CinemaKeralaPolitics

സുരേഷ് ഗോപിക്ക് വിവാഹം മുടക്കിയല്ല ശീലം വിവാഹം നടത്തിയാണ് ശീലമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം : പ്രധാന മന്ത്രി എത്തുന്നതിനാൽ ​ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കാനിരുന്ന കല്യാണങ്ങൾ മാറ്റി എന്ന വാർത്തകളിൽ പ്രതികരിച്ച് ബി.ജെ.പി നേതൃത്വം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഫേസ് ബുക്കിലൂടെയാണ് പ്രതികരണം നടത്തിയത്. സുരേഷ് ഗോപിക്ക് വിവാഹം മുടക്കിയല്ല ശീലം വിവാഹം നടത്തിയാണ് ശീലമെന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം :- ദൈവത്തിലും ക്ഷേത്രത്തിലുമൊന്നും വിശ്വാസമില്ലാതിരുന്ന സൈബർ കമ്മികൾ രണ്ട് ദിവസായി ക്ഷേത്രാചാരങ്ങളിലും ജാതകത്തിലും മുഹൂർത്തത്തിലും വരെ ഉത്കണ്ഠയുള്ളവരായി മാറിക്കഴിഞ്ഞു. നരേന്ദ്രമോദി ഗുരുവായൂരിൽ സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതാണ് സൈബർ കമ്മികളുടെ പുതിയ വിശ്വാസത്തിന് ഹേതു. മോദി വരുന്നതിനാൽ 12 വിവാഹം മുടങ്ങുമെന്നാണ് പുതിയ ഇടത് നരേറ്റീവ്.

ജാതകവും മുഹൂർത്തവും ആചരിക്കാനാവാതെ വിവാഹം മുടങ്ങേണ്ടി വരുന്ന വിശ്വാസികളെയോർത്ത് ലെഫ്റ്റ് പ്രൊഫൈലുകൾ പൊഴിക്കുന്ന കണ്ണീർ കൊണ്ട് സോഷ്യൽ മീഡിയ മുഴുവൻ പ്രളയസമാനമായ അവസ്ഥയായിരിക്കുകയാണ്. എന്നാൽ ഗുരുവായൂരപ്പന് മുമ്പിൽ വിവാഹം കഴിക്കാൻ മുഹൂർത്തമൊന്നും നോക്കാറില്ലെന്ന് അന്തങ്ങൾക്ക് അറിയാതെ പോയി.

പ്രധാനമന്ത്രി വരുന്നത് കൊണ്ട് സമയത്തിൽ മാത്രമേ മാറ്റമുള്ളൂവെന്നും ബുക്ക് ചെയ്ത എല്ലാ വിവാഹങ്ങളും നടക്കുമെന്നും ദേവസ്വംബോർഡും പൊലീസും വ്യക്തമാക്കുകയും ചെയ്തു. സുരേഷ്ഗോപിക്ക് വിവാഹം മുടക്കിയല്ല വിവാഹം നടത്തിയാണ് ശീലമെന്ന് മലയാളികൾക്ക് മറ്റാരേക്കാളും നന്നായറിയാം. എന്നിട്ടും എന്തിനാണ് കമ്മികളെ ഈ സത്യാനന്തര കാലത്ത് ഇത്തരം നട്ടാൽ മുളയ്ക്കാത്ത നുണകൾ പാടി നടന്ന് തേയുന്നത്?

ഏതായാലും ആചാരങ്ങളെയും ജാതകത്തെയും മുഹൂർത്തത്തെയും പറ്റിയൊക്കെ രണ്ട് ദിവസം കൊണ്ട് പഠിച്ചതല്ലേ ഇനിയെങ്കിലും വിപ്ലവവായാടിത്തരം നിർത്തി നാരായണ നാമം ജപിക്കാൻ നോക്ക്. അങ്ങനെങ്കിലും മനസിനൊരു ശാന്തി വരട്ടെ.

അതേസമയം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത് കാരണം ഒരു വിവാഹം പോലും മാറ്റിവയ്ക്കില്ലെന്ന് ​ഗുരുവായൂർ‍ ​ദേവസ്വവും അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *