ദുബായ്: അംബരചുംബികളായ കെട്ടിടങ്ങൾക്ക് കേളികേട്ട ദുബായ് നഗരത്തിന് പുതിയ അലങ്കാരമായി ബുർജ് അസീസി വരുന്നു. ബുർജ് ഖലീഫയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറിന്റെ നിർമാണ പ്രവർത്തനങ്ങൾ ദുബായ് ആരംഭിച്ചു.

12,465 കോടി രൂപയിലധികം ചെലവ് വരുന്ന വൻകിട കെട്ടിടമാണ് ഉയരുന്നത്. ഒരു സെവൻ സ്റ്റാർ ഹോട്ടൽ, ആഡംബര വസതികൾ, പെന്റ്ഹൗസ് അപ്പാർട്ടുമെന്റുകൾ, വെർട്ടിക്കൽ മാൾ എന്നിവ നിർമിക്കാൻ ലക്ഷ്യമിടുന്ന ബുർജ് അസീസി പദ്ധതിക്ക് 1.5 ബില്യൺ ഡോളർ (1,24,65,86,25,000 രൂപ) ആണ് മുതൽമുടക്ക്.

യുഎഇ ആസ്ഥാനമായുള്ള അസീസി ഡെവലപ്മെന്റ്സ് ആണ് ടവർ നിർമിക്കുന്നത്. ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെ ഒരു പ്രധാന സ്ഥലത്ത് ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ടവറിന്റെ നിർമ്മാണം അടുത്തിടെ ആരംഭിച്ചതായി കമ്പനി വെളിപ്പെടുത്തി. കെട്ടിടത്തിന്റെ ഉയരം എത്രയാണെന്ന വിവരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

നാല് വർഷത്തിനുള്ളിൽ ബുർജ് അസീസിയുടെ നിർമാണം പൂർത്തിയാകുമെന്ന് അസീസി ഡെവലപ്മെന്റ്സ് അറിയിച്ചു. കെട്ടിടത്തിനു മുകളിൽ നഗരകാഴ്ചകൾ ആസ്വദിക്കാനുള്ള സവിശേഷമായ നിരീക്ഷണ ഡെക്ക്, ഉയർന്ന നിലവാരമുള്ള ഭക്ഷണ-പാനീയ കേന്ദ്രങ്ങൾ എന്നിവ ഒരുക്കുന്നുണ്ട്. കൂടുതൽ സവിശേഷതകളും സൗകര്യങ്ങളും പിന്നീട് വെളിപ്പെടുത്തും.

തറക്കല്ലിടൽ ചടങ്ങിന്റെ ഔദ്യോഗിക തീയതി ഉടൻ പ്രഖ്യാപിക്കും. ദുബായിലെ തന്റെ സ്വപ്‌ന പദ്ധതികളിലൊന്നാണ് പ്രഖ്യാപിക്കുന്നതെന്ന് അസീസി ഡെവലപ്മെന്റ്സിന്റെ സ്ഥാപകനും ചെയർമാനുമായ മിർവായിസ് അസീസി പറഞ്ഞു. ഇന്നത്തെ ദിവസത്തിന് ഏറെ പ്രത്യേകതയുണ്ട്. എനിക്കും എന്റെ കുടുംബത്തിനും ദുബായ് അവസരങ്ങളുടെ സമൃദ്ധിയും സുരക്ഷയും നൽകിയതിനാൽ ഈ എമിറേറ്റിനും അതിന്റെ ആതിഥ്യസേവന രംഗത്തിനും എന്തെങ്കിലും തിരികെ നൽകാനുള്ള ഞങ്ങളുടെ മാർഗമാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടവർ. ദുബായിലെ എന്റെ സ്വപ്‌ന പദ്ധതികളിലൊന്നാണിത്. ഈ ടവർ ഞങ്ങളുടെ പൈതൃകം അടയാളപ്പെടുത്തുന്നതായിരിക്കും- മിർവായിസ് അസീസി പറഞ്ഞു.

2010 ജനുവരി 4ന് ഉദ്ഘാടനം ചെയ്ത ദുബായിലെ ബുർജ് ഖലീഫയ്ക്ക് 828 മീറ്റർ ഉയരമാണുള്ളത്. ബുർജ് ഖലീഫയെ മറികടക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം സൗദി അറേബ്യയിൽ നിർമാണം നടക്കുന്നു. കിങ്ടം ടവർ ജിദ്ദയിലാണ് പണിതുയർത്തുന്നത്. വർഷങ്ങൾക്ക് മുമ്പ കെട്ടിടത്തിന്റെ പ്രഖ്യാപനം നടന്നിരുന്നെങ്കിലും പലവിധ കാരണങ്ങളാൽ നിർമാണ പ്രവർത്തനങ്ങൾ ഇടയ്ക്ക് നിലച്ചിരുന്നു.