പഞ്ചാബ് : ആൾമാറാട്ടം നടത്തി പരീക്ഷ എഴുതാൻ ശ്രമിച്ച യുവാവ് പിടിയിൽ . പരംജീത് കൗർ എന്ന യുവതിക്ക് പകരം അംഗ്രെജ് സിംഗ് എന്ന യുവാവാണ് പരീക്ഷയ്ക്ക് എത്തിയത്. വനിതാ മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിലേക്കുള്ള പ്രവേശന പരീക്ഷ നടന്ന കേന്ദ്രങ്ങളിലൊന്നായ കോട്കപുരയിലെ ഡിഎവി പബ്ലിക് സ്‌കൂളിൽ ജനുവരി 7 നാണ് സംഭവം.

മീശയും താടിയും വടിച്ച് ക്ലീൻ ഷേവിൽ എത്തിയ യുവാവ് മേക്കപ്പ് ഇട്ട് തലയിൽ തൊപ്പിയും ചുരിദാരും ദരിച്ച് എത്തിയതിനാൽ ഇയാളെ കാണാൻ സ്തീയായി തന്നെ തോന്നിയിരുന്നു. പിന്നീട് അപേക്ഷാ ഫോമിലെ പരംജീത് കൗറിന്റെ ചിത്രം പ്രസ്തുത സ്ഥാനാർത്ഥിയുടെ മുഖവുമായി പൊരുത്തപ്പെടാത്തതിനാൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു.

ഇതോടെയാണ് യുവാവിനെ പരിശോധിച്ചത് . പരിശോധനയിൽ അംഗ്രേസ് സിംഗ് എന്നയാളാണ് ആൾമാറാട്ടം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. പരംജീത് കൗറിന്റെ പേരിൽ നിർമ്മിച്ച വ്യാജ ആധാർ കാർഡും വോട്ടർ കാർഡും ഐ കാർഡും പോലും പോലീസ് കണ്ടെടുത്തു.

ഫാസിൽകയിലെ സഹാറൻ നഗറിലെ താമസക്കാരനാണ് 26 കാരനായ അംഗ്രെജ് സിംഗ്, അതേ ജില്ലയിലെ ധനി മുൻഷി റാം ഗ്രാമത്തിൽ നിന്നുള്ള പരംജീത് കൗർ (34) ആണ്. കൗർ നേരത്തെ പരീക്ഷയിൽ പരാജയപ്പെട്ടിരുന്നു. അവൾ ബന്ധുവാണെന്ന് സിംഗ് പറഞ്ഞെങ്കിലും അന്വേഷണത്തിൽ അവർ ബന്ധുക്കളല്ലെന്ന് പോലീസ് പറഞ്ഞു.