CinemaNews

മലബാറിന്റെ മഞ്ജുവാര്യർ ; മണിയൻ കട്ടെടുത്തത് വെറും മാണിക്യമല്ല

മലയാള സിനിമയിൽ ഇന്ന് നിരവധി താരങ്ങളാണ് ഉള്ളത്. നമ്മെ പൊട്ടിച്ചിരിപ്പിച്ച പല താരങ്ങൾ പിന്നീട് തങ്ങളുടെ മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരെ കണ്ണുനനയിപ്പിച്ചുണ്ട്. തിരശീലയിൽ കാണുമ്പോൾ അഭിനയമെന്ന് തോന്നാത്ത വിധം പ്രേക്ഷകരിലൊരാളായി മാറുന്നതാണ് ഒരു അഭിനേതാവിന്റെ വിജയം. അത്തരത്തിൽ അവതരിപ്പിക്കുന്ന ഏതു കഥാപാത്രമായാലും പ്രേക്ഷകർക്ക് അത് നമ്മളല്ലേ എന്ന് തോന്നിപ്പിക്കും വിധം ഞെട്ടിപ്പിച്ചിട്ടുള്ള താരമാണ് സുരഭി ലക്ഷ്മി. എം 80 മൂസയിൽ കണ്ട പാത്തുമ്മയെ അല്ല സിനിമയിൽ പ്രേക്ഷകർ കണ്ടത്. കിട്ടുന്ന കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കുക സുരഭിയുടെ പ്രത്യേകതയാണ്.

ഇപ്പോഴിതാ, ഏറ്റവുമൊടുവിൽ അജയന്റെ രണ്ടാം മോഷണത്തിലെ മാണിക്യമായെത്തി പ്രേക്ഷകരെ ഒരിക്കൽ കൂടി സുരഭി ഞെട്ടിച്ചിരിക്കുകയാണ്. സാധാരണക്കാരുടെ ഇടയിൽ നിന്നും മലയാള സിനിമയിലേക്ക് ചേക്കേറിയ സുരഭിയുടെ യാത്ര ആരേയും ഒന്ന് അമ്പരപ്പിക്കും. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം വരെ നേടിയ സുരഭിയുടെ സിനിമ യാത്ര എന്നാൽ അത്ര എളുപ്പമായിരുന്നില്ല. നമ്മൾ സിനിമയിൽ കാണുന്നതുപോലെ ട്വിസ്റ്റുകളും വഴിത്തിരിവുകളുമെല്ലാം സുരഭിയുടെ യാത്രയിലുമുണ്ടായിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിയാണ് സുരഭി ലക്ഷ്മി. വടകര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കാലടി സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും തിയേറ്റര്‍ ആട്‌സില്‍ ബിരുദാനന്തര ബിരുദവും സുരഭി നേടിയിട്ടുണ്ട്. കൂടാതെ മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് പെർഫോമിംഗ് ആർട്‌സിൽ എംഫിലും താരം സ്വന്തമാക്കി.

ആദ്യമായി തന്നെ സ്റ്റേജിൽ കേറ്റിയത് പപ്പയാണെന്നാണ് സുരഭി ലക്ഷ്മി പറയുന്നത്. മൂന്നോ നാലോ വയസുള്ളപ്പോള്‍ നാട്ടിൽ നടന്ന സർക്കസിലാണ് സംഭവം. സ്റ്റേജ് ഷോയ്ക്കിടെ ഓഡിയന്‍സില്‍ നിന്നും ഒരു കുട്ടിയെ പാട്ട് അഭിനയിക്കാനായി സ്റ്റേജിലേക്ക് വിളിച്ചു. അപ്പോൾ പപ്പയാണ് ആദ്യമായി സ്റ്റേജിലേക്ക് പിടിച്ചു കേറ്റിയത്. അങ്ങനെയാണ് സുരഭിയുടെ ആദ്യ അഭിനയ തുടക്കം. എന്നാൽ കഴിവുണ്ടായിട്ടും സാമ്പത്തിക ക്ലേശം സുരഭിയുടെ ആഗ്രഹങ്ങള്‍ക്കെല്ലം ചൈന മതിൽ പോലെ നിന്നു. സ്കൂള്‍ കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടതില്‍ തേങ്ങുന്ന സുരഭിയുടെ ചിത്രം അക്കാലത്തെ പത്രത്താളുകളിലും ഇടം നേടി. പക്ഷേ അവിടംകൊണ്ടൊന്നും സുരഭിയിലെ കലാകാരി തോറ്റില്ല.

നാടകത്തട്ടിലാണ് സുരഭിയുടെ കരുത്തുറ്റ അഭിനയം പുറത്തുവരുന്നത്. പഠിച്ച കലാലയങ്ങളിലും അമ്പലപ്പറമ്പുകളിലുമെല്ലാം സുരഭി കസറി. തുടർന്ന് പരമ്പരകളിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയും സുരഭി മിനിസ്ക്രീനില്‍ സുപരിചിതയായി. മീഡിയ വൺ ടിവിയിലെ മലയാളം കോമിക്കൽ ടെലിവിഷൻ പരമ്പരയായ M80 മൂസയിലൂടെയാണ് സുരഭി ലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നത്. M80 മൂസയിലെ “പാത്തുമ്മ” എന്ന കഥാപാത്രം സുരഭിയുടെ ജീവിതത്തിലെ വഴിത്തിരിവാകുകയായിരുന്നു. കൂടാതെ, അമൃത ടിവിയിലെ “ബെസ്റ്റ് ആക്ടർ” എന്ന റിയാലിറ്റി ഷോയിലും സുരഭി ലക്ഷ്മി വിജയിയായിരുന്നു.

എന്നാൽ തന്റെ സിനിമ യാത്രയിൽ ചെറിയ കടമ്പകളല്ല സുരഭി ലക്ഷ്മിയ്ക്ക് കടക്കേണ്ടി വന്നത്. 2005 മുതല്‍ സിനിമയിലുള്ള സുരഭി ഒരുപാട് ചെറിയ വേഷങ്ങള്‍ സിനിമയില്‍ ചെയ്തിട്ടുണ്ട്. ഒരിക്കൽ വസ്ത്രം മാറാൻ ക്യാരവാനിൽ കയറിയതിനു ഡ്രൈവർ ചീത്ത വിളിച്ച അനുഭവം അടുത്തിടെ സുരഭി പങ്കുവച്ചിരുന്നു. തുണി മറച്ചു കെട്ടി വസ്ത്രം മാറിയ അനുഭവവും ബാത്‌റൂമില്‍ പോകാന്‍ വൈകുന്നേരം വരെ കാത്തിരുന്ന സന്ദർഭങ്ങൾ ഉണ്ടായതായും താരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ തന്റെ അഭിനയമികവിലൂടെ താരം ഇന്ന് എത്തിനിൽക്കുന്നത് അരുംകൊതിക്കുന്ന ഉയരങ്ങളിൽ തന്നെയാണ്.

തന്റെ മികച്ച അഭിനയ മികവിലൂടെ 64 -ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം സുരഭിയെ തേടിയെത്തി. കൂടാതെ, 2016-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിലെ പ്രത്യേക ജൂറി പരാമർശം, മികച്ച രണ്ടാമത്തെ നടിക്കുള്ള മലയാളം ഫിലിം ക്രിട്ടിക്‌സ് അവാർഡ് (2016) എന്നിവയും സുരഭി സ്വന്തമാക്കി. മാണിക്യമായി വന്ന് മലയാളികളുടെ മനം കട്ടെടുത്ത സുരഭിക്ക് ഒരായിരം ജന്മദിനാശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *