കോഴിക്കോട് : കൈവെട്ടു പരാമർശത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സത്താർ പന്തല്ലൂരിനെതിരെ കേസ് .സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പണ്ഡിതന്മാരെയും അതിന്‍റെ ഉസ്താദുമാരെയോ വെറുപ്പിക്കാനും പ്രായസപ്പെടുത്താനും പ്രഹരമേൽപ്പിക്കാനും ആരു വന്നാലും ആ കൈ വെട്ടാൻ എസ്.എസ്.കെ.എസ്.എഫിന്‍റെ പ്രവർത്തകന്മാർ മുന്നോട്ടുണ്ടാവുമെന്നാണ് സത്താർ പന്തല്ലൂരിന്‍റെ വിവാദ പരാമർശം.

ഐപിസി 153 വകുപ്പ് പ്രകാരം മലപ്പുറം പോലീസാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അഷ്‌റഫ് കളത്തിങ്ങൽ എന്ന വ്യക്തിയുടെ പരാതിയിന്മേലാണ് സത്താറിനെതിരെ കേസെടുത്തിരിക്കുന്നത്. സത്താർ പന്തല്ലൂർ നടത്തിയ വിവാദ പരാമർശത്തിൽ ഹിന്ദു ഐക്യവേദിയും പരാതി നൽകിയിട്ടുണ്ട്.

സത്യം, സ്വത്വം, സമര്‍പ്പണം’ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് 35-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാത്രി മലപ്പുറം ടൗൺഹാളിനു മുന്നിൽ നടത്തിയ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു സത്താർ വിവാദ പരാമർശം ഉന്നയിച്ചത്.

ഇതിനെ അപമര്യദയായി ആരും കണേണ്ടതില്ല. സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് വേണ്ടി ജീവിക്കുന്ന, ആ പ്രസ്ഥാനത്തിന് വേണ്ടി മരിക്കാൻ സന്നദ്ധരായിട്ടുള്ള ഒരു പ്രസ്ഥാനത്തിന്‍റെ മുന്നറിയിപ്പാണെന്ന് എല്ലാവരും തിരിച്ചറിയണം. സമസ്തയോടെല്ലാതെ ഒരു പ്രസ്ഥാനത്തോടും ഈ സംഘടന വീട്ടുവീഴ്ച്ചക്കില്ലെന്നും സത്താർ പന്തല്ലൂർ പറഞ്ഞു.