മതേതരത്വത്തിന്റെ പേരില്‍ ഹൈന്ദവ വിശ്വാസികളുടെ നെഞ്ചത്ത് കയറരുതെന്ന് ബിഗ്ബോസ് താരവും സിനിമ സംവിധായകനുമായ അഖില്‍ മാരാർ. അയോധ്യയില്‍ നിന്നുള്ള അക്ഷതം സ്വീകരിച്ച അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുമ്പോഴായിരുന്നു അഖില്‍ മാരാരുടെ അഭിപ്രായ പ്രകടനം.

ആർ എസ് എസ് അഖിലേന്ത്യാ സമ്പര്‍ക്ക പ്രമുഖ് ജയകുമാറിൽ നിന്നാണ് അഖിൽ മാരാർ അക്ഷതം സ്വീകരിച്ചത്. ഏതൊരു ക്ഷേത്രത്തിലെയും പ്രസാദം പോലെ ആദരവോടെ അത് സ്വീകരിച്ചുവെന്നും അഖിൽ വെളിപ്പെടുത്തി.

‘ രാമ ക്ഷേത്രം വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ശേഷം പരമോന്നത നീതി പീഠം വിധി പറഞ്ഞ് സമവായത്തില്‍ തീര്‍പ്പ് കല്പിച്ചു ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടു. ഇനിയും പഴയ വിഷയങ്ങൾ പറഞ്ഞു സമൂഹത്തില്‍ വിഷം കലര്‍ത്തി മനുഷ്യരെ തമ്മിലടിപ്പിക്കുന്ന മതേതര കോമാളികളെ നിങ്ങള്‍ ചെയ്യുന്നത് ഉള്ളില്‍ വര്‍ഗീയത യുടെ ലവലേശം പോലും ഇല്ലാത്ത മനുഷ്യരെ കൂടി വര്‍ഗീയ വാദികള്‍ ആക്കും എന്നതാണ്. മീഡിയ ഫൺ എന്ന ചാനലില്‍ 3 കഴുതകള്‍ നടത്തുന്ന ഒരു ചർച്ച കമ്മ്യുണിസ്റ്റ്കാരനായ ഒരു ഹിന്ദു കണ്ടാലും അവന്‍ വര്‍ഗീയ വാദി ആയി മാറും. സത്യത്തിൽ ഈ മീഡിയ ഫൺ ബിജെപി യുടെ വളര്‍ച്ചയ്‌ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നു എന്ന് തോന്നുന്നു.

അതോടൊപ്പം സുരേഷ് ഗോപി അടുത്ത തവണ തൃശൂര്‍ ജയിക്കും എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല അത് അദ്ദേഹത്തിന്റെ മിടുക്ക് കൊണ്ടോ ബിജെപി യുടെ സംഘടനാ സംവിധാനം കൊണ്ടോ ആയിരിക്കില്ല. സഖാക്കളുടെ പ്രചാരണവും പ്രതാപന്റെ വിവരകേടും കൂട്ടത്തില്‍ കുറെ മാദ്ധ്യമ കോമരങ്ങളും നടത്തുന്ന കൂത്ത് കൂടി ചേരുമ്പോള്‍ സുരേഷ് ഗോപി ക്യാബിനറ്റ് റാങ്കുള്ള കേന്ദ്ര മന്ത്രിയാകുമെന്നും അഖിൽ മാരാർ പറയുന്നു.

മതേതരം എന്ന പേരില്‍ അല്ലെങ്കില്‍ വര്‍ഗീയതയെ എതിര്‍ക്കുന്നു എന്ന പേരില്‍ വെറുതെ നടന്ന് ഹിന്ദുക്കളുടെ നെഞ്ചില്‍ കയറി അവരെയെല്ലാം ബിജെപി ആക്കി മാറ്റരുത്. ആർ എസ് എസ് പണിയെടുത്ത് വളരുന്നുണ്ട് . ഈ രാജ്യത്തെ ഹിന്ദുവിനെ അവന്റെ വിശ്വാസങ്ങളെ പറഞ്ഞ് ഒടുവിൽ ആർ എസ് എസിൽ എത്തിക്കുമെന്നും അഖിൽ മാരാർ പറയുന്നു.