- പി.ജെ. റഫീഖ്
കൊച്ചി: കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് രൂപം നല്‍കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവം. ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം ചിതറിപ്പോയ എ ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കാന്‍ ബെന്നി ബെഹനാന്‍ എം.പി മുന്നിട്ട് ഇറങ്ങുന്ന കാഴ്ച്ചയാണ് സമീപ ദിവസങ്ങളില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കാണുന്നത്.
2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തകര്‍ന്ന് തരിപ്പണമായതോടെ ഗ്രൂപ്പ് രാഷ്ട്രീയത്തോട് ഉമ്മന്‍ചാണ്ടി അകലം പാലിച്ചിരുന്നു. ഒരുമിച്ച് നിന്നാലെ ജയിക്കാനാകൂവെന്ന തിരിച്ചറിവ് കോണ്‍ഗ്രസില്‍ ശക്തി പ്രാപിച്ചതോടെ ഗ്രൂപ്പ് രാഷ്ട്രീയക്കാര്‍ പത്തിമടക്കി.
ഗ്രൂപ്പിന്റെ അതിപ്രസരം കുറഞ്ഞതോടെ തൃക്കാക്കരയിലും പുതുപ്പള്ളിയിലും കോണ്‍ഗ്രസ് റെക്കോഡ് വിജയം നേടി. തുടര്‍ച്ചയായി നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് യു.ഡി.എഫ് മേധാവിത്വം നേടിയത് എല്‍.ഡി.എഫ് കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചിരുന്നു.
ജനങ്ങള്‍ കോണ്‍ഗ്രസിലേക്ക് തിരിച്ച് വന്നുവെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. തുടര്‍വിജയം നേടി ചരിത്രം രചിച്ചതിന്റെ ആത്മവിശ്വാസത്തില്‍ മുന്നോട്ടുപോകുന്ന പിണറായിയും സംഘവും ജനങ്ങളില്‍ നിന്ന് അകന്നുതുടങ്ങിയെന്നും. കാലിനടിയിലെ മണ്ണ് ഒഴുകി പോകുന്നതറിയാതെ സ്തുതിപാഠക സംഘത്തിന്റെ തടവറയിലായി പിണറായി.
സുധാകരനും സതീശനും കേരളം മുഴുവന്‍ സഞ്ചരിച്ച് യു.ഡി.എഫ് കോണ്‍ഗ്രസ് അണികളില്‍ ആത്മവിശ്വാസം തിരിച്ചുകൊണ്ടുവന്നതോടെ സി.പി.എം കോട്ടകളില്‍ പോലും തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയകൊടി പാറിച്ചു.
പുതിയ നേതൃത്വത്തിനോട് തുടക്കം മുതല്‍ അകന്ന് നിന്ന വി.എം. സുധീരന്റെ ചില മുറുമുറുപ്പുകള്‍ ഇതിനിടയിലും ഉയര്‍ന്നു. പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ടതിന്റെ ഖിന്നതയില്‍ ചെന്നിത്തല ഉമ്മന്‍ ചാണ്ടിയുമായി ചേര്‍ന്ന് ഗ്രൂപ്പ് രാഷ്ട്രീയത്തിന് ഒരു ശ്രമം നടത്തിയെങ്കിലും ഉമ്മന്‍ ചാണ്ടി അതിനോട് ആഭിമുഖ്യം പുലര്‍ത്തിയില്ല. അതോടെ ആ അധ്യായവും അടഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം ചാണ്ടി ഉമ്മനെ കൂടെ നിര്‍ത്തി ഗ്രൂപ്പ് പുനരുജ്ജീവനത്തിന് ബെന്നി ബെഹനാന്‍ ശ്രമിച്ചെങ്കിലും ചാണ്ടി ഉമ്മന്‍ അതില്‍ കൊത്തിയില്ല. ബെന്നിയെക്കാള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടായിരുന്നു ചാണ്ടി ഉമ്മന്റെ അടുപ്പം. ഗ്രൂപ്പ് രാഷ്ട്രീയം ഇല്ലാതെ നിലനില്‍പ്പില്ലെന്ന വിശ്വാസമാണ് ബെന്നി ബെഹനാന്റേത്.
ഇങ്ങനെ കാര്യങ്ങള്‍ മുന്നോട്ടുപോകുമ്പോഴാണ് ഒരിടവേളയ്ക്ക് ശേഷം വി.എം. സുധീരന്‍ വീണ്ടും കെ.പി.സി.സി യോഗത്തിനെത്തുന്നത്. നിലവിലെ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിക്കാനായിരുന്നു ആ തിരിച്ചുവരവ്. സുധാകരനെ രൂക്ഷമായി വിമര്‍ശിച്ചെങ്കിലും സുധീരന്റെ വാക്കുകളെ ഭൂരിപക്ഷം പ്രവര്‍ത്തകരും തള്ളിക്കളയുകയായിരുന്നു. കെ.പി.സി.സി അധ്യക്ഷന്‍ യോഗത്തില്‍ കണക്കിന് മറുപടി കൊടുക്കുകയും ചെയ്തു.
ഇതോടെ എ.കെ. ആന്റണിയുമായി ചര്‍ച്ച നടത്തിയാണ് തന്റെ നിലവിലെ പ്രവൃത്തികളെന്നായി സുധീരന്റെ നിലപാട്. പരസ്യമായി ഒന്നും മിണ്ടിയില്ലെങ്കിലും സുധീരനെ തിരികൊളുത്തി വിട്ടത് ആന്റണിയെന്ന് അതോടെ വ്യക്തമാകുകയായിരുന്നു.
മകന്‍ അനില്‍ ആന്റണിയുടെ ബി.ജെ.പിയിലേക്കുള്ള പ്രവേശനവും ഭാര്യ എലിസബത്തിന്റെ കൃപാസനം പ്രസംഗത്തോടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അത്ര സ്വീകാര്യനല്ല എ.കെ. ആന്റണി. ആന്റണിയുടെ പേരിലാണ് എ ഗ്രൂപ്പ് അറിയപ്പെടുന്നത്.
ഇതോടെയാണ്, ഗ്രൂപ്പ് പുനരുജ്ജീവിക്കാന്‍ അവസരം നോക്കിയിരുന്ന ബെന്നി ബെഹനാന്‍ സുധീരനുമായി ആശയവിനിമയം നടത്തി സ്വന്തം ക്യാമ്പിലെത്തിച്ചത്. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് മുന്നിലെ മുള്‍വേലിയായി നിന്ന സുധീരനെ തന്നെ അദ്ദേഹത്തിന്റെ മരണശേഷം ആ ഗ്രൂപ്പിന്റെ മുഖമാക്കാനുള്ള രാഷ്ട്രീയ നീക്കം കണ്ട് ഗ്രൂപ്പുകളിയുടെ ഉസ്താദുമാര്‍ പോലും അമ്പരിന്നു.
എന്നാലും, കെ.സി. ജോസഫും വി.എം. സുധീരനും ബെന്നി ബെഹനാനും കൂടി എത്ര തുഴഞ്ഞാലും ഉമ്മന്‍ ചാണ്ടിയെ പോലെ ആകില്ലല്ലോ? അതോടെ, രമേശ് ചെന്നിത്തലയെ കൂടെ കൂട്ടാനായി അടുത്ത ശ്രമം.
ചെന്നിത്തല കോണ്‍ഗ്രസിലെ ഏറ്റവും സ്വാധീനമുള്ള നേതാവാണെന്നും സുധാകരനും സതീശനും മാത്രമല്ല നേതൃത്വമെന്നും ചെന്നിത്തലയും നേതൃത്വമാണെന്നും ബെന്നി ബെഹനാന്‍ ഒരു ചാനലിനോട് തുറന്ന് പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്.
ദേശീയ രാഷ്ട്രീയത്തില്‍ വിവിധ ചുമതലകളില്‍ പ്രവര്‍ത്തിക്കുന്ന ചെന്നിത്തല ബെന്നിയുടെ ചൂണ്ടയില്‍ കുരുങ്ങുമോ എന്ന് കണ്ടറിയണം. പാര്‍ട്ടിക്കുള്ളിലെ പരീക്ഷണങ്ങള്‍ പലതും നേരിട്ട രമേശ് ചെന്നിത്തലയ്ക്ക് ഇനിയൊരു അബദ്ധം ഗ്രൂപ്പിന്റെ പേരില്‍ പറ്റില്ലെന്നാണ് അണികളുടെ ശുഭാപ്തി വിശ്വാസം. ജനദ്രോഹ നയങ്ങളുമായി ഭരിക്കുന്ന പിണറായി ഭരണം അവസാനിപ്പിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയത്ത് ഗ്രൂപ്പ് രാഷ്ട്രീയം സജീവമാക്കാന്‍ ഒരുങ്ങുന്ന ബെന്നിയുടെ നീക്കത്തിന് എത്ര കണ്ട് പിന്തുണ കിട്ടുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.