സൂപ്പർകോപ്പ ചാമ്പ്യന്മാരായി റയൽ മാഡ്രിഡ്. എൽ ക്ലാസിക്കോയിൽ ബാഴ്സലോണയെ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് തകർത്താണ് റയൽ മാഡ്രിഡ് ചാമ്പ്യന്മാരായത്. വിനീഷ്യസ് ജൂനിയർ ഹാട്രിക് ​ഗോളുകളോടെ കളം നിറഞ്ഞ മത്സരത്തിൽ ബാഴ്സയ്ക്ക് ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. 13-ാം തവണ റയൽ സൂപ്പർ കോപ്പ സ്വന്തമാക്കി. 14 തവണ സൂപ്പർകോപ്പ നേടിയ ബാഴ്സലോണയുടെ റെക്കോർഡിന് അടുത്തെത്താനും റയലിന് സാധിച്ചു.

മത്സരം 10 മിനിറ്റിലെത്തുമ്പോഴേയ്ക്കും റയൽ മാഡ്രിഡ് രണ്ട് ​ഗോളിന് മുന്നിലെത്തി. ഏഴാം മിനിറ്റിലും 10-ാം മിനിറ്റിലും വിനീഷ്യസ് ജൂനിയറാണ് ​ഗോൾവല ചലിപ്പിച്ചത്. മത്സരത്തിൽ ബാഴ്സലോണയുടെ ഏക ​ഗോൾ 33-ാം മിനിറ്റിൽ വന്നു. റോബർട്ട് ലെവൻഡോസ്കിയാണ് ബാഴ്സയ്ക്കായി ​ഗോൾ നേടിയത്. എന്നാൽ 38-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റയൽ വീണ്ടും മുന്നിലെത്തി. മൂന്നാം ​ഗോളിലൂടെ വിനീഷ്യസ് ജൂനിയർ തന്റെ ഹാട്രിക് പൂർത്തിയാക്കി.

രണ്ടാം പകുതിയിൽ 64-ാം മിനിറ്റിൽ റോഡ്രി​ഗോ കൂടി ​ഗോൾ കണ്ടെത്തിയതോടെ സ്കോർനിലയിൽ റയൽ 4-1ന് മുന്നിലെത്തി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ ബാഴ്സയ്ക്ക് കഴിഞ്ഞില്ല. നിശ്ചിത സമയത്തിന് ശേഷം അഡീഷണൽ സമയം മത്സരത്തിന് അനുവദിച്ചില്ല. റയൽ മാഡ്രിഡ് സൂപ്പർകോപ്പയുടെ ചാമ്പ്യന്മാരെന്ന് അതിനോടകം വ്യക്തമായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹോം സ്റ്റേഡിയത്തിൽ കപ്പുയർത്താൻ യോഗ്യതയുള്ള ടീം റയൽ മാഡ്രിഡ് തന്നെയാണ്.