തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് ചെയ്തു. കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിലെടുത്ത കേസിലാണു നടപടി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ഇന്നു പുലര്‍ച്ചെ പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.

നന്ദാവനം എ.ആർ ക്യാംപിനു മുന്നിൽ നേതാക്കളും പ്രവർത്തകരും തടിച്ചുകൂടിയിരുന്നു. ഇതോടെയാണ് നേരിട്ട് കന്റോൺമെന്റ് സ്റ്റേഷനിലെത്തിച്ചത്. ഉടൻ അറസ്റ്റ് രേഖപ്പെടുത്തി ജനറൽ ആശുപത്രിലേക്കു കൊണ്ടുപോയി. ഇവിടെ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതിയിലെത്തിച്ച് റിമാൻഡിൽ വിടുമെന്നാണു സൂചന.

ഡിസംബര്‍ 20നു നടന്ന യൂത്ത് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ചിലാണു നടപടി. മാർച്ച് അക്രമാസക്തമായതിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. രാഹുൽ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍ എം.എല്‍.എ ഉള്‍പ്പെടെ അഞ്ഞൂറോളം പ്രവര്‍ത്തകരും കേസില്‍ പ്രതികളാണ്.

അതേസമയം രാഹുലിന്റെ കസ്റ്റഡിയിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമാക്കുകയാണ് യൂത്ത് കോൺഗ്രസ്. 11 മണിക്ക് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ബെന്നി ബെഹനാൻ ഉൾപ്പെടെയുള്ള നേതാക്കളെല്ലാം അറസ്റ്റിനെതിരെ പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ചവറ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിലാണ് ഉപരോധം.