രാമ ക്ഷേത്ര പ്രതിഷ്ഠ നടക്കാനിരിക്കെ ഗായിക കെ.എസ് ചിത്ര സോഷ്യൽ മീഡിയയിൽ പങ്ക് വച്ച ഫേസ് ബുക്ക് പോസ്റ്റാണ് ഇപ്പോൾ സൈബർ കമ്മികളുടെ പ്രധാന ശ്രദ്ധാ കേന്ദ്രം. ഇതുവരെ യാതൊരു വിവാദത്തിലും ഉൾപ്പെടാതെ ജീവിച്ച ചിത്രയ്ക്ക് രാമ ക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് ആശംസ അറിയിച്ചതോടെ സൈബർ കമ്മികളുടെ വക പൊങ്കാലയാണ്.
അയോധ്യയിലെ രാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നുമാണ് ചിത്ര വീഡിയോയില്‍ പറയുന്നത്. വിശ്യാസമുള്ളവർ മാത്രം ഈ ആശംസകൾ സ്വീകരിച്ച് അല്ലാത്തവർക്ക് വഴി മാറി പോകാമായിരുന്നിട്ടും കമന്റുകളിട്ട് കെ. എസ് ചിത്രയുടെതടക്കമുള്ളവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുകയാണ് സൈബർ കമ്മികൾ.
അത്തരം വിമർശനത്തിന്റെ ഒരു ഉദാഹരണമായിരുന്നു ശ്രീചിത്രന്‍ എം ജെയുടേത്. എണ്ണമറ്റ കൂട്ടക്കൊലകളുടെ രക്തത്തിൽ കുതിർത്തി ചുട്ടെടുത്ത കല്ലുകളാണ് പ്രിയപ്പെട്ട വാനമ്പാടീ, താങ്കൾ ദീപം തെളിയിച്ച് സ്വാഗതമരുളുന്ന രാമ ക്ഷേത്രത്തിനുള്ളതെന്ന് ശ്രീചിത്രൻ പറയുന്നു. നമ്മുടെ നാട്ടിലെ സംഗീതലോകം താങ്കളെപ്പോലെ ചരിത്ര ശൂന്യമായ നാദങ്ങളെ ശൂന്യാകാശത്തിലെ വാനമ്പാടിയായി നിലനിർത്തുന്നു.
സുഖദമല്ലാത്ത സത്യങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള സമസ്ത ലോക സുഖീ മന്ത്രം പോലെ അസുഖകരമായ അപ ശ്രുതി മറ്റൊന്നുമില്ല. വാനമ്പാടീ, ശ്രുതിയസൂയപ്പെടുമ്പോൾ ശ്രുതിയിൽ പാടുന്ന നിങ്ങളുടെ തൊണ്ടയിൽ നിന്ന് ഇതുവരെ കേട്ട ഏറ്റവും ഭീകരമായ അപ ശ്രുതിയിൽ അനുശോചനങ്ങൾ എന്നാണ് ശ്രീചിത്രൻ പ്രതികരിച്ചത്.
എത്രയെത്ര കെ.എസ് ചിത്രമാര്‍ തനി സ്വരൂപം കാട്ടാൻ ഇരിക്കുന്നു, കഷ്ടം, പരമ കഷ്ടം എന്നായിരുന്നു രാമ ക്ഷേത്ര പരാമര്‍ശത്തില്‍ ചിത്രക്കെതിരെ ഗയകൻ സൂരജ് സന്തോഷ് പ്രതികരിച്ചത്.
എന്നാൽ പൂവും പൂമ്പാറ്റയും കൊടികളും എല്ലാം കൊണ്ട് മുഖമില്ലാത്ത പ്രൊഫൈലുകൾ ഉപയോഗിച്ച് ഒരു വശത്ത് നിന്ന് ചിത്രയെ സൈബർ ആക്രമണം നടത്തുമ്പോൾ മറുവശത്ത് മുഖമുള്ള പ്രൊഫൈലുകൾ വാനമ്പാടിക്ക് പിൻതുണയറിയയിച്ച് രംഗത്ത് എത്തുന്നുണ്ട്. അത്തരമൊരു പ്രതികരണമായിരുന്നു ഗായകൻ ജി.വേണുഗോപാലിന്റെത്.
‘ഇക്കഴിഞ്ഞ 44 വർഷങ്ങളിൽ ചിത്ര പാട്ട് പാടുക മാത്രമെ ചെയ്തിട്ടുള്ളൂ. വായനയോ എഴുത്തോ രാഷ്‌ട്രീയാഭിമുഖ്യമോ ചിത്രയ്‌ക്കില്ല. ഈ ഒരു വിഷയത്തിലും ചിത്രയെ സംബന്ധിച്ചിടത്തോളം ഭാരതത്തിലെ ഒരു വലിയ അമ്പലവും അതിനോടുള്ള ഭക്തിയും മാത്രം. സംഗീതം, ഭക്തി, സാധന, സ്നേഹം, സമഭാവന ഇതിനപ്പുറമൊന്നും അവരുടെ ചിന്താമണ്ഡലത്തിലില്ല.
ചിത്ര ചെയ്ത ജോലിയുടെ ആഴവും വ്യാപ്തിയും നോക്കിയാൽ ഒരു കാര്യം മനസിലാകുമെന്നും ‘ഇത്രയും ഗാനങ്ങൾ നമുക്ക് പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ നമുക്ക് ഒരു പ്രാവശ്യം ക്ഷമിച്ചൂടെ ?. വൈകുന്നേരം നാല് നാമം ജപിക്കെടാ ഞായറാഴ്ച തോറും പള്ളിയിൽ പോ അഞ്ച് നേരം നിസ്ക്കരിക്കണം എന്നൊക്കെ ഉപദേശിക്കുന്ന അമ്മമാരും മുതിർന്ന ചേച്ചിമാരുമില്ലാത്ത ഒരു വിപ്ലവകാരിയുടെ വീട് പോലുമുണ്ടാകില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണ കുറിപ്പ് .
അതേ സമയം വിഷയത്തിൽ പ്രതികരിച്ച് കെ.സുരേന്ദ്രൻ രംഗത്തെത്തി. സനാതന ധര്‍മ്മത്തില്‍ വിശ്വസിച്ചു എന്നത് കൊണ്ട് മാത്രമാണ് കെ എസ് ചിത്ര ഇന്ന് ഭീകരമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. അല്ലെങ്കില്‍ മലയാളത്തിന്റെ വാനമ്പാടിയെ ഈ ഇടത് ജിഹാദി എക്കോ സിസ്റ്റം ആക്രമിക്കാന്‍ കാരണമെന്താണെന്ന് കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
വിശ്വാസികളായ ആളുകളോട് അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തില്‍ ഒരു വിളക്ക് വയ്ക്കാന്‍ അവര്‍ അഭ്യര്‍ത്ഥിച്ചതിലെ തെറ്റ് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഇങ്ങ് പിണറായി ഭരണത്തില്‍ നമ്മുടെ കേരളത്തില്‍ മാത്രമാണ് വിശ്വാസികള്‍ക്ക് നേരെ നീചമായ സൈബര്‍ ആക്രമണം നടക്കുന്നത്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു എന്ന് വീമ്പിളക്കുന്ന കോണ്‍ഗ്രസ്സ് ഇതുവരെ വാ തുറന്നിട്ടില്ല.
സാമൂഹ്യമാധ്യമങ്ങളില്‍ പിണറായിക്കെതിരെ ആരെങ്കിലും സംസാരിച്ചാല്‍ അവരെ പിടിച്ചകത്തിടുന്ന പൊലീസ് എവിടെയാണിപ്പോള്‍ ? ഈ സൈബര്‍ ആക്രമണം നടത്തുന്ന ആളുകള്‍ക്കെതിരെ കേരള പൊലീസ് ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം. കെ എസ് ചിത്രയ്ക്ക് എല്ലാ വിധ പിന്തുണയും അറിയിക്കുന്നുവെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.