ഡൽഹി : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് തുടക്കം.മല്ലികാർജുൻ ഖാർഗെ, എഐസിസി അംഗങ്ങൾ എംപിമാർ ഉൾപ്പെടെയുള്ളവർ ആദ്യദിനം പരിപാടിയുടെ ഭാഗമാവും. രാവിലെ പതിനൊന്നോടെ ഇംഫാലിൽ എത്തുന്ന രാഹുൽ കൊങ്ജോമിലെ യുദ്ധസ്മാരകത്തിൽ ആദരവ് അർപ്പിച്ച ശേഷമാകും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
66 ദിവസം നീളുന്ന യാത്ര പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും. മണിപ്പൂരിൽ നിന്നാണ് യാത്ര ആരംഭിക്കുക. ഇന്ത്യയുടെ കിഴക്കു മുതൽ പടിഞ്ഞാറ് വരെയാണ് രാഹുൽ യാത്ര നടത്തുന്നത്.
മാർച്ച് 20ന് മുംബൈയിലാണ് യാത്ര സമാപിക്കുന്നത്. നീതി ഉറപ്പാക്കുക എന്ന മുദ്രാവാക്യവുമായി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഭരത് ജോഡോ യാത്രയേക്കാൾ സ്വീകാര്യത നേടുമോ എന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.
അതേസമയം, ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽ പരിപാടിക്ക് സർക്കാർ അനുമതി നിഷേധിച്ച സാഹചര്യത്തിൽ ഥൗബലിൽ ആയിരിക്കും യാത്രയുടെ ഉദ്ഘാടന പരിപാടി നടക്കുക എന്ന കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. ഇന്ത്യ സഖ്യത്തിലെ എല്ലാ പാർട്ടികളോടും യാത്രയിൽ പങ്കെടുക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് കെ.സി. വേണുഗോപാല്‍ എംപി മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും യാത്രയിലേക്ക് നേതാക്കളെ ക്ഷണിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി യാത്രയ്ക്കിടെ പ്രഖ്യാപിച്ചാലും യാത്ര മുന്നോട്ട് കൊണ്ടുപോകുമെന്നുമെന്നാണ് കെ.സി. വേണുഗോപാൽ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞത്.