
ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശികയും ഡി.എ കുടിശികയും കാശായി 2021- 22 ൽ നൽകുമെന്ന് പ്രകടന പത്രിക ; പ്രോഗ്രസ് റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ അവകാശവാദം ഇങ്ങനെ
മുഖ്യമന്ത്രി ഇന്നലെ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ ഉള്ളത് വ്യാജ അവകാശവാദങ്ങളും നടക്കാത്ത കാര്യങ്ങളും. 9 വർഷത്തെ പിണറായി ഭരണത്തിൽ ഏറ്റവും തിരിച്ചടിയേറ്റ വിഭാഗമാണ് ജീവനക്കാരും പെൻഷൻകാരും.
പ്രകടന പത്രികയിൽ സീരിയൽ നമ്പർ 887 ൽ പറയുന്നതിങ്ങനെ- “ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശികയും കോവിഡ് കാലത്ത് മാറ്റി വച്ച ശമ്പളവും ഡി.എ കുടിശികയും കാശായി 2021- 22 ൽ നൽകും. മെഡിസെപ്പ് 2021- 22 ൽ നടപ്പാക്കും “.
നടന്നത് – ശമ്പള പരിഷ്കരണ കുടിശിക ഇതുവരെ ലഭിച്ചില്ല. 2021-22 ൽ കാശായി നൽകുമെന്ന് പ്രകടന പത്രികയിൽ പറഞ്ഞ കുടിശികയുടെ ആദ്യ രണ്ട് ഗഡുക്കൾ പി.എഫിൽ ലയിപ്പിക്കുമെന്ന് ധനമന്ത്രി ബാലഗോപാൽ പ്രഖ്യാപിച്ചത് 2025- 26 ലെ ബജറ്റിൽ . പി. എഫിൽ ലയിപ്പിക്കുന്ന ശമ്പള പരിഷ്കരണ കുടിശികയുടെ ആദ്യ രണ്ട് ഗഡുക്കളും പിൻവലിക്കാൻ സാധിക്കുന്നത് അടുത്ത സർക്കാരിൻ്റെ കാലത്തും. ശമ്പള പരിഷ്കരണത്തിൻ്റെ ഭാഗമായി പി.എഫിൽ ലയിപ്പിച്ച ഡി.എ കുടിശിക ആകട്ടെ ലോക്ക് ഇൻ പിരിഡിലും ആക്കി ബാലഗോപാൽ. ആദ്യ രണ്ടു ഗഡുവിൻ്റെ ലോക്ക് മാറ്റിയത് അടുത്തിടെ . പെൻഷൻ പരിഷ്കരണ കുടിശികയുടെ ഭാഗമായ ക്ഷാമ ആശ്വാസ പരിഷ്കരണ കുടിശികയുടെ 2 ഗഡുക്കൾ ഇതുവരെ കൊടുത്തില്ല. എന്ന് കൊടുക്കുമെന്ന് പോലും പറയുന്നില്ല. എല്ലാം അടുത്ത സർക്കാരിൻ്റെ തലയിൽ വച്ച് കൈ കഴുകുന്നു.
2021- 22 ൽ നടപ്പാക്കുമെന്ന വാഗ്ദാനം ചെയ്ത മെഡിസെപ്പ് നടപ്പിലാക്കിയത് 2022 ജൂലൈ 1 ന്. അതും പ്രധാന ആശുപത്രികളെ ഒഴിവാക്കി. കണ്ണാശുപത്രികളായിരുന്നു മെഡിസെപ്പിൽ ഭൂരിഭാഗവും. നിരവധി പരാതികളും ആക്ഷേപങ്ങളും നേരിട്ട മെഡിസെപ്പിൽ ഗുണം ഉണ്ടായത് ഇൻഷുറൻസ് കമ്പനിയായ ഓറിയൻ്റിലിനും. 200 കോടിയുടെ ലാഭം മെഡിസെപ് ഇൻഷുറൻസ് കമ്പനിക്ക് ലഭിച്ചു.
മുഖ്യമന്ത്രിയുടെ പ്രോഗ്രസ് റിപ്പോർട്ടിൽ ഇതിനെ കുറിച്ച് പറയുന്നതിങ്ങനെ – “കുടിശികകൾ ഘട്ടം ഘട്ടമായി നൽകി വരുന്നു. പെൻഷൻ പരിഷ്കരണ കുടിശിക വിതരണം ചെയ്തിട്ടുണ്ട്. മെഡിസെപ്പ് നിലവിൽ വന്നിട്ടുണ്ട്”.
പ്രകടന പത്രികയും പ്രോഗ്രസ് റിപ്പോർട്ടും നടന്ന കാര്യങ്ങളും തമ്മിൽ യാതൊരു വിധ ബന്ധമില്ലെന്ന് വ്യക്തം. വായിൽ തോന്നുന്നത് കോതക്ക് പാട്ട് എന്ന പോലെ എന്തോ പറയുന്നു, എന്തോ ചെയ്യുന്നു, എന്തോ അവകാശപ്പെടുന്നു. ഇങ്ങനെയൊക്കെയാണ് പിണറായി കാലത്തെ നവകേരളം.