമരം നടത്തുന്ന കാലത്താണ് അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ തന്റെ മകള്‍ക്ക് മാതാ അമൃതാനന്ദമയിയുടെ കോളജില്‍ അഡ്മിഷന്‍ തരമാക്കിയത്. തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിയുടെ നേതാവായ പിണറായി വിജയന്റെ ജീവിതത്തിലെ ഇരട്ടത്താപ്പിനെ കുറിച്ചും മുതലാളിമാരോടുള്ള അടുപ്പത്തെക്കുറിച്ചും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ‘ഒളിക്യാമറകള്‍ പറയാത്തത്’ എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. ആ പുസ്തകത്തിലെ ദഹിക്കാതെ പോയ ഊണ് എന്ന അധ്യായത്തില്‍ നിന്ന്.

ദഹിക്കാതെ പോയ ഊണ്

മൂന്ന് സന്ദര്‍ഭങ്ങളിലാണ് ഞാന്‍ എകെജി സെന്ററില്‍ പ്രവര്‍ത്തിച്ചത്. ആ സമയങ്ങളില്‍ വി.എസ് അച്യുതാനന്ദന്‍, ഇ. കെ നായനാര്‍, ചടയന്‍ ഗോവിന്ദന്‍, പിണറായി വിജയന്‍ എന്നിവരായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിമാര്‍. പരമഭക്തനായ ഒരു പൂജാരിക്ക് ക്ഷേത്രപരിപാലനത്തില്‍ കിട്ടുന്ന സംതൃപ്തിയും ചാരിതാര്‍ഥ്യവും പാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററില്‍ ജോലി ചെയ്യുന്ന സമയത്ത് എനിക്ക് ലഭിച്ചിരുന്നു.

ചടയന്‍ ഗോവിന്ദന്റെ കാലംവരെ എകെജി സെന്ററിലെ നടപടികളും നേതാക്കളുടെ പ്രവര്‍ത്തന രീതികളും സുതാര്യവും തികച്ചും കമ്മ്യൂണിസ്റ്റ് രീതിക്കൊത്തതുമായിരുന്നു. എകെജി സെന്ററില്‍ എനിക്ക് ഒരു മുറി അനുവദിച്ചുതന്നിരുന്നു. കേന്ദ്രകമ്മിറ്റിക്ക് അയക്കേണ്ട പാര്‍ട്ടി രേഖകള്‍ പരിഭാഷപ്പെടുത്തുക, ദൈനംദിന രാഷ്ട്രീയകാര്യങ്ങള്‍ ശ്രദ്ധിച്ച് നേതാക്കളെ ധരിപ്പിക്കുക, കേന്ദ്രകമ്മിറ്റി ഓഫീസുമായി സമ്പര്‍ക്കം പുലര്‍ത്തുക, സാര്‍വദേശീയ സഖാക്കളെ സ്വീകരിക്കുക എന്നിവയാണ് ഞാന്‍ നിര്‍വ്വഹിച്ചിരുന്ന ചുമതലകള്‍.

എകെജി സെന്ററിലെ ഭക്ഷണം, ലളിതവും ഹൃദ്യവുമായിരുന്നു. വടകരക്കാരന്‍ കേളപ്പനാണ് അടുക്കളയുടെ ചുമതല. രാവിലെ വെറുമൊരു ചായ, ഒന്‍പതു മണിക്ക് പ്രാതല്‍, ഉച്ചയ്ക്ക് ഊണ്, വൈകുന്നേരം ചായയും പലഹാരവും. രാത്രി കഞ്ഞിയോ ചപ്പാത്തിയോ. ചായ എനിക്കും നേതാക്കള്‍ക്കും മുറികളില്‍ എത്തിച്ചുതരും.

പിണറായി വിജയന്‍ എകെജി സെന്ററിലുണ്ടെങ്കില്‍ ഉച്ചയൂണിന് ശേഷം അദ്ദേഹത്തിന്റെ മുറിയില്‍വെച്ച് ഇംഗ്ലീഷ് സംസാരിക്കാന്‍ പരിശീലിപ്പിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റിലെ ഒട്ടുമിക്കവര്‍ക്കും ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ കഴിയാത്തുകാരണം, കേന്ദ്ര നേതാക്കളുമായുള്ള ആശയവിനിമയത്തിനു പരിഭാഷകന്റെ സഹായം വേണ്ടിവരാറുണ്ട്.

ഒരുദിവസം സ്‌പോക്കണ്‍ ഇംഗ്ലീഷ് തുടങ്ങാനിരിക്കെ, പിണറായി ആകെ അസ്വസ്ഥനായി കാണപ്പെട്ടു. അന്വേഷിച്ചപ്പോള്‍ അദ്ദേഹം കാര്യം പറഞ്ഞു. പ്ലസ്ടു പാസായ അദ്ദേഹത്തിന്റെ മകള്‍ വീണയ്ക്ക് ഐടി വിഷയത്തില്‍ എഞ്ചിനിയറിംഗ് ചേരണമെന്ന് കലശലായ ആഗ്രഹം. എന്നാല്‍ മെറിറ്റില്‍ സീറ്റ് ലഭിക്കാനുള്ള മാര്‍ക്കുമില്ല. ഏതെങ്കിലും ഒരു എഞ്ചിനിയറിംഗ് കോളജില്‍ ഒരു സീറ്റ് ഉറപ്പിക്കാന്‍ കോലിയക്കോട് കൃഷ്ണന്‍ നായരെ ചുമതലപ്പെടുത്തിയിരുന്നുവത്രെ. എന്നാല്‍ അവസാന നിമിഷം അദ്ദേഹം കൈമലര്‍ത്തി. കുറച്ച് ആലോചിച്ചതിന് ശേഷം പിണറായി പറഞ്ഞു.’നിങ്ങളുടെ ക്യാപ്റ്റന്‍ കൃഷ്ണനായരല്ലേ, അദ്ദേഹം വിചാരിച്ചാല്‍ കോയമ്പത്തൂരിലെ അമൃതാ എഞ്ചിനിയറിംഗ് കോളജില്‍ ഒരു സീറ്റ് കിട്ടും, ഒന്ന് വിളിക്കുമോ’?.

2000 ജൂലൈ 17-ാം തീയതിയായിരുന്നു അന്ന്. രണ്ട് വര്‍ഷം മുന്‍പ് ചടയന്‍ മരിച്ചതിന് ശേഷം പിണറായി വിജയന്‍ വൈദ്യുതി മന്ത്രിപദം രാജിവെച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയേറ്റിയിരുന്നു. മുന്‍ ആന്റണി സര്‍ക്കാരിന്റെ കാലത്ത് ജാതിമതശക്തികളുടെയും പുത്തന്‍ സാമ്പത്തിക ശക്തികളുടെയും സമ്മര്‍ദ്ദത്തില്‍ സ്വാശ്രയ കോളേജുകള്‍ തലങ്ങും വിലങ്ങും അനുവദിച്ചിരുന്നതിനെതിരെ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും നടത്തിയ പോരാട്ടങ്ങളുടെ ചൂടും ചൂരും അപ്പോഴും അന്തരീക്ഷത്തില്‍ നിലനിന്നിരുന്നു. അവര്‍ ഒഴുക്കിയ ചോരയുടെ പാടുകള്‍ അപ്പോഴും തെരുവുകളില്‍ നിലനിന്നിരുന്നു.

ഇക്കാര്യങ്ങളെല്ലാം മനസ്സില്‍ പെട്ടെന്നുണര്‍ന്ന എനിക്ക് പിണറായിയുടെ അഭ്യര്‍ത്ഥന കേട്ടപ്പോള്‍ അമ്പരപ്പാണുണ്ടാക്കിയത്. ‘… സഖാവേ, അത് സ്വാശ്രയ കോളേജല്ലേ, ലക്ഷപ്രഭുക്തന്മാരുടെ മക്കള്‍ക്ക് മാത്രം പ്രവേശിക്കാന്‍ കഴിയുന്ന സ്ഥാപനം. അവിടെ വീണയെ ചേര്‍ത്താല്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരില്ലേ?’.

‘ നിങ്ങള്‍ അതൊന്നും നോക്കേണ്ട, കഴിയുമെങ്കില്‍ കൃഷ്ണന്‍നായരെ വിളിക്ക്,’-എന്റെ ആശങ്ക പിണറായിക്ക് രസിച്ചില്ല. മറുത്തൊന്നും പറയാതെ ഞാന്‍ എകെജി സെന്ററിലെ ഫോണില്‍ നിന്ന് ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ പേഴ്‌സണല്‍ ഫോണിലേക്ക് വിളിച്ചു.

ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ച് കഴിഞ്ഞപ്പോള്‍ കേട്ടത് കൃഷ്ണന്‍നായരുടെ നീണ്ട ചിരിയായിരുന്നു. ചിരി തീര്‍ന്നപ്പോള്‍ അദ്ദേഹം പറഞ്ഞു.’ കുഞ്ഞനന്തന്‍ നായരെ, നിങ്ങള്‍ പാര്‍ട്ടിക്കാര്‍ സ്വാശ്രയകോളേജിനെതിരല്ലേ, എസ്എഫ്‌ഐ പിള്ളേരുടെ സമരം ഇനിയും തീര്‍ന്നില്ലല്ലോ, അപ്പോള്‍ പിന്നെ പിണറായി അത്തരം കോളേജില്‍ മകളെ ചേര്‍ക്കുമോ?. നിങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചിട്ട് തന്നെയാണോ എന്നോട് സംസാരിക്കുന്നത്’?.

അതേ ഞാന്‍ പറഞ്ഞു, സഖാവ് വിജയന്‍ എന്റെ അടുത്തുണ്ട്. അദ്ദേഹത്തിന്റെ മുറിയില്‍ നിന്നാണ് സംസാരിക്കുന്നത്. പിന്നീട് കൃഷ്ണന്‍ നായര്‍ മറിച്ചൊന്നും പറഞ്ഞില്ല. അദ്ദേഹം പിന്നീട് ഇങ്ങനെ തുടര്‍ന്നു. അമ്മ ഇപ്പോള്‍ വിദേശത്താണുള്ളത്. ഞാന്‍ ബന്ധപ്പെടാന്‍ നോക്കാം. അവിടുത്തെ അഡ്മിഷന്‍ ക്ലോസ് ചെയ്തുവെന്നാണ് തോന്നുന്നത്. കുറച്ച് നേരത്തെയായിരുന്നെങ്കില്‍ ബുദ്ധിമിട്ടില്ലായിരുന്നു. ഞാന്‍ നിങ്ങളെ അങ്ങോട്ട് വിളിക്കാം.

അന്ന് വൈകുന്നേരം കൃഷ്ണന്‍നായര്‍ എന്നെ വിളിച്ചു. അദ്ദേഹം എല്ലാ തിരക്കുകളും മാറ്റിവെച്ച് ഈ ആവശ്യത്തിനായി പലരെയും ബന്ധപ്പെടുകയായിരുന്നു. ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ അങ്ങനെയാണ്. സഹായം തേടിയെത്തുന്ന ആരെയും നിരാശപ്പെടുത്തില്ല. തനിക്ക് സാധിക്കുന്നതെല്ലാം ചെയ്ത് കൊടുക്കും. എത്ര തിരക്കുള്ളപ്പോള്‍ വിളിച്ചാലും നല്ല ഉന്മേഷത്തോടെ ദീര്‍ഘസമയം സംസാരിക്കും. അദ്ദേഹത്തിന്റെ ജീവിത വിജയത്തിന് പിന്നില്‍ ഈ ഒരു ഗുണം കൂടിയുണ്ടെന്ന് ഞാന്‍ കരുതുന്നു-പരസഹായസന്നദ്ധത.

അദ്ദേഹം എന്നോട് പറഞ്ഞു. നിങ്ങള്‍ മറ്റന്നാള്‍(2000 ജൂലൈ19) രാവിലെ 10 മണിക്ക് കോയമ്പത്തൂരിലെ അമൃതാ എഞ്ചിനിയറിംഗ് കോളേജില്‍ കുട്ടിയെയും കൂട്ടിയെത്തണം. ഞാന്‍ അമ്മയെ വിളിച്ചു. സീറ്റ് ശരിയാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. കോളേജിന്റെ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ.പരമേശ്വരനെ കണ്ടാല്‍ മതി. എല്ലാ കാര്യങ്ങളും ഞാന്‍ ഏര്‍പ്പാട്‌ചെയ്തിട്ടുണ്ട്. ക്യാപ്റ്റന്‍ കൃഷ്ണന്‍നായരുടെ മൊഴി അമൃതവര്‍ഷമായി എനിക്ക് അനുഭവപ്പെട്ടു. കാരണം അത്രയ്ക്കും മാനസികസംഘര്‍ഷത്തിലായിരുന്നു പിണറായി. ഞാന്‍ പിണറായിയോട് കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിനും വലിയ ആശ്വാസമായി. അന്ന് തന്നെ കോയമ്പത്തൂരിലേക്ക് പോകുന്നതിന് അഞ്ച് എസി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഏര്‍പ്പാടുണ്ടാക്കി. തിക്കായതിനാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് എമര്‍ജന്‍സി ക്വാട്ടയില്‍ മൂന്ന് ടിക്കറ്റ് മാത്രമേ ഷൊര്‍ണ്ണൂരിലേക്ക് കിട്ടിയുള്ളൂ.

പിണറായി, ഭാര്യ കമല, മകള്‍ വീണ,ഞാന്‍, പിണറായിയുടെ ഗണ്‍മാന്‍ എന്നിവര്‍ 18ന് രാത്രി യാത്ര തിരിച്ചു. പിണറായി ട്രെയിനിന്റെ അപ്പര്‍ബെര്‍ത്തില്‍, കമലയും വീണയും ലോവര്‍ ബര്‍ത്തുകളിലും. മൂന്ന് ടിക്കറ്റുകള്‍ മാത്രം കിട്ടിയതുകൊണ്ട് എനിക്കും ഗണ്‍മാനും ബര്‍ത്തില്ല. ട്രെയിന്‍ കൊല്ലത്ത് എത്തിയപ്പോള്‍ ജനതാദള്‍ നേതാവ് സി.കെ നാണു ട്രെയിനില്‍ സീറ്റില്ലാതെ ബുദ്ധിമുട്ടുന്ന എന്നെ കണ്ടു. അദ്ദേഹം ടിടിഇയെകണ്ട് ഷൊര്‍ണ്ണൂരിലേക്ക് ഒരു ബര്‍ത്ത് തരപ്പെടുത്തിതന്നു. എനിക്ക് ബര്‍ത്ത് കിട്ടാത്ത കാര്യമൊന്നും പിണറായി ഗൗനിച്ചതേയില്ല. അദ്ദേഹത്തിന്റെ ആവശ്യത്തിനാണ് ഞാന്‍ പോകുന്നത്, എന്നിട്ടുകൂടി, അദ്ദേഹത്തെക്കാള്‍ 20 വയസ്സിന്റെയെങ്കിലും മൂപ്പുള്ള സൗകര്യത്തെക്കുറിച്ചുകൂടി ആലോചിക്കേണ്ടതായിരുന്നു. ഇതോര്‍ത്തപ്പോള്‍ എനിക്ക് ഒരുതരം ആത്മനിന്ദയാണ് തോന്നിയത്. ഞാനെന്തിന് ഇങ്ങനെ ഒരാളുടെ സഹായിയാവണം?.

ഞങ്ങള്‍ പുലര്‍ച്ചെ ഷൊര്‍ണ്ണൂരിലെത്തി. മഴകനത്ത് പെയ്യുന്നുണ്ടായിരുന്നു. ഞാന്‍ പിണറായിയോട് പറഞ്ഞു: ‘ നമുക്കൊരു ടാക്‌സി പിടിച്ച് ഗസ്റ്റ് ഹൗസിലേക്കോ, പാര്‍ട്ടി ഓഫീസിലേക്കോ പോകാം. കുളിച്ച് റെഡിയാവണ്ടേ’.

‘ ഓ, അതൊന്നും നിങ്ങള്‍ ആലോചിക്കണ്ട. അതിനെല്ലാം ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്’, പിണറായി പറഞ്ഞു. ഞങ്ങള്‍ റെയില്‍വേ സ്റ്റേഷന്റെ പുറത്ത് റോഡരികിലെത്തി. റെയില്‍വേ സ്‌റ്റേഷന്‍ കവാടത്തില്‍ ഒരാള്‍ പിണറായിയെകണ്ടപ്പോള്‍ തൊഴുതുവണങ്ങി. അദ്ദേഹം ഞങ്ങളെയും കൂട്ടി പുറത്തേക്ക് നടന്നു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഞങ്ങളെ കാത്ത് മൂന്ന് ആഢംബര കാറുകള്‍ കാത്ത് കിടക്കുന്നുണ്ടായിരുന്നു. കോയമ്പത്തൂര്‍ രജിസ്‌ട്രേഷനുള്ള ഒന്നിന്‍െ നമ്പര്‍ 5008. ഞങ്ങള്‍ അതില്‍കയറി, അത് ആരുടെ വാഹനമാണെന്ന് അപ്പോള്‍ ഞാന്‍ അറിഞ്ഞില്ല. യാത്രയിലാണ് പിണറായി പറഞ്ഞത്, ഇത് കോയമ്പത്തൂരിലുള്ള വന്‍ ബിസിനസ്സ്‌കാരനും ഇന്റില്‍ ഇലക്ട്രോസ് മെറ്റ്‌സ് ലിമിറ്റഡിന്റെ ഉടമയുമായ വരദരാജന്റേതാണെന്ന്. ഇപ്പോള്‍ പോകുന്നത് അദ്ദേഹത്തിന്റെ ഗസ്റ്റ് ഹൗസിലേക്കാണെന്നും ഉച്ചയൂണ് അദ്ദേഹത്തിന്റെ വീട്ടിലാണെന്നും പിണറായി കൂട്ടിചേര്‍ത്തു. ഞങ്ങള്‍ പാലക്കാട് വിക്ടോറിയ കോളജിന്റെ സമീപത്തുള്ള കൂറ്റന്‍ ഗസ്റ്റ് ഹൗസിലെത്തി. സ്വീകരിക്കാന്‍ പരിചാരകന്മാരുടെ പടതന്നെയുണ്ടായിരുന്നു. ഞങ്ങള്‍ വേഗം കുളിച്ച് റെഡിയായി വിഭവസമൃദ്ധമായ പ്രാതല്‍ കഴിച്ചശേഷം അതേ കാറില്‍ കോയമ്പത്തൂരിലെ അമൃത എഞ്ചിനിയറിങ് കോളജ് ലക്ഷ്യമാക്കി നീങ്ങി.

പത്ത് മണിയോടെ കോയമ്പത്തൂര്‍ എട്ടിമടയിലുള്ള അമൃത ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സിലെത്തി. കോളജിന്റെ കോ ഓര്‍ഡിനേറ്റര്‍ പ്രൊഫ.സി പരമേശ്വരന്‍ ഞങ്ങളെ സ്വീകരിച്ചു. അഡ്മിഷന്റെ നടപടി ക്രമങ്ങളെല്ലാം വേഗം പൂര്‍ത്തിയാക്കിയ ശേഷം പ്രൊഫ. പരമേശ്വരന്‍ സ്വകാര്യമായി പറഞ്ഞു:’ എന്‍ട്രന്‍സ് ടെസ്റ്റ് എന്ന ഒരു നടപടി ക്രമം ഇവിടെയുണ്ട്. അതിന്റെ മാര്‍ക്ക്കൂടി കണക്കിലെടുത്താണ് അഡ്മിഷന്‍ നല്‍കുന്നത്. വെറും ഒരു ഫോര്‍മാലിറ്റി. കുട്ടിക്ക് എഴുതിക്കൂടേ?’. ഇത് കേട്ടപ്പോള്‍ എല്ലാവരുടെയും മുഖത്ത് മ്ലാനത പടര്‍ന്നു.

ഞാന്‍ പ്രൊഫ. പരമേശ്വരനോട് സ്വകാര്യമായി പറഞ്ഞു:’ എന്‍ട്രന്‍സ് ടെസ്റ്റില്‍ കുട്ടിക്ക് പാസാവാന്‍ പറ്റണമെന്നില്ല. ഇത്രയും സഹായങ്ങള്‍ ചെയ്ത സ്ഥിതിയില്‍ അതുകൂടി ഒഴിവാക്കി തന്നാല്‍ ഉപകാരം’. അദ്ദേഹം ആരെയൊക്കെയോ വിളിച്ച ശേഷം ടെസ്റ്റ് ഒഴിവാക്കിതന്നു. ഞങ്ങളുടെ ശ്വാസം നേരെ വീണു. അങ്ങനെ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ മുഖേന മാതാ അമൃതാനന്ദമായി ഇടപെട്ട് പിണറായിയുടെ മകള്‍ വീണയ്ക്ക് സ്വാശ്രയ എഞ്ചിനിയറിംഗ് ഐടി വിഭാഗത്തില്‍ ഒരു രൂപ പോലും കോഴ നല്‍കാതെ സീറ്റ്കിട്ടി. ഇതിനിടെ വീണയുടെ ലോക്കല്‍ ‘ഗാര്‍ഡിയനായി ഒരാളുടെ പേരും വിലാസവും നല്‍കണമെന്ന് ഓഫീസിലുള്ള ഒരാള്‍ പറഞ്ഞു. ഞാന്‍ പിണറായിയുടെ മുഖത്തേക്ക് നോക്കി. പാലക്കാട്ടെയോ കോയമ്പത്തൂരിലേയോ ഏതെങ്കിലും പാര്‍ട്ടി നേതാക്കളുടെ പേര് നല്‍കാമെന്നാണ് ഞാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ പിണറായി നല്‍കിയ പേരും വിലാസവും വരദരാജന്‍ മുതലാളിയുടേതായിരുന്നു.

യാതൊരു ആലോചനയും കൂടാതെ, നേരത്തെ തീരുമാനിച്ചുറപ്പിച്ചതുപോലെ, തന്റെ മകളുടെ ‘ പ്രാദേശികരക്ഷിതാവായി’ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കോടീശ്വരനായ മുതലാളിയുടെ പേര് പിണറായി പറയുന്നത് കേട്ട് സത്യത്തില്‍ ഞാന്‍ നടുങ്ങിപ്പോയി.

എന്റെ ഈ ഭാവപ്പകര്‍ച്ച പിണറായിക്ക് തീരെ ഇഷ്ടമായില്ലെന്ന് എനിക്ക് അപ്പോഴേ തോന്നി. അഡ്മിഷന്‍ ശരിയായ ആഹ്ലാദത്തില്‍, ഉച്ചയോട് കൂടി അതേ കാറില്‍ കോയമ്പത്തൂരിലെ വരദരാജന്‍ മുതലാളിയുടെ കൊട്ടാരസദൃശമായ വീട്ടിലെത്തി. മുന്‍ വൈദ്യുതി മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനെയും കുടുംബത്തെയും സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളായിരന്നു അവിടെ. വരദരാജന്‍ മുതലാളിയും മകനും ഇന്റില്‍ ഇലക്ട്രോസ്‌മെറ്റ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ വിനോദ് നരസിംഹവും ഓടിനടന്ന് എല്ലാ ഒരുക്കങ്ങളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പാലക്കാടന്‍ ബ്രാഹ്മണരാണ് ഈ കുടുംബം.

പിണറായിയുടെ കുടുംബത്തെ പരിചയപ്പെടാനും ഭക്ഷണം കഴിക്കാനും അദ്ദേഹത്തിന്‍രെ കുടുംബാംഗങ്ങളെല്ലാം എത്തിയിരുന്നു. അവിടെ ഒരുക്കിയത് വിഭവസമൃദ്ധമായ വെജിറ്റേറിയന്‍ ഊണ്. രാഷ്ട്രനേതാക്കള്‍ക്ക് ഒരുക്കിയ എത്രയോ അന്താരാഷ്ട്രതലത്തിലുള്ള അത്താഴ വിരുന്നുകളില്‍, ഒരുപത്ര പ്രവര്‍ത്തകനെന്ന നിലയില്‍ പങ്കെടുത്ത ഞാന്‍ പോലും അവിടുത്തെ വിഭവവൈവിധ്യങ്ങള്‍ കണ്ട് അമ്പരന്ന് പോയി.

ഊണിന്‌ശേഷം വിശ്രമിക്കാന്‍ കോയമ്പത്തൂരിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ രണ്ട് സ്യൂട്ടുകളും മുതലാളി ഏര്‍പ്പാട് ചെയ്തിരുന്നു. ഞങ്ങള്‍ അവിടെപ്പോയി വിശ്രമിച്ചു. അപ്പോഴും വരദരാജന്‍ മുതലാളിയുടെ സ്വാദിഷ്ഠമായ ഊണ് എന്റെ വയറ്റില്‍ ദഹിക്കാതെ കിടന്നിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗം തുടങ്ങുന്ന ദിവസമായിരുന്നു അന്ന്. പക്ഷേ, വിജയന് യോഗത്തില്‍ സംബന്ധിക്കാന്‍ സാധിച്ചില്ല. അതിനാല്‍ ഇക്കാര്യം ഫോണില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുര്‍ജിത്തിനോട് വിളിച്ചു പറയാന്‍ പിണറായി എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ സുര്‍ജിത്തിനെ വിളിച്ച് കാര്യം പറഞ്ഞു. രണ്ടാം ദിവസത്തെ യോഗത്തില്‍ പങ്കെടുക്കാനായി വിജയന്‍ കോയമ്പത്തൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയി. അന്ന് രാത്രി അവിടെ ഹോട്ടലില്‍ തങ്ങി. പിറ്റേന്ന് തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ പിണറായി നിര്‍ദേശിച്ചു. എന്നാല്‍ അന്ന് അവിടെ തങ്ങുന്നത് കമലയ്ക്കും മകള്‍ക്കും താല്‍പര്യമില്ലായിരുന്നു. അതിനാല്‍ അന്ന് രാത്രിയത്തെ ട്രെയിനില്‍ തന്നെ ഷൊര്‍ണ്ണൂരില്‍ നിന്ന് ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. ടിക്കറ്റെല്ലാം ശരിയാക്കി തന്നത് വരദരാജന്‍ മുതലാളി.

എന്റെ ഡയറിയില്‍ 2000 ജൂലൈ 21-ന്റെ പേജില്‍ ഇങ്ങനെ കുറിച്ചിട്ടതായി കാണുന്നു:’ കമലയെയും വീണയെയും തിരുവനന്തപുരത്ത് എത്തിച്ചു. കണ്ണിന് കലശലായ വേദന. കാഴ്ച മങ്ങുന്നത് പോലെയും. എന്റെ മനസ്സ് ആകെ അസ്വസ്ഥമാണ്. എന്തൊക്കെയോ നഷ്ടപ്പെടുന്നതുപോലെ’.

മൂന്ന് ഘട്ടങ്ങളിലായുള്ള എന്റെ എകെജി സെന്ററിലെ സേവനം അവസാനിപ്പിച്ച ദിവസം കൂടിയായിരുന്നു 2000 ജൂലൈ 21.
മുകളില്‍ വിവരിച്ച സംഭവങ്ങള്‍ എന്നെ കടുത്ത നിരാശനാക്കി എന്നു മാത്രമല്ല, പിണറായി വിജയനെക്കുറിച്ചുള്ള എന്റെ എല്ലാ പ്രതീക്ഷകളും കണക്കുകൂട്ടലുകളും തിരുത്തുകയും ചെയ്തു. അധികാരവും പദവിയും വിജയനെ വല്ലാതെ ഭ്രമിപ്പിച്ചിരിക്കുന്നു എന്നും തിരിച്ചറിഞ്ഞു. പിണറായി വൈദ്യൂതി മന്ത്രിയായിരിക്കെ വരദരാജന്റെ ഫാക്ടറിക്ക് ഒരുപാട് സഹായങ്ങള്‍ ചെയ്തു കൊടുത്തിരുന്നു. 30 ലക്ഷമോ മറ്റോ ആണഅ അദ്ദേഹത്തിന് കൈരളി ചാനലിലെ ഓഹരി.

സ്വന്തം മകള്‍ക്ക് എഞ്ചിനിയറിങ് കോളജില്‍ ഒരു സീറ്റ് തരപ്പെടുത്താനുള്ള വിജയന്റെ ഈ യാത്ര, പുത്തന്‍ മുതലാളിത്തത്തിന്റെ അമ്പരിപ്പിക്കുന്ന പ്രലോഭനങ്ങളിലേക്കുള്ള ഒരു കമ്മ്യൂണിസ്റ്റുക്കാരന്റെ ഒരു വഴിതെറ്റിയ യാത്രയായിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ്, ഇ എംഎസ്. പ്രവര്‍ത്തനകേന്ദ്രം കേരളത്തിലേക്ക് മാറ്റുന്നതിന് ഏതാനും മാസം മുന്‍പായിരുന്നു ഇത്. തിരുവനന്തപുരത്ത് നിന്ന് മുംബൈ വഴിയായിരുന്നു യാത്ര. മുംബൈയില്‍ ഇറങ്ങിയപ്പോഴാണ് അറിയിപ്പു വരുന്നത്, മൂടല്‍മഞ്ഞ് കാരണം ഡല്‍ഹിയിലേക്കുള്ള വിമാനങ്ങളെല്ലാം റദ്ദാക്കിയെന്ന്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇഎംഎസിന്റെ മുഖത്ത് ഒരുതരം ശിശുസഹജമായ ചിരിവിടരും.’ കുഞ്ഞനന്താ, എന്താണ് ചെയ്യുക?’ഇഎംഎസ്. പരിഭ്രമം വിടാതെ ചോദിച്ചു.
‘ സഖാവേ, നമുക്ക് ക്യാപ്റ്റന്‍ കൃഷ്ണന്‍നായരുടെ ഹോട്ടലിലേക്ക് പോകാം. വിളിച്ച് പറഞ്ഞാല്‍ അവര്‍ വാഹനം അയയ്ക്കും’-ആ ഹോട്ടലില്‍ നിരവധി തവണ തങ്ങിയിട്ടുള്ള ഞാന്‍ പറഞ്ഞു.’ അയ്യയ്യോ വേണ്ട’, ഇഎംഎസ്. രണ്ട് കൈകളും വിടര്‍ത്തിവീശികൊണ്ട് പറഞ്ഞു. ഞങ്ങളവിടെ വിഐപി ലോഞ്ചില്‍ ഇരുന്നു. അപ്രതീക്ഷിതമായി വിമാനം റദ്ദാക്കിയത് കാരണം യാത്രക്കാരെല്ലാം ഞങ്ങളെപോലെ അസ്വസ്ഥരായി പരക്കം പായുകയായിരുന്നു.

ഇതിനിടെ, ഇഎംഎസിനെ തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥര്‍ അടുത്തെത്തി താമസസൗകര്യം വേണോയെന്ന് അന്വേഷിച്ചു. ഞങ്ങള്‍ വേണമെന്ന് പറഞ്ഞു. പരിമിതമായ സൗകര്യങ്ങളുള്ള ഒരു ചെറിയ മുറി ഞങ്ങള്‍ക്ക് ഏര്‍പ്പാട് ചെയ്തുതന്നു.

രണ്ട് വട്ടം കേരളത്തിന്റെ മുഖ്യമന്ത്രി ദീര്‍ഘകാലം സിപിഎം ജനറല്‍ സെക്രട്ടറിയുമായ ആ മനുഷ്യന്‍ യാതൊരു തരത്തിലുള്ള നീരസവും അസ്വസ്ഥതയും അസൗകര്യവും പ്രകടിപ്പിക്കാതെ ആ കുടുസ്സു മുറിയില്‍, എന്റെ തൊട്ടരികില്‍ കിടന്നുറങ്ങി. ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ ആതിഥ്യം സ്വീകരിക്കാത്ത രണ്ട് പ്രധാനനേതാക്കളെ കേരളത്തിലുണ്ടാവൂ. ഇ.എം.എസ്സും, വി. എസ്സും.(കടപ്പാട് ഒളിക്യാമറകള്‍ പറയാത്തത്- ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായർ.