തിരുവനന്തപുരം : കുറച്ച് ദിവസങ്ങളായി കേരളത്തിൽ മോദി നാമം വീണ്ടും വീണ്ടും ഉയർന്ന് കേൾക്കുകയാണ് . വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്‌സഭാ സീറ്റ് ലക്ഷ്യം വച്ചാണ് ബിജെപി മോദിയെ കേരളത്തിലിറക്കുന്നതെന്നാണ് ഉയർന്ന് വരുന്ന രാഷ്ട്രീയ നിരീക്ഷണം. എന്നാൽ ഈ വിഷയത്തിൽ പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ പ്രകാശ് ജാവദേക്കർ.

ഇത്തരം റിപ്പോർട്ടുകൾ വെറും അഭ്യൂഹങ്ങളാണെന്ന് ജാവദേക്കർ മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട് വച്ച് മാധ്യമങ്ങളോട് സംസാരിക്കെവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം . പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്‌സഭാ സീറ്റിൽ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ വെറും അഭ്യൂഹങ്ങളാണെങ്കിലും 2024ൽ കേരളത്തിൽ നിന്ന് ബിജെപി കൂടുതൽ സീറ്റുകൾ നേടുമെന്ന് ജാവദേക്കർ അവകാശപ്പെട്ടു.

കേരളത്തിൽ എം.എൽ.എ.മാരും എം.പിമാരും ഇല്ലാതിരുന്നിട്ടും നരേന്ദ്രമോദി സർക്കാർ ഇവിടെയുള്ള ജനങ്ങൾക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെയുള്ള മാസപ്പടി വിവാദത്തിൽ സിപിഎമ്മിനെ പരിഹസിച്ച് കൊണ്ടായിരുന്നു അദ്ദേഹം വിഷയത്തിൽ അഭിപ്രായം അറിയിച്ചത്.

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽ നിന്ന് ഒരു സേവനവും നൽകാതെ പണം കൈപ്പറ്റിയതിന്, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ ഇപ്പോൾ പ്രവർത്തനരഹിതമായ ഐടി കൺസൾട്ടൻസി സ്ഥാപനമായ എക്‌സോളോജിക് സൊല്യൂഷൻസിന്റെ കാര്യങ്ങളിൽ കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണത്തെക്കുറിച്ച് ചോദിച്ചപ്പോൾ.

കേസിൽ നീതിയുക്തമായ അന്വേഷണം നടക്കുമെന്ന് ജാവദേക്കർ പറഞ്ഞു. ഇരു പാർട്ടികളിലെയും നേതാക്കൾ ഉൾപ്പെട്ട ചില കേസുകൾ ഒത്തുതീർപ്പാക്കാൻ സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മിലുള്ള രഹസ്യ ഉടമ്പടിയെക്കുറിച്ചുള്ള ആരോപണങ്ങളെയും ജാവദേക്കർ പരിഹസിച്ചു.