CrimeKerala

അധ്യാപകന്റെ കൈവെട്ടിയ സവാദിനെ കുടുക്കിയത് ഇളയ കുഞ്ഞിന്റെ സര്‍ട്ടിഫിക്കറ്റിലെ പേര്

കണ്ണൂർ: പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ മുഖ്യപ്രതിയായ സവാദിനെ പിടികൂടുന്നതില്‍ നിര്‍ണായകമായത് ഇളയകുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിലെ വിവരം. കണ്ണൂരിലെ മട്ടന്നൂര്‍ ബേരത്ത് ഷാജഹാന്‍ എന്ന പേരില്‍ മരപ്പണി ചെയ്താണ് സവാദ് ഒളിവിൽ കഴിഞ്ഞിരുന്നത്.

എല്ലായിടത്തും ഷാജഹാന്‍ എന്ന പേരാണ് നല്‍കിയിരുന്നത്. എന്നാല്‍ മട്ടന്നൂര്‍ നഗരസഭയില്‍ നിന്ന് നല്‍കിയ കുഞ്ഞിന്റെ ജനന രേഖയില്‍ സവാദ് എന്ന പേരാണ് നല്‍കിയിരുന്നതെന്നും ഇതാണ് പ്രതിയെ കുടുക്കാന്‍ എന്‍ഐഎയ്ക്ക് സഹായകമായതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഒളിവില്‍ കഴിയാന്‍ സവാദിന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വീട് വാടകയ്ക്ക് എടുത്ത് നല്‍കാനും മരപ്പണി ഏര്‍പ്പാടാക്കി കൊടുക്കാനും മറ്റുള്ളവരുടെ സഹായം സവാദിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. എട്ടുവര്‍ഷം മുന്‍പാണ് സവാദ് വിവാഹം കഴിച്ചത്. വിവാഹം കഴിച്ച ശേഷമാണ് പ്രതി കണ്ണൂരില്‍ വന്നത്. മൂന്നിടങ്ങളിലായാണ് ഒളിവില്‍ കഴിഞ്ഞത്. വളപ്പട്ടണം, വിളക്കോട്, ബേരത്ത് എന്നിവിടങ്ങളിലാണ് ഒളിവില്‍ കഴിഞ്ഞതെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

വാടക വീട് എടുത്തപ്പോള്‍ നല്‍കിയത് ഭാര്യയുടെ തിരിച്ചറിയല്‍ രേഖയും വിലാസവുമാണ്. എല്ലായിടത്തും ഇയാള്‍ ഷാജഹാന്‍ എന്ന പേരാണ് നല്‍കിയത്. ഷാജഹാനെ എന്‍ഐഎ സംഘം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഷാജഹാന്‍ എന്ന പേരാണ് അന്വേഷണ സംഘത്തിന് മുന്നില്‍ വെല്ലുവിളിയായി നിന്നത്. മട്ടന്നൂരില്‍ എത്തിയ ശേഷമാണ് സവാദിന് ഇളയ കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ജനനരേഖയിലെ സവാദ് എന്ന പേരാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായതെന്നുമാണ് സൂചന.

ഒളിവില്‍ കഴിയുമ്പോള്‍ ആശാരിപ്പണിയാണ് എടുത്തിരുന്നതെങ്കിലും ചില വീടുകളില്‍ മാത്രമാണ് ഇയാള്‍ ജോലി ചെയ്തിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജോലി തീര്‍ന്ന്, വൈകിട്ടോ രാത്രിയിലോ ആണ് വീട്ടിലേക്ക് മടങ്ങിയിരുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതിനിടയില്‍ ഇയാള്‍ ഏതെങ്കിലും സംഘടനയുടെ ക്യാംപുകളിലോ യോഗങ്ങളിലോ പങ്കെടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

സവാദ് ഒളിയിടമായി തെരഞ്ഞെടുത്ത കുന്നിന്‍ ചെരിവ് അധികമാരും ശ്രദ്ധിക്കാത്ത സ്ഥലമാണ്. മട്ടന്നൂര്‍ നഗരസഭയിലാണെങ്കില്‍ പോലും നാട്ടിൻപുറത്തിന്റെ സ്വഭാവമാണ്. ഇവിടേക്കുള്ള ഹസന്‍മുക്ക് റോഡാണെങ്കില്‍, വളഞ്ഞുപുളഞ്ഞ് പോകുന്നതാണ്. വാടക വീട് നില്‍ക്കുന്നത് കുന്നിന്‍ ചരിവിലാണ്. ഇത്തരം സുരക്ഷിതമായ ഒളിത്താവളം കണ്ടെത്താനും വാടകയ്ക്ക് എടുക്കാനും സവാദിന് ഒറ്റയ്ക്ക് കഴിയില്ലെന്നാണ് എൻഐഎയുടെ നിഗമനം.

13 വര്‍ഷവും ഇതേ രീതിയില്‍ പല സ്ഥലങ്ങളിലായി മാറിമാറി താമസിച്ചിട്ടുണ്ടാകാം. ആശാരിപ്പണിയില്‍ ഇയാള്‍ക്ക് പരിശീലനം നല്‍കിയവര്‍, ഒളിയിടം ഒരുക്കാനും താമസം മാറ്റാനും സഹായിച്ചവര്‍ എന്നിവരിലേക്കും ഇനി എന്‍ഐഎ അന്വേഷണം നീങ്ങും.

ഇതിനിടെ എന്‍ഐഎ ഇന്ത്യയിലും വിദേശത്തും വ്യാപകമായി തിരച്ചില്‍ നടത്തുമ്പോള്‍, ഇരിട്ടിയിലും മട്ടന്നൂരിലുമായി വര്‍ഷങ്ങളോളം സവാദ് ഒളിച്ചു താമസിച്ചത് വന്‍ ഇന്റലിജന്‍സ് വീഴ്ചയാണെന്ന് വിലയിരുത്തല്‍. 13 വര്‍ഷവും ഇയാള്‍ കണ്ണൂരിലാണ് ഒളിവില്‍ കഴിഞ്ഞതെന്ന് വ്യക്തമല്ലെങ്കിലും എട്ടുവർഷത്തോളമായി ഇരിട്ടിയിലും മട്ടന്നൂരിലുമുണ്ടായിരുന്നുവെന്ന് വ്യക്തമായ തെളിവുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x