ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഭിഭാഷകൻ രൺജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ15 പ്രതികളും കുറ്റക്കാർ . 15 പേരും പിഎഫ് ഭീകരരാണ് . എട്ടുപേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നും എല്ലാ പ്രതികളും ഗൂഡാലോചനയുടെ ഭാഗമാണെന്നും കോടതി കണ്ടെത്തി.

മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ചയാണ്. 156 സാക്ഷികളാണ് കേസിലുളളത്.

2021 ഡിസംബർ 19-നായിരുന്നു രൺജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ അതിക്രമിച്ച് കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുൻപിൽ വച്ച് പിഎഫ്ഐ ഭീകരർ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ഘട്ടങ്ങളിൽ വൻ ഗൂഢാലോചനകൾക്ക് ശേഷമായിരുന്നു കൊല.

വയലാർ സ്വദേശിയായ നന്ദു കൃഷ്ണയെ കൊലപ്പെടുത്തിയപ്പോൾ താൻ പ്രതികാരക്കൊല നടക്കുമെന്ന് എസ്ഡിപിഐക്കാരായ പ്രതികൾ മുൻകൂട്ടി കണ്ടിരുന്നുവെന്നും അങ്ങനെ സംഭവിച്ചാൽ പകരം ഒരാളെ കൊലപ്പെടുത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു.

ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ ജയരാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ 1000-ത്തോളം രേഖകളും 100-ലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. വിരലടയാളങ്ങൾ, ശാസ്ത്രീയ തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകൾ തുടങ്ങിയ തെളിവുകളും കേസിൽ ഹാജരാക്കി.

പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് രൺജിത്ത് ശ്രീനിവാസനെ കൊല്ലണമെന്ന ഉദ്ദേശ്യം വളരെ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇതിനാവശ്യമായ വിപുലമായ മുന്നൊരുക്കങ്ങളും ഗൗഢാലോചനകളും പ്രതികൾ നടത്തിയിരുന്നു. പ്രത്യേകം പരിശീലനം ലഭിച്ചവരാണ് കൊല നടത്തിയത്.

ഡിസംബർ 18-ന് പ്രതികൾ ഒത്തുകൂടുകയും രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തണമെന്ന് പദ്ധതിയിടുകയും ചെയ്തു. അർദ്ധരാത്രി രൺജിത്ത് ശ്രീനിവാസന്റെ വീട്ടിലെത്തിയ സംഘം കൊലയ്ക്ക് അനുകൂല സാഹചര്യമല്ലെന്ന് കണ്ട് മടങ്ങി. രാവിലെ ആറ് മണിക്ക് വീട്ടിലെത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്