പഞ്ചാബ് : വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 13 ലോക്സഭാ സീറ്റുകളിലും ആം ആദ്മി പാർട്ടി വിജയിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. സംസ്ഥാന സർക്കാർ ജനങ്ങളുടെ ക്ഷേമത്തിനായി അദ്ഭുതകരമായ പ്രവർത്തനങ്ങളാണ് നടത്തിയതെന്നും അതിനാൽ ബഹുജനങ്ങൾ ഒരിക്കൽ കൂടി അവർക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തെ അവരുടെ പഞ്ചാബ് വിരുദ്ധ നിലപാടിന്റെ പേരിൽ ജനങ്ങൾ മോശമായി തള്ളിക്കളയുകയുമെന്ന ആത്മവിശ്വാസത്തിലാണ് ഭഗവന്ത് മാൻ . ജനുവരി 18-ന് നടക്കാനിരിക്കുന്ന ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും ചേർന്ന് മത്സരിക്കുന്ന സമയത്താണ് തന്റെ പാർട്ടി 13 പാർലമെന്റ് സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സൂചിപ്പിച്ചുകൊണ്ട് ഭഗവന്ത് മാൻ ഈ പരാമർശം നടത്തിയിരിക്കുന്നത് .
അതിനാൽ ഇനി മുന്നോട്ട് ഇരു കൂട്ടരും കടുത്ത മത്സരത്തിലായിരിക്കുമെന്നത് ഉറപ്പിക്കാം. കഴിഞ്ഞ വർഷം കോൺഗ്രസിന്റെയും ആം ആദ്മിയുടേയും ഡൽഹി, പഞ്ചാബ് യൂണിറ്റുകൾ ബി ജെ പിക്കെതിരെ സഖ്യമുണ്ടാക്കാൻ വിമുഖത കാണിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ വെവ്വേറെ മത്സരിക്കുമെന്ന് ഇരു പാർട്ടികളുടെയും നേതാക്കൾ അറിയിച്ചിരുന്നു.
എന്നിരുന്നാലും, 2024-ന്റെ തുടക്കത്തിൽ തന്നെ ഇന്ത്യാ ബ്ലോക്ക് പങ്കാളികൾ ഒരു കരാറിലെത്താനുള്ള തങ്ങളുടെ ശ്രമങ്ങൾ പുതുക്കി. കഴിഞ്ഞയാഴ്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ചിരുന്നു. ചണ്ഡീഗഡിൽ ജനുവരി 18 ന് നടക്കുന്ന മേയർ സ്ഥാനത്തേക്ക് സഖ്യകക്ഷികളായി മത്സരിക്കാൻ എഎപിയും കോൺഗ്രസും സമ്മതിക്കുകയും ചെയ്തിരുന്നു.
ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി കുൽദീപ് കുമാർ ടിറ്റ മേയർ സ്ഥാനത്തേക്ക് മത്സരിക്കും എന്നായിരുന്നു അറിയിച്ചരുന്നത്. ഇതിന് കോൺഗ്രസ് പിന്തുണ നൽകുമെന്നും കോൺഗ്രസിന്റെ ഗുർപ്രീത് സിംഗ് ഗാബിയും നിർമ്മലാ ദേവിയും യഥാക്രമം സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾക്കായി മത്സരിക്കുമ്പോൾ ആം ആദ്മി പാർട്ടിയും പിന്തുണയ്ക്കും എന്നതായിരുന്നു ധാരണ. എന്നാൽ സീറ്റ് വിഭജനത്തിനായി കോൺഗ്രസുമായി ആം ആദ്മി പാർട്ടി നടത്തുന്ന ചർച്ചകൾ ഇതുവരെ പുരോഗമിച്ചിട്ടില്ലെന്നാണ് ഭഗവന്ത് മന്നിന്റെ പരാമർശം സൂചിപ്പിക്കുന്നത്