അടൂർ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തു. സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് പത്തനംതിട്ടയിലെത്തി പുലർച്ചെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമകേസിലാണ് അറസ്റ്റ്. കന്റോണ്‍മെന്റ് പൊലീസ് അടൂരിലെ വീട്ടില്‍ നിന്നുമാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് കേസിലെ ഒന്നാം പ്രതി. ഇതുവരെയും 31 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. പൊതുമുതല്‍ നശിപ്പിച്ചു, കലപാഹ്വാനം നടത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ 26 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടിരുന്നു. തിരുവനന്തപുരം സിജെഎം, ജില്ലാ സെഷന്‍സ് കോടതികളാണ് ജാമ്യം അനുവദിച്ചത്. കേസില്‍ 31 പ്രവര്‍ത്തകര്‍ റിമാന്‍ഡിലായിരുന്നു. വി ഡി സതീശന് പുറമേ ഷാഫി പറമ്പില്‍ എംഎല്‍എ, എം വിന്‍സന്റ് എംഎല്‍എ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
സംസ്ഥാനത്ത് തുടര്‍ച്ചയായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പൊലീസ് ജലപീരങ്കി പ്രയോഗത്തിലും ലാത്തി ചാര്‍ജിലുമായി സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്കും ഉള്‍പ്പെടെ പരിക്കേറ്റിരുന്നു.