ഹൈബിയെ നേരിടാന്‍ രേഖ തോമസും അനില്‍ ആന്റണിയും!

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 101 ശതമാനം ഗ്യാരന്റി മണ്ഡലമാണ് എറണാകുളം. കോണ്‍ഗ്രസിനുവേണ്ടി ഇത്തവണയും മത്സരിക്കുന്നത് ഹൈബി ഈഡന്‍ തന്നെയാണെന്ന് ഉറപ്പായിക്കഴിഞ്ഞിരിക്കുകയാണ്.

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജോര്‍ജ്ജ് ഈഡന്റെ മകനെ നേരിടാന്‍ ബിജെപിയും സിപിഎമ്മും രംഗത്തിറക്കുന്നത് കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണിയെയും മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ പിണറായി വിജയന്റെ അടുത്തയാളുമായ കെ.വി. തോമസിന്റെ മകള്‍ രേഖാ തോമസിനെയും ആയിരിക്കുമെന്നാണ് ഇരുകേന്ദ്രങ്ങളില്‍ നിന്നും പുറത്തുവരുന്ന സൂചനകള്‍.

ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് കുടുംബാംഗങ്ങള്‍ തമ്മിലുള്ള മത്സരമായിരിക്കും എറണാകുളം സാക്ഷ്യം വഹിക്കുക. 1984 മുതല്‍ കെ.വി. തോമസ് മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്ന മണ്ഡലമാണിത്. 2019 ന് സീറ്റ് യുവനേതാവായ ഹൈബി ഈഡന് നല്‍കിയതോടെ പിണങ്ങിയ കെ.വി. തോമസ് ഇടത് പാളയത്തിലേക്ക് ചേക്കേറുകയായിരുന്നു.

നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയിലുള്ള കെ.വി. തോമസിനോട് പിണറായി വിജയന് വളരെ വലിയ പ്രതീക്ഷകളാണുള്ളത്. കേരളവും കേന്ദ്രവും തമ്മിലുള്ള അന്തര്‍ധാര സജീവമാക്കുന്നതില്‍ കെ.വി. തോമസിന് കുറേ കാര്യങ്ങള്‍ ചെയ്യാനാകുമെന്നാണ് പിണറായി വിജയന്റെ വിശ്വാസം. ഇനിയൊരു പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് വേദിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയ കെ.വി. തോമസ് പക്ഷേ, മകളെ തെരഞ്ഞെടുപ്പ് രംഗത്തിറക്കിയാല്‍ അത്ഭുതപ്പെടാനില്ല.

എറണാകുളത്തെ ലത്തീന്‍ വോട്ടുബാങ്ക് തന്റെയൊപ്പമാണെന്ന കണക്കാണ് കെ.വി. തോമസ് പിണറായിക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പരമ്പാഗത കോണ്‍ഗ്രസ് മണ്ഡലത്തില്‍ തന്റെ കുടുംബാംഗങ്ങള്‍ക്ക് വിജയം സുനിശ്ചിതമെന്നും കെ.വി. തോമസ് വിശ്വസിക്കുന്നുണ്ട്.

അനില്‍ ആന്റണിയിലാണ് ബിജെപി പ്രതീക്ഷ വെച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയോടുള്ള ഇഷ്ടം അനില്‍ ആന്റണിക്കുള്ള വോട്ടായി മാറുമെന്നും ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിലൂടെ മതേതര മുഖമാകാന്‍ ബിജെപിക്ക് സാധിക്കുമെന്നുമാണ് പാര്‍ട്ടി നേതാക്കളുടെ കണക്കുകൂട്ടില്‍.

2019 ല്‍ റെക്കോര്‍ഡ് വോട്ടുനേടിയാണ് ഹൈബി തെരഞ്ഞെടുക്കപ്പെട്ടത്. ആകെ പോള്‍ ചെയ്തതിന്റെ 50.79 ശതമാനമായ 4,91,263 വോട്ടുകള്‍ നേടി 1,68,153 വോട്ടിന്റെ ഭൂരിപക്ഷമാണ് ഹൈബിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഎമ്മിന്റെ പി. രാജീവിന് 33.3 ശതമാനമായ 3,22,110 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തായിരുന്നു ബിജെപിയുടെ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ആകെ കിട്ടിയത് 14.24 ശതമാനമായ 1,73,749 വോട്ടുകള്‍ മാത്രം. കെട്ടിവെച്ച പണവും കണ്ണന്താനത്തിന് നഷ്ടമായി.

വീണ്ടും എറണാകുളത്തിനുവേണ്ടി പാര്‍ലമെന്റിലേക്ക് എത്തുമെന്ന് ഉറച്ച് വിശ്വസിക്കുന്ന ഹൈബി ഈഡന്‍ എതിരാളികളെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നാണ് അറിയുന്നത്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളിലും ജനവിശ്വാസത്തിലും വീണ്ടും വിജയിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments