തിരുവനന്തപുരം : രാജ്യസ്നേഹത്തെ പറ്റി ഞങ്ങൾക്ക് ക്ലാസ്സ് എടുക്കാൻ നിക്കണ്ട . ലക്ഷദ്വീപ് വിഷയത്തിൽ ബി.ജെപി സംസ്ഥാനയെ അധ്യക്ഷൻ കെ.സുരേന്ദ്രന് മറുപടിയുമായി സംവിധായിക ഐഷ സുൽത്താന.

ലക്ഷദ്വീപ് സന്ദർഷനത്തിന് പിന്നാലെ പ്രധാന മന്ത്രി പങ്ക് വച്ച ചിത്രങ്ങളും തലവാചകങ്ങളും എന്തിനെന്നില്ലാതെ ചിലരെ അലോസരപ്പെടുത്തിയിരുന്നു. അതിന് പിന്നാലെ ഉയർന്ന ആക്ഷേപങ്ങളും വിമർഷനങ്ങളും എല്ലാം കെട്ടടങ്ങും മുമ്പേ അടുത്ത വിവാ​ദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

ഇത്തവണ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റാണ് പ്രശ്നം. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചതിന് പിന്നാലെ മാലിദ്വീപ് മന്ത്രിമാർ അദ്ദേഹത്തെ അധിക്ഷേപിച്ച്​ പോസ്റ്റിട്ടതിന്റെ പശ്ചാത്തലത്തിൽ , ലക്ഷദ്വീപുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷ​ൻ കെ. സുരേന്ദ്രൻ പങ്ക് വച്ചു.പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്.

‘ലക്ഷദ്വീപിലെ ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്താൻ അവിടുത്തെ അഡ്മിനിസ്റ്റ്രേറ്റർ ശ്രീ പ്രഫുൽ പട്ടേൽ ചില പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോൾ ഉറഞ്ഞുതുള്ളിയ താരങ്ങളും സാംസ്കാരിക നായകന്മാരും മാലിദ്വീപ് സർക്കാർ ലക്ഷദ്വീപിനും ഇന്ത്യയ്ക്കുമെതിരെ അധിക്ഷേപങ്ങളുമായി ഇറങ്ങിത്തിരിച്ചപ്പോൾ ഒരക്ഷരം മിണ്ടുന്നില്ല. ഇവർക്കെല്ലാം ചൈനയുടെ മാസപ്പടി കിട്ടുന്നില്ലെന്നാർക്കറിയാം’ -എന്നായിരുന്നു കെ. സുരേന്ദ്ര പോസ്റ്റ്.

ഈ പോസ്റ്റിന് മറുപടിയുമായി സംവിധായിക ഐഷ സുൽത്താന രം​ഗത്തെത്തി . ‘രാജ്യസ്നേഹത്തെ പറ്റി ഞങ്ങൾക്ക് ക്ലാസ്സ് എടുക്കാൻ നിക്കണ്ട. അന്നും ഇന്നും ഇനി എന്നും ഞങ്ങളെല്ലാവരും ഇന്ത്യയ്ക്ക് ഒപ്പവും ഇന്ത്യൻ ഐലൻഡ് ആയ ലക്ഷദ്വീപിന് ഒപ്പവുമാണ്’ -ഐഷ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഐഷ സുൽത്താനയുടെ പോസ്റ്റിന്റെ പൂർണരൂപം:
മിസ്റ്റർ സുരേന്ദ്രൻ ജി, ഇങ്ങൾക്ക് കല എന്തെന്നറിയോ? മനുഷ്യരും മൃഗങ്ങളും തമ്മിലൊരു വ്യത്യാസമുണ്ട് അതെന്താന്നറിയോ? കലയും, സംസ്‍കാരവും, കാലാവിഷ്ക്കാരവും, ചിന്തയും ഒത്തിണങ്ങിയവരാണ് മനുഷ്യർ… അതില്ലാത്തവരെ മൃഗങ്ങളുടെ ഗണത്തിലാണ് കൂട്ടുക ☺️

ലക്ഷദ്വീപിലേക്ക് കരി നിയമങ്ങൾ കൊണ്ട് വരാൻ ശ്രമിച്ചവർക്ക് എതിരെ ലക്ഷദ്വീപ് ബിജെപി അടക്കമുള്ള എല്ലാവരും ഒത്തൊരുമിച്ചു നിന്ന് കൊണ്ടാണ് അന്ന് 2021ൽ പ്രതികരിച്ചത്, അന്ന് ഞങ്ങൾ എല്ലാവരും # സേവ് ലക്ഷദ്വീപ് ഹാഷ് ടാഗ് ഇടുമ്പോൾ നിങ്ങളുടെ ടീംസ് ഇവിടേ #ഷേവ് ലക്ഷദ്വീപ് എന്ന ഹാഷ് ടാഗ് ഇട്ടിരുന്നവരാണ്… മാത്രമല്ല നിങ്ങൾക്കും കൂട്ടർക്കും അന്ന് ഞങ്ങളൊക്കെ പാകിസ്ഥാൻക്കാരും തീവ്രവാദികളും, മയക്ക് മരുന്ന് മാഫിയകളുമായിരുന്നു… അല്ലെ?

സുരേന്ദ്രൻ ജിയോടൊരു ചോദ്യം: അന്ന് നിങ്ങൾക്ക് അറിയാമായിരുന്നില്ലേ ഞങ്ങളും ഇന്ത്യക്കാർ ആണെന്ന് ? മാലിദ്വീപ് ഇന്ത്യയെ, ഇന്ത്യൻ ജനതയെ പറഞ്ഞാൽ അതിൽ ഞാനടക്കമുള്ളവർ ഉൾപെടും, പ്രതികരിക്കും… കാരണം ഞാനും ഒരു ഇന്ത്യൻ പൗരനാണ്, എന്റെ രാജ്യത്തെ പറ്റി മറ്റാരും പറയുന്നത് കേട്ട് നിക്കേണ്ട കാര്യം എനിക്കുമില്ല,..

എന്നാൽ നിങ്ങളുടെ പഴയ ഷേവ് ലക്ഷദ്വീപിൽ നിന്നും ഇന്ത്യൻ ഐലൻഡ് ലക്ഷദ്വീപ് എന്നതിലേക്ക് സഞ്ചരിക്കാൻ നിങ്ങൾക്ക് മൂന്ന് വർഷം വേണ്ടി വന്നു, എന്നാൽ ഞങ്ങൾ അന്നും ഇന്നും എന്നും ഉറച്ചു നിക്കുവാണ് ഇത് ഇന്ത്യൻ ഐലൻഡ് ലക്ഷദ്വീപ് ആണെന്നതിൽ…ചുരുക്കി പറഞ്ഞാൽ 1947 ലാണ് ഇന്ത്യയിക്ക് സ്വാതന്ത്ര്യം കിട്ടിയത്, അല്ലാതെ 2014 ന് ശേഷമല്ല എന്ന തിരിച്ചവ് ഉള്ളവരാണ് ☺️അത്കൊണ്ട് ജി രാജ്യസ്നേഹത്തെ പറ്റി ഞങ്ങൾക്ക് ക്ലാസ്സ് എടുക്കാൻ നിക്കണ്ട…അന്നും ഇന്നും ഇനി എന്നും ഞങ്ങളെല്ലാവരും ഇന്ത്യയ്ക്ക് ഒപ്പവും ഇന്ത്യൻ ഐലൻഡ് ആയ ലക്ഷദ്വീപിന് ഒപ്പവുമാണ് ☺️