തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ യാത്രക്കും ഉപയോഗിക്കുന്നത് സര്‍ക്കാര്‍ വാഹനം.

കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ ഇന്നോവ ക്രിസ്റ്റയിലാണ് വീണ വിജയന്റെ സഞ്ചാരം. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള സ്ഥാപനമാണ് റോഡ് ഫണ്ട് ബോര്‍ഡ്. ഭര്‍ത്താവ് പി.എ. മുഹമ്മദ് റിയാസിന്റെ കീഴിലുള്ള സ്ഥാപനത്തിന്റെ വാഹനം ഭാര്യ വീണ വിജയന്‍ ഉപയോഗിക്കുന്നു എന്നര്‍ത്ഥം.

കോടിശ്വരിയാണെങ്കിലും വീണ വിജയന് സ്വന്തമായി വാഹനമില്ല. മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് കമ്മീഷന് 2021 ല്‍ സമര്‍പ്പിച്ച സ്വത്ത് സംബന്ധിച്ച വിശദാംശങ്ങളില്‍ തനിക്കും ഭാര്യ വീണ വിജയനും സ്വന്തമായി വാഹനം ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു.

ഔദ്യോഗിക വാഹനങ്ങള്‍ 2 എണ്ണമുള്ള മന്ത്രിയാണ് പി.എ. മുഹമ്മദ് റിയാസ്. തിരുവനന്തപുരത്തും കോഴിക്കോടും മന്ത്രി റിയാസിന് ഔദ്യോഗിക വാഹനങ്ങള്‍ അനുവദിച്ചിട്ടുണ്ട്.

മറ്റ് മന്ത്രിമാര്‍ക്കെല്ലാം ഔദ്യോഗിക വാഹനം ഒരെണ്ണം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. റിയാസിന് പ്രത്യേക പരിഗണന എന്ന് വ്യക്തം.മുഖ്യമന്ത്രിക്ക് ഡല്‍ഹി, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായി 3 ഔദ്യോഗികവാഹനങ്ങള്‍ ഉണ്ട്. കൂടാതെ സുരക്ഷ എന്ന പേരില്‍ 28 ഓളം അകമ്പടി വാഹനങ്ങളും.

പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രൈവറ്റ് സെക്രട്ടറിക്ക് മാത്രമാണ് ചട്ടപ്രകാരം ഔദ്യോഗിക വാഹനം ഉപയോഗിക്കാന്‍ അനുവാദം ഉള്ളത്. ഇന്ധന വില ഉയര്‍ന്നതോടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ശിപായി മുതല്‍ സഞ്ചരിക്കുന്നത് സര്‍ക്കാര്‍ വാഹനത്തിലാണ്.

പേഴ്‌സണല്‍ സ്റ്റാഫുകളുടെ മക്കളുടെ സ്‌കൂളില്‍ പോക്കും സര്‍ക്കാര്‍ വാഹനത്തിലാണ്. സര്‍ക്കാര്‍ വാഹനങ്ങളുടെ ഇന്ധന ചെലവിനായി 110.49 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ വകയിരുത്തായിരിക്കുന്നത്. പേഴ്‌സണല്‍ സ്റ്റാഫുകളുടെ വാഹന ദുരുപയോഗം വര്‍ദ്ധിച്ചതോടെ ഇന്ധന ചെലവിന് അധിക ഫണ്ട് അനുവദിക്കേണ്ടി വരും എന്ന ആശങ്കയിലാണ് ധനമന്ത്രി ബാലഗോപാല്‍ .