ഗായിക കെ എസ് ചിത്രയ്ക്കെതിരെ അതിരൂക്ഷമായ സൈബർ ആക്രമണം നടന്നു കൊണ്ടിരിക്കുകയാണ്. രണ്ടുദിവസങ്ങൾക്കു മുൻപാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തിൽ രാമനാമം ജപിക്കണമെന്നും വീടിന്റെ നാനാഭാഗത്തും 5 തിരിയിട്ട വിളക്ക് തെളിയിക്കണമെന്നും ഗായിക കെ എസ് ചിത്ര വീഡിയോയിലൂടെ ആഹ്വാനം ചെയ്തത്. ഇതിനെതിരെയാണ് സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണം കെ എസ് ചിത്രയ്ക്കെതിരെ നടക്കുന്നത്.
രാമ ക്ഷേത്രത്തിന് ആശംസകൾ നേർന്നുകൊണ്ട് കെഎസ് ചിത്ര നടത്തിയ പ്രസ്താവനക്കെതിരെ അതൊരു രൂക്ഷമായ വിമർശനമാണ് പലരും ഉന്നയിക്കുന്നത്. എണ്ണമറ്റ കൂട്ടക്കൊലകളുടെ രക്തത്തിൽ കുതിർത്തി ചുട്ടെടുത്ത കല്ലുകളാണ് പ്രിയപ്പെട്ട വാനമ്പാടീ, താങ്കൾ ദീപം തെളിയിച്ച് സ്വാഗതമരുളുന്ന രാമക്ഷേത്രത്തിനുള്ളതെന്ന് ശ്രീചിത്രൻ പറയുന്നു. നമ്മുടെ നാട്ടിലെ സംഗീതലോകം താങ്കളെപ്പോലെ ചരിത്രശൂന്യമായ നാദങ്ങളെ ശൂന്യാകാശത്തിലെ വാനമ്പാടിയായി നിലനിർത്തുന്നു. സുഖദമല്ലാത്ത സത്യങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള സമസ്തലോകസുഖീമന്ത്രം പോലെ അസുഖകരമായ അപശ്രുതി മറ്റൊന്നുമില്ല. വാനമ്പാടീ, ശ്രുതിയസൂയപ്പെടും ശ്രുതിയിൽ പാടുന്ന നിങ്ങളുടെ തൊണ്ടയിൽ നിന്ന് ഇതുവരെക്കേട്ട ഏറ്റവും ഭീകരമായ അപശ്രുതിയിൽ അനുശോചനങ്ങൾ എന്നാണ് ശ്രീചിത്രൻ പങ്കുവച്ചത്.
ഏറ്റവും ഒടുവിൽ ചിത്രക്കെതിരെ രൂക്ഷവിമർശനവുമായി ഗായകൻ സൂരജ് സന്തോഷാണ് രംഗത്തെത്തിയത്. പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്‌തുത മറക്കുന്നുവെന്നും എത്രയെത്ര കെഎസ് ചിത്രമാർ തനി സ്വരൂപം കാട്ടാൻ ഇരിക്കുന്നുവെന്നും സൂരജ് പറഞ്ഞു.
തന്റെ ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു ഗായകന്റെ രൂക്ഷവിമർശനം. നേരത്തെയും സമാനമായി വിവാദ വിഷയങ്ങളിൽ പ്രതികരിക്കാൻ തയ്യാറായിട്ടുള്ള ആളാണ് സൂരജ്. “ഹൈലൈറ്റ് എന്താണെന്ന് വച്ചാൽ, സൗകര്യപൂർവം ചരിത്രം മറന്നുകൊണ്ട്, പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്‌തുത സൈഡിലേയ്ക്ക് മാറ്റി വച്ചിട്ട് ലോകാ സമസ്‌ത സുഖിനോ ഭവന്തുവെന്നൊക്കെ പറയുന്ന ആ നിഷ്‌കളങ്കതയാണ്.” സൂരജ് തന്റെ പോസ്‌റ്റിൽ പറയുന്നു.
“വിഗ്രഹങ്ങൾ ഇനിയെത്ര ഉടയാൻ കിടക്കുന്നു ഓരോന്നായ്. എത്ര എത്ര കെഎസ് ചിത്രമാർ തനിസ്വരൂപം കാട്ടാൻ ഇരിക്കുന്നു. കഷ്‌ടം, പരമകഷ്‌ടം” എന്നായിരുന്നു സൂരജ് തന്റെ ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിൽ കുറിച്ചത്. രാമക്ഷേത്ര ഉദ്‌ഘാടനത്തിന് കേവലം ഒരാഴ്‌ച മാത്രം ശേഷിക്കെയാണ് കേരളത്തിൽ ഇത്തരത്തിൽ ഒരു വിവാദം ഉണ്ടായിരിക്കുന്നത്.
എഴുത്തുകാരി ഇന്ദുമേനോനും ഈ വിഷയത്തിൽ ചിത്രയെ വിമർശിച്ച് എത്തിയിരിക്കുകയാണ്.
വളരെ രൂക്ഷമായ ഭാഷയിലാണ് ഇന്ദുമേനോൻ പ്രതികരിച്ചിരിക്കുന്നത്. കുയിലായിരുന്നുവെന്ന് ലോകത്തെ വിശ്വസിപ്പിച്ചവർ കള്ളിപ്പൂങ്കുയിലാണെന്നാണ് ഇന്ദുമേനോന്റെ പോസ്റ്റിൽ പറയുന്നത്. അമ്പലം കെട്ടുന്നതും പള്ളി പൊളിക്കുന്നതും ഒക്കെ പ്രത്യക്ഷത്തിൽ അങ്ങോട്ടുമിങ്ങോട്ടും ഉള്ള വൈരത്തിന്റെ സൂചനകളാണ്. ആദ്യം അവിടെ അമ്പലമായിരുന്നു അപ്പോൾ അവിടെ അമ്പലമായിരിക്കുന്നതാണ് ശരി എന്നെല്ലാം വാദിക്കാം.
അയ്യോ പാവം അവർക്ക് ഒരു അഭിപ്രായസ്വാതന്ത്ര്യം ഇല്ലേ ? അവർ അവരുടെ അഭിപ്രായം പറഞ്ഞു നമ്മൾ എന്തിനാണ് അതിനെ രാഷ്ട്രീയവൽക്കരിച്ച് കാണുന്നത്?
ചിത്രയ്ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് ഇഷ്ടമുള്ള പക്ഷത്ത് നിൽക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ട് മനുഷ്യഹത്യയും വംശീയോൻമൂലനവും നടന്ന ഒരു കാരണത്തെ മഹത്വവൽക്കരിക്കുന്നത് നിഷ്‌കളങ്കമായി ആണെങ്കിലും അനുഭവിക്കപ്പെടുന്നത് ക്രൂരമായാണ്. എത്ര നിഷ്‌കളങ്കനായ മനുഷ്യനാണ് നോക്കൂ ഹൃദയത്തിൽ കത്തി കുത്തി ഇറക്കുമ്പോഴും നിനക്ക് വേദനിച്ചോ വേദനിപ്പിക്കാതെ കുത്താമേ, എന്നെല്ലാം പറയുന്നത്ര നിഷ്‌കളങ്കതയുള്ള ഒരുവൾ പാട്ടുകാരി ചിത്ര, ക്ലാസിക് കലകൾക്കൊപ്പം നിൽക്കുന്നവർ രാമന്റെയും വിഷ്ണുവിന്റെയും സീതയുടെയും മുരുകന്റെയും എല്ലാം കീർത്തനങ്ങൾ പാടുകയും പദങ്ങൾ പഠിക്കുകയും ചെയ്യുമായിരിക്കും അതിനർത്ഥം സഹജീവികളായ മനുഷ്യരെ കൊല്ലുന്നതിനൊപ്പം നിൽക്കുക എന്നതല്ല. നിങ്ങൾ നിഷ്‌കളങ്കമായി കുത്തിയിറക്കുന്ന ഈ കഠാര കൊണ്ട് മനുഷ്യർ കൊല്ലപ്പെടുക തന്നെ ചെയ്യുമെന്നും എഴുത്തുക്കാരി പറയുന്നു
നേരത്തെ ചിത്രയുടെ വീഡിയോ ഒരു തമിഴ് മാധ്യമമാണ് പങ്കുവെച്ചത്. അയോധ്യയിൽ പ്രതിഷ്‌ഠാ ദിനം ജനുവരി 22ന് നടക്കുമ്പോൾ ഉച്ചയക്ക് 12.20ന് ശ്രീ രാമ, ജയ രാമ, ജയ ജയ രാമ എന്ന രാമ മന്ത്രം എല്ലാവരും ജപിച്ചു കൊണ്ടിരിക്കണം. അത് പോലെ വൈകുന്നേരം അഞ്ച് തിരിയിട്ട വിളക്ക് വീടിന്റെ നാനാഭാഗത്തും തെളിയിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും പരിപൂർണമായി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, എന്നായിരുന്നു ചിത്ര പറയുന്നത്. അതേസമയം, കഴിഞ്ഞ ദിവസം അയോധ്യയിൽ നിന്നുള്ള അക്ഷതം കെഎസ് ചിത്ര സ്വീകരിച്ചിരുന്നു. രാഷ്ട്രീയ സ്വയം സേവക് സംഘം എറണാകുളം വിഭാഗ് സഹകാര്യവാഹ് രാജേഷാണ് വീട്ടിലേക്ക് എത്തി ചിത്രയ്ക്ക് അക്ഷതം നൽകിയത്. കൂടാതെ ലഘു ലേഖയും ക്ഷണ പത്രവും ഇവർ ചിത്രയ്ക്ക് കൈമാറിയിരുന്നു.
നേരത്തെ നടൻ മോഹൻലാൽ, മന്ത്രി കെബി ഗണേഷ് കുമാർ, ദിലീപ്, കാവ്യാമാധവൻ, ഉണ്ണി മുകുന്ദൻ, ശ്രീനിവാസൻ തുടങ്ങി ചലച്ചിത്ര മേഖലയിലെ പ്രമുഖർ അയോധ്യയിൽ നിന്നുള്ള അക്ഷതം ഏറ്റുവാങ്ങിയിരുന്നു.